Archive for May 24, 2015

സന്തോഷം തോന്നിടുന്നൂ
മമ ഹൃദി ഭഗവന്‍ നിന്റെ മാഹാത്മ്യമേവം
ചിന്തിച്ചീടുന്ന നേരം
പകരുമിതുസുഖം ജീവനീവാഴ്‌വിലെന്നും
സന്താപം മാറ്റുവാനായി-
ത്തുടരുക കഥ,യിമ്മട്ടു നിത്യം ശ്രവിക്കാന്‍
വന്ദിച്ചീടുന്നു നിന്നെ-
പ്പുനരിതുപറയും ശ്രേഷ്ഠനാം ഭക്തനേയും

അന്തം കാണാത്തതാമീ
കരുണയറിയുവാനാവതില്ലെങ്കിലും മേ
യെന്തെന്നില്ലാത്ത മോഹം
വരുവതുനിജമാണെന്നുമേ കേട്ടിരിക്കാന്‍
എന്തായാലും വരാം ഞാ-
നിതുവഴിയൊഴുകും ഭക്തിയാം ഗംഗയില്‍ വ-
ന്നെന്‍ പാപങ്ങള്‍ കളഞ്ഞാ
കരുണനുകരുവാനായി വിഷ്ണോ തൊഴുന്നേന്‍

പ്രചോദനം: ഫേസ്ബുക്ക് നാരായണീയം ഗ്രൂപ്പിലെ ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ)

കുറേ നാളായി ഉണ്ടായിരുന്ന മോഹമായിരുന്നു ദ്വാദശാക്ഷര മന്ത്രം കൊണ്ട് ശ്ലോകമെഴുതാന്‍ …ഫേസ് ബുക്കില്‍ നാരായണീയം ഗ്രൂപ്പില്‍ കണ്ട ഭാഗവതമാഹാത്മ്യം ആണ് ഇന്ന് ഈ വരികള്‍ എഴുതാന്‍ നിമിത്തവും പ്രചോദനവും ആയത്

ഓരോ നാളിലുമേവമുള്ള കഥകള്‍ കേട്ടീടുവാനീവീധം
നേരായുള്ള വഴിക്കു ജീവിതരഥം നിത്യം ചലിച്ചീടുവാന്‍
പാരായ് കാണ്മതിലുള്ള മോഹമഖിലം മാറ്റീടുവാനും സദാ
ചാരേ വന്നു തുണച്ചിടുന്ന പൊരുളാം നിന്‍ കാല്‍ക്കലെന്‍ വന്ദനം

നന്നായെന്നുമിതേ കണക്കു കഥകള്‍ ചൊല്ലീടുവാനായി നീ
വന്നീടേണമെനിക്കു വാഴ്‌വിലനിശം, കൃഷ്ണാ! കനിഞ്ഞീടണേ
എന്നും പാറി നടന്നിടുന്ന മനമാം വണ്ടിന്നു നാരായണാ!
തന്നീടേണമൊരാശ്രയം ചരണമാം പങ്കേരുഹം തന്നിലായ്

മോഹം ഹൃത്തിലുണര്‍ത്തിടുന്നു വെറുതേ മാനായ് വരും ലോക,മീ
ദേഹം പിന്നെയലഞ്ഞിടുന്നുവതു കൈവന്നീടുകില്ലെങ്കിലും
ദേഹാപായമടുത്തിടുന്നസമയത്താരേകിടും രക്ഷ,യീ
ദേഹത്തിന്നുമകത്തെഴുന്ന പൊരുളായ് നില്ക്കുന്ന നീയെന്നിയേ

ഭള്ളായുള്ളൊരുദര്‍പ്പമൊക്കെയകലാന്‍ സത്യം തെളിഞ്ഞീടുവാ-
നുള്ളാരാശ്രയമെന്നുമേയവനിയില്‍ നീയെന്നിയേ, കേശവാ !
ഉള്ളിന്നുള്ളിലിരുന്നു ലോകമഖിലം കാട്ടുന്നതായ്, കാണ്മതാ-
യുള്ളെന്താണതു സര്‍വ്വവും മുരരിപോ! നീയെന്നു കാട്ടീടണം

