Archive for May 29, 2015

നേരോതെന്നാമ്പലേ നീ
മിഴികളിലധുനാ കാണ്മതെന്തേ മയക്കം ?
ചാരേവന്നെത്തിയാരേ
തഴുകിയ,തിരുളിന്‍ കമ്പളം മാറ്റി, നിന്നേ ?
താരാനാഥന്റെ കൈ നി-
ന്നരികിലൊരുനിലാവെട്ടമായ് വന്നണഞ്ഞോ ?
പാരെങ്ങും ചുറ്റിയെത്തും
പവനകരതലേ തെല്ലു ചാഞ്ചാടി നിന്നോ ?

കാലം കാറ്റായി വീശും
സമയമിവിടെയിക്കാണ്മതെല്ലാം മറഞ്ഞെ-
ന്നാലും മാറാതെ കാണും
ചിലതു, മനവുമാക്കാഴ്ചയില്‍ വിണ്ടുകീറും
കാലത്തില്‍ മാഞ്ഞുപോയാ-
വരകളിലിതു പോല്‍ കണ്ടിടും നേരമെന്തി-
ന്നാലേ കണ്ണീരുതിര്‍ന്നെ-
ന്മിഴികളി, ലതു നിന്‍ കാല്‍ക്കലശ്രുപ്രണാമം

നേരാണെന്‍ ചിത്തമെന്നും
തവ കഥയിതു പോല്‍ കേട്ടിരിക്കാന്‍ കൊതിച്ചി-
ട്ടോരൊന്നും ചൊല്ലിടുന്നൂ
കരുതുകയിതു നിന്‍ പൂജയായിട്ടു കൃഷ്ണാ
പാരാകും കാനനത്തി-
ന്നിരുളിലലയുമെന്‍ ജീവനാം പൈയ്യു വേഗം
ചാരത്തെത്തീടുവാന്‍
പകരുക ഭഗവന്‍ വേണുഗാനാമൃതം നീ

ആരാലാവുന്നു കണ്ണാ
തവ കഥയിതുപോലെന്നുമോതീടുവാനായ്
കാരുണ്യം തന്നെയെന്നായ്
കരുതുവതുചിതം തന്നെയെന്നത്രെ കാണ്മൂ
നാരം നല്കീടുവാനാ-
യനുദിനമിവിടെചൊല്ലിടും ലീലയെല്ലാം
പാരിന്‍ നോവൊക്കെ നീക്കീ-
ട്ടരുളണെ നിതരാമായുരാരോഗ്യസൌഖ്യം

പ്രചോദനം: ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ)

കാരുണ്യം തന്നെയല്ലേ
മിഴിയിലടിയനിക്കാണ്മതാം ലോകമായും
പാരം നോവേറ്റിടുമ്പോള്‍
കനിവൊടുതഴുകും സ്നേഹമായും തെളിഞ്ഞൂ
നാരം നല്കീടുവാനാ-
യണയുമൊരുകൃപാരൂപമായെത്തിടും നീ
യാരാണെന്‍ ദേശികന്‍ താന്‍
കനിയുക ഭഗവന്‍ ഞാനിതാ കുമ്പിടുന്നേന്‍

പ്രചോദനം: ഭാഗവത മാഹാത്മ്യം (ഉണ്ണികൃഷണൻ വാരിയർ)