Archive for May 30, 2015

മുല്ലയ്ക്കലമ്മേ* കരുണാബലം സദാ
നല്ലോണമേകീടണമെന്റെ വാഴ്‌വിലായ്
വല്ലാത്ത നോവേറ്റു വലഞ്ഞിടാതെ ഞാ-
നുല്ലാസമോടക്കരെയെത്തുവാന്‍ ശിവേ

അല്ലാകിലാര്‍ക്കാണെളുതിങ്ങു വാണിടാ-
നെല്ലാരിലും കാണ്മതു നിന്റെ ശക്തി താന്‍
വല്ലാത്ത ദര്‍പ്പത്തിലുലഞ്ഞ മാനസം
തെല്ലൊന്ന തോര്‍ത്തില്ലതു നീ പൊറുക്കണേ

കല്ലായി ഞാന്‍ കണ്ടതുമെന്റെയുള്ളിലാ-
യെല്ലാമറിഞ്ഞീടുവതായിരിപ്പതും
വെല്ലാനൊരാള്‍ക്കും കഴിയാത്ത കാലമായ്
ചൊല്ലുന്നതും നീയിതുമോര്‍ത്തതില്ലഹോ

എല്ലാമൊടുക്കാനണയുന്ന മാത്ര ഞാന്‍
ചൊല്ലീല നിന്‍ നാമവുമെങ്കിലും ശിവേ
തെല്ലൊന്നിതോര്‍ത്തിടണമാര്‍ക്കുമായിടാ
ചൊല്ലീടുവാനുള്ളു നടുങ്ങി നില്ക്കവേ

ഇല്ലായെനിക്കാശ്രയമാരുമെങ്ങുമേ
ചൊല്ലേണമോ നിന്‍ കൃപയെന്നിയേ ശിവേ
കല്ലിന്നകത്തും തെളിയുന്ന ശക്തി നീ
തെല്ലാകിലും കാണുകയില്ലെയെന്നിലും

ചൊല്ലാമിതൊന്നെന്‍ ഹൃദി നിന്റെ രൂപമൊ-
ന്നല്ലാതെയൊന്നും തെളിയൊല്ല നിത്യവും
അല്ലാകിലോ കാണുവതൊക്കെയമ്മയെ-
ന്നല്ലാതെ തോന്നാതെയിരിക്കണം സദാ

* മുല്ലയ്ക്കല്‍ ഭഗവതി ഞങ്ങളുടെ പരദേവതയാണ്.

“എല്ലാരുമേ വെറുതെ”യൊന്നൊരുമട്ടു ഞാന-
ന്നെല്ലാം മറന്നു ചില നാളു നടന്നുവെന്നാല്‍
“നി,ല്ലൊന്നു നീ വരികയീവഴി”യെന്നൊരിക്കല്‍
ചൊല്ലാനണഞ്ഞ പിതൃസോദരനെന്‍ പ്രണാമം

ഞാന്‍ കുറെ നാള്‍ പലരിലും നിന്ന് അകലെയായ് എന്റെ ദന്തഗോപുരത്തിന്റെ സുഖമാണ് സ്വര്‍ഗ്ഗം എന്ന കണക്കില്‍ നടന്നിരുന്നു. അന്ന് ബന്ധുക്കളെ കാണാന്‍ പോക്ക് പേരിനു മാത്രമായിരുന്നു. അതില്‍ കൂടുതല്‍ പ്രസക്തി മനസ്സിലായിരുന്നില്ല എന്നതാണ് സത്യം.

അച്ഛനെയും അമ്മയെയും കാണാന്‍ പോകാറുണ്ടായിരുന്നു; പക്ഷെ ബന്ധുക്കളെ കാണാന്‍ പോക്ക് പേരിനു മാത്രമായിരുന്നു..

ആയിടയ്ക്ക് എന്റെ അച്ഛന്റെ ജ്യേഷ്ഠന്‍ സ്നേഹത്തോടെ പറഞ്ഞു (മനസ്സില്‍ സ്നേഹവും വാക്കില്‍ പരിഭവവും വിഷമവും പ്രകടമായിരുന്നു). “താനിങ്ങിനെ സിനിമ പോലെ ഒന്ന് വന്ന് പോവാനാണെങ്കില്‍ വരണ്ട… വരികയാണെന്നുണ്ടെങ്കില്‍ ഒരു ദിവസം എല്ലാവരും ഉള്ളപ്പോള്‍ നില്ക്കാന്‍ പാകത്തിനു വരിക. എല്ലാവരെയും കാണാം അല്ലെങ്കില്‍ വരണ്ടാ” ന്ന്.

അതിനു ശേഷം, കഴിയുന്നതും, ഇന്ന് വരെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അവിടെ എത്താന്‍ ശ്രമിക്കുന്നു, ആ സ്നേഹം മനസ്സില്‍ സ്മരിച്ചും അച്ഛനു കൊടുത്ത വാക്ക് കാത്തുസൂക്ഷിക്കാനും (അവരു രണ്ടു പേരും ഇന്നില്ല) … അങ്ങിനെയാണ്, എന്താണ് നഷ്ടപ്പെട്ടത് എന്ന് ഞാന്‍ മനസ്സിലാക്കിയതും

.കൂട്ടുകുടുംബത്തിലാണ് വളര്‍ന്നതെങ്കിലും കാലക്രമേണ ഏകദേശം ഒരു അണുകുടുംബം പോലെ ആയി, പല കാരണങ്ങള്‍ കൊണ്ടും … പക്ഷെ ഒരു തിരിച്ചറിവ് ആവശ്യമായിരുന്നു; അത് തന്ന കാരുണ്യത്തിനും സ്നേഹത്തിനും ആണ്, പ്രണാമം (ഇങ്ങിനെ വല്ല്യച്ഛന്‍ എന്നോട് പറഞ്ഞത് പോലെ പറയാനും ഒരാള്‍ വേണം കുടും ബത്തില്‍ അത് തകരാതിരിക്കണമെങ്കില്‍ …ഇല്ലെങ്കില്‍ എന്റെ തെറ്റും നഷ്ടവും ഞാന്‍ ഒരു കാലത്തും അറിയുമായിരുന്നില്ല)

മോഹം വന്നണയുന്നതുണ്ടു മുകിലായാമേഘവും കണ്ടതാ
ദേഹം നിത്യവുമാടിടുന്നു മയിലായ, ക്കാണ്മതോ ജീവിതം ?
കോഹം ? മാനസമല്ല, ദേഹമിതിലായുള്ളൊന്നുമല്ലു, ണ്മയാം
സോഹം തന്നെ, യിതൊന്നു കണ്ടമരുവാനാകില്ലയോ വാഴ്‌വിതില്‍