അഷ്ടാവക്രഗീത [10 – ഉപശമം]

Posted: May 10, 2015 in അഷ്ടാവക്രഗീത, Malayalam

നേരത്തെയുള്ള അദ്ധ്യായങ്ങളില്‍ ഒന്നും തന്നെ ത്യജിക്കാന്‍ ഇല്ല എന്ന് പറഞ്ഞ അഷ്ടാവക്രമഹര്‍ഷി തന്നെ ഈ അദ്ധ്യായത്തില്‍ ത്യജിക്കാന്‍ തന്നെയാണ്,സൂചിപ്പിക്കുന്നത്…പക്ഷെ അത് എല്ലാം വിട്ടു പോകുന്ന സന്യാസം എന്ന നിലയില്‍ അല്ല, എല്ലാ വ്യാപൃതനായ് തന്നെ ചെയ്യേണ്ട ആന്തരികമായ ത്യാഗം എന്ന നിലയില്‍ ആണ്. ചൈനീസ് സിദ്ധാന്തങ്ങളില്‍ പറയുന്ന wu-wei യും സെന്‍ മാസ്റ്ററുടെ പരമോന്നതമായ അവസ്ഥയും ആയാണ്  ഞാന്‍ മനസ്സിലാക്കുന്നത്

അഷ്ടാവക്ര ഉവാച

വിഹായ വൈരിണം കാമ-
മര്‍ത്ഥം  ചാനര്‍ത്ഥസംകുലം
ധര്‍മ്മമപ്യേതയോര്‍ ഹേതും
സര്‍വത്രാനാദരം കുരു (1)

അഷ്ടാവക്രന്‍ പറഞ്ഞു

വിട്ടീടൂ കാമമനര്‍ത്ഥം
നല്കീടുമര്‍ത്ഥവുമൊപ്പം
രണ്ടിന്നും ഹേതുവായീടും
ധര്‍മ്മത്തെയും വിട്ടുകൊള്‍ക (1)

സ്വപ്നേന്ദ്രജാലവത് പശ്യ
ദിനാനി ത്രീണി പഞ്ച വാ
മിത്രക്ഷേത്രധനാഗാര-
ദാരാദയാദി സമ്പദഃ (2)

മിത്രം ഭൂമി ധനം ദാരാ-
യെന്നീ സമ്പാദ്യമൊക്കെയും
ചില നാളില്‍ മറഞ്ഞീടും
കാണ്‌ക സ്വപ്നമായ് മായയായ് (2)

യത്ര യത്ര ഭവേത്തൃഷ്ണാ
സം സാരം വിദ്ധി തത്ര വൈ
പ്രൌഢവൈരാഗ്യാമാശ്രിത്യ
വിതതൃഷ്ണഃ സുഖീ ഭവ (3)

തൃഷ്ണ കാണുന്നിടം തന്നെ
സം സാരം നീ ധരിച്ചിടൂ
വൈര്യാഗ്യമൊന്നിനാല്‍ തൃഷ്ണ
വിട്ടു നീ നേടു സൌഖ്യവും (3)

തൃഷ്ണാമാത്രാത്മകോ ബന്ധ-
സ്തന്നാശോ മോക്ഷ ഉച്യതേ
ഭവാസംസക്തിമാത്രേണ
പ്രാപ്തി തുഷ്ടിര്‍മുഹുര്‍മുഹുഃ (4)

തൃഷ്ണ ബന്ധമതിന്‍ നാശം
മോക്ഷവെന്നത്രെ ചൊല്വതും
ആസക്തിയറ്റുവെന്നാലോ
നിത്യാനന്ദം ലഭിച്ചിടും (4)

ത്വമേകശ്ചേതനഃ ശുദ്ധോ
ജഡം വിശ്വമസത്തഥാ
അവിദ്യാപി ന കിഞ്ചിത്സാ
കാ ബുഭുത്സാ തഥാപി തേ (5)

ശുദ്ധചേതനയാകും നീ
ജഡം ലോകമസത്തു താന്‍
ഉണ്മയല്ലതവിദ്യാ താ-
നെന്നാല്‍ ജിജ്ഞാസയെന്തിനായ് (5)

രാജ്യം സുതാഃ കളത്രാണി
ശരീരാണി സുഖാനി ച
സം സക്തസ്യാപി നഷ്ടാനി
തവ ജന്മനി ജന്മനി (6)

രാജ്യം സുതര്‍ കളത്രങ്ങള്‍
ശരീരം സുഖമെന്നിവ
ആസക്തിയോടെ വാണിട്ടും
എത്ര ജന്മത്തില്‍ നഷ്ടമായ് (6)

അലമര്‍ത്ഥേന കാമേന
സുകൃതേനാപി കര്‍മ്മണാ
ഏഭ്യഃ സംസാരകാന്താരേ
ന വിശ്രാമഭൂന്മനഃ (7)

അര്‍ത്ഥകാമങ്ങളും കര്‍മ്മം
വേണ്ടാ സുകൃതമാകിലും
സംസാരകാനനം തന്നില്‍
മനശ്ശാന്തി തരില്ലിവ (7)

കൃതം ന കതി ജന്മാനി
കായേന മനസാ ഗിരാ
ദുഃഖമായാസദം കര്‍മ്മ
തദദ്യാപ്യുപരമ്യതാം (8)

ദേഹത്താല്‍ മനസാ വാക്കാല്‍
ചെയ്തു ജന്മാന്തരേ കര്‍മ്മം
ദുഃഖമേകുന്നതെല്ലാമി-
ന്നിപ്പോള്‍ നീയതു വിട്ടിടൂ (8)

പലജന്മത്തിലും ചെയ്തു
കര്‍മ്മങ്ങള്‍ പല മട്ടിലും
ദുഃഖമേകുമറിഞ്ഞിട്ടി-
ന്നിപ്പോള്‍ നീയതു വിട്ടിടൂ (8)

Leave a comment