ഗര്‍വ്വം കാളിയനാഗമായി മനമാം കാളിന്ദിയില്‍ കാണ്മു ഞാന്‍
സര്‍വ്വസ്വം വിഷലിപ്തമായുമിവിടെക്കാണുന്നതില്ലേ ഹരേ
സര്‍വ്വാഭീഷ്ടമറിഞ്ഞുകാത്തരുളുമാക്കാരുണ്യമേ വന്നിടൂ
ഗര്‍വ്വത്തിന്‍ ഫണമേറിയിട്ടു നടനം ചെയ്തീടുവാന്‍ മാനസേ

വന്ദീച്ചീടുവതിന്നുമാര്‍ഗ്ഗമറിയാതെന്തൊക്കെയോ കാട്ടി ഞാ-
നെന്തായാലുമതൊക്കെയും കരുതണേ നിന്‍ പൂജയായിട്ടു നീ
ചിന്തിക്കാനെളുതല്ലെനിക്കു ഭഗവന്‍ നിന്‍ ലീലയെന്നാകിലും
ചിന്തിക്കുന്നതിലൊക്കെയും തെളിയണേ കാരുണ്യമായ് നിത്യവും

തേനായ് പൂവിലണഞ്ഞിടുന്നു കനിവാമട്ടെന്റെ ചിത്താംബുജേ
താനേ വന്നു നിറഞ്ഞിടേണമനിശം വിശ്വേശരാ ഭക്തിയും
ആനന്ദം ഹൃദി തന്നിടുന്ന കൃപയായ് കാണേണമെന്നുള്ളിയായ്
ഞാനെന്നുള്ളൊരഹന്ത മാറ്റിയധുനാ! നീ വിശ്വനാഥാ! തൊഴാം

വാടും മാനസപുഷ്പമെങ്കിലുടനേ കാറ്റായി വന്നീടു നീ
യാടും തൊട്ടരികത്തണഞ്ഞസമയത്താ കാല്‍ക്കലായ് വീണിടാന്‍
വാടില്ലാമലരെന്നുമേയരികിലായ് കാണും ഭവാനെങ്കിലോ
തേടും നിന്റെ പദാംബുജങ്ങള, തിനേ നിന്നോടു ചേര്‍ക്കൂ ഹരേ

സുപ്താവസ്ഥയിലെന്മനസ്സുമകലും നേരത്തുമാരെന്നിലായ്
നിത്യം കാണുവതെന്നു തേടുമളവില്‍ കാണാവതാകുന്നുവാ
സത്യം തന്നെയറിഞ്ഞിടുന്നു കൃപയായ് ലോകം തെളിച്ചീടുവാ-
നെത്തും വെട്ടവുമെന്നു തന്നെ ഗുരുവായ് നീ നിന്നിടും മാത്രയില്‍

ദേവാ! നിന്‍ തിരുരൂപമെന്നുമകമേ കാണായ് വരാനായ് തഥാ
നാവാലാതിരുനാമമെന്നുമുരുവിട്ടീടാനുമായ് മാധവാ
ജീവന്നേകുക ഭക്തി നിന്റെ ചരണദ്വന്ദങ്ങളാം പൂവിലായ്,
നീ വന്നീടുക, വിശ്വമൊക്കെ ഭഗവന്‍ നീയെന്നു കാട്ടീടണേ

വാനില്‍ ക്കാണുവതായ താരകളുമാമേഘങ്ങളും ചന്ദ്രനും
താനേ വിണ്ണിലുദിച്ചു ഭൂവിനു സദാ വെട്ടം തരും സൂര്യനും
ഞാനെന്നും മരുവീടുമീധരയുമീകാണാവതായൊക്കെയും
ഞാനാം ജീവനുമന്യരും മുരഹരാ! നീയെന്നു കാട്ടി തരൂ

യാതൊന്നെന്നിലിലുണര്‍ന്നിടുന്നു മദമായ് മോഹങ്ങളായും സദാ
യാതൊന്നായ് തകരുന്നു പിന്നെ വെറുതേ താനേയുദിച്ചീടുവാന്‍
യാതൊന്നെന്മിഴികാട്ടിടുന്ന,തഖിലം കാണുന്നതായുള്ളതും
യാതൊന്നാണതുമെന്നുമേ തെളിയണേ നീ തന്നെയായെന്‍ പ്രഭോ