സ്രഗ്ദ്ധര

Posted: May 15, 2015 in വൃത്തം, സ്രഗ്ദ്ധര, Malayalam

ലക്ഷണം ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

—/–0/-(യതി)00/000/0-(യതി)-/0–/0–

കാരുണ്യത്തിന്‍ കരങ്ങള്‍ വെറുമൊരുശിലയാമെന്നിലായ് വന്നിടുമ്പോ-
ലാരും കാണാതെ കണ്ണീര്‍ വരുമതുമൊഴുകീട്ടെന്റെ കണ്ണും മറയ്ക്കാം
പാരം നോവേറ്റു ചിത്തം തളരുമളവിലായ് നീ പ്രകാശം ചൊരിഞ്ഞെന്‍
ചാരത്തെത്തുന്നുവെന്നാലതിലുമുപരിയായെന്തു ഞാന്‍ തേടിടേണ്ടൂ

തയ്യാറാകുന്നതില്ലാ ഹൃദി പലതരമാം നോവു വന്നീടുമെന്നാല്‍
“വയ്യാ”, “വേണ്ടൊന്നു”മെന്നും പറയു,മതുവെറും ഭോഷ്കു താനെന്നു കാണാം
വയ്യെന്നോതീട്ടകന്നാ ലുലകിതിലെവനും നോവകന്നീടുകില്ലാ
ചെയ്യാനാവില്ലയൊന്നും വരുമതു വിധിപോല്‍ തന്നെയീവാഴ്വിലാര്‍ ക്കും

നന്നായ് കൊഞ്ചിക്കുഴഞ്ഞീ-
ടുവതിനിവളഴകോടെന്നുമാമാനസത്തില്‍
വന്നീടുന്നെന്നുവന്നാ-
ലടിയനു, പറയാ,മില്ല സന്ദേഹമേതും
എന്നാലും ഞാനുമേറ്റം
കൊതിയൊടെമരുവുന്നെന്നറിഞ്ഞിട്ടുമെന്തേ
എന്‍ നാവില്‍ വന്നിടാനായ്
മടി,യിതു കവിതേ നന്നു താനോ കഥിയ്ക്ക

മന്ത്രം ചൊല്ലീല പണ്ടേ

തവ കഥ വിധി പോല്‍ കേട്ടറിഞ്ഞില്ല കൃഷ്ണാ

മന്ത്രിച്ചീടുന്നുവെന്നാല്‍

മമ ഹൃദയമഹോ നിന്റെ നാമം, വിചിത്രം!

യന്ത്രം പോലായിടാം ഞാ-

നറിയുകയെളുതോ നിന്റെ മാഹാത്മ്യമെന്നാ-

ലിന്നേവം കേട്ടിരിക്കാ

നവസരമിതുപോല്‍ തന്നതെന്‍ ഭാഗ്യമല്ലേ

പ്രചോദനം: ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ) , Facebook

 

Leave a comment