Archive for May 31, 2015

ഒന്നായിട്ടുള്ള സത്യം
പിരിയുകയുമതൊന്നായിടാനായടുക്കു-
ന്നെന്നെല്ലാം കാണ്മു നിത്യം
കരുതുകിലിതു നിന്‍ ലീലയല്ലേ മഹേശാ
എന്നാലാവുന്നതല്ലാ
നിജമറിവതിനായ് കണ്ണു മൂടുന്നു കണ്ണീ-
രെന്നല്ലാതെന്തു ചൊല്ലാന്‍
തുടരുക നടനം ശങ്കരാ കൈതൊഴുന്നേന്‍
==============================
എന്തേ ഞാന്‍ ചൊല്ലിടേണ്ടൂ
തവമനമുരിയാടുന്നതിമ്മട്ടുകാണ്‌കേ
യന്തം വിട്ടിന്നിരിക്കും
മമ ഹൃദി നിറയുന്നുണ്ടു മോദം വിശിഷ്യാ
ചിന്തിച്ചാലൊന്നുതാനീ
യുലകവുമതിലായുള്ളതാം ജ്ഞാനമെല്ലാ-
മെന്തിന്നായിട്ടു നമ്മള്‍
കരുതണമിതിനേ സ്വന്തമായ് വേറെയെന്നും
ഒന്നാണീസത്യമെന്നാല്‍
മനമിതുപലതായ് കാണ്മതാണെങ്കിലും നാ-
മൊന്നൊന്നായിട്ടിതെല്ലാ-
മറിയണമിതിനാധാരവും തേടിടേണം
എന്നാലക്കണ്ടതിന്നും(+)
തിരയണമുലകില്‍ തന്നിലും ഭേദമെന്ന്യേ-
യെന്നാലോ കാണ്മതാകു-
ന്നറിവുമറിയണം സത്യമല്ലെന്നു തന്നെ
തന്നാലാകുന്ന മട്ടില്‍
തിരയുകിലൊരുനാള്‍ ദൃശ്യമാകും മനസ്സും
ചെന്നീടാതുള്ളിടത്താ-
യറിവതറിയുവാന്‍ ബുദ്ധിയാലാകയില്ലാ
അന്നേവം കണ്ടതെല്ലാം
പല കുറി തിരയുന്നോര്‍ക്കു കിട്ടീടുവാനായ്
തന്നിട്ടെങ്ങോ മറഞ്ഞാ
കനിവിനുപറയാമിന്നിതാ വന്ദനം ഞാന്‍
ഒന്നായീടുന്ന സത്യം
ഹൃദി തെളിയുകിലോ ചെയ്തിടാനൊന്നുമില്ലാ-
യെന്നല്ലാ ചെയ്വതെല്ലാ-
മപരനുസുഖമേകീടുവാനാകുമെന്നും
എന്നും കാട്ടില്‍ കഴിഞ്ഞാ-
പരമസുഖദമാം സത്യവും കണ്ടിരിക്കാന്‍
ചെന്നീടുന്നോര്‍ക്കതാവാ-
മരചനതുവിധം വാഴുവാനാവുകില്ലാ
എന്നോര്‍ത്തിട്ടായിടാമാ
ഗുരുവരനൊരുനാള്‍ ഭേദമേവം വിധിച്ചൂ
വെന്നല്ലാതെന്തു ചൊല്ലാ-
മടിയനുമെളുതോ ലോകസത്യം ഗ്രഹിക്കാന്‍
ചെന്നെത്തും വെള്ളമെല്ലാം
ജലധിയിലതു ഹാ വിണ്ണിലേക്കെത്തിയാലേ
വന്നെത്തൂ വര്‍ഷമായും
കഥയിതു തുടരും ലോകമുള്ളത്ര കാലം
* എന്റെ അഭിവന്ദ്യനായ ഒരു സുഹൃത്ത് ഗ്രീക്ക്-ഭാരതീയ ചിന്തകളെ സമന്വയിപ്പിച്ച് എഴുതി അയച്ചു തന്നെ ശ്ലോകങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ വന്നത്
+നേതി = ഇത് അല്ല (സത്യം എന്ന് പ്രത്യക്ഷത്തില്‍ തോന്നതെല്ലാം അല്ല എന്ന് നിഷേധിച്ച് എല്ലാ മറയും മാറ്റുന്നത്)

ഒരു കുട്ടി ബസ്സിലിരുന്നു ചോക്ക്ലേറ്റ് കഴിക്കുകയായിരുന്നു; ഒന്നിനും പുറകെ മറ്റൊന്ന്.

അടുത്തിരിക്കുന്ന വ്യക്തി: ചോക്ക്ലേറ്റ് കുറെ കഴിച്ചാല്‍ പല്ലിനു നല്ലതല്ലാട്ടോ

കുട്ടി: എന്റെ മുത്തച്ഛന്‍ നൂറു വയസ്സു വരെ ജീവിച്ചിരുന്നു

അടുത്തിരുന്നയാള്‍ : എന്താത്? ചോക്ക്ലേറ്റ് കഴിച്ചോണ്ടാണോ?

കുട്ടി: അല്ല…അദ്ദേഹം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ടിരുന്നില്ല

(ഫേസ്ബുക്കില്‍ കണ്ട ഒരു പോസ്റ്റിനോട് കടപ്പാട്… മുതിര്‍ന്ന വ്യക്തികള്‍ കുട്ടികളെ സ്വന്തമല്ലെങ്കിലും നല്ലത് ഉപദേശിക്കുക എന്ന സമ്പ്രദായം ക്രമേണ നഷ്ടമാകുന്നു. അണുകുടുംബങ്ങള്‍ നമ്മുടെ സംസ്കാരമായി മാറുമ്പോള്‍ ഇവ പലതും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെടുന്നു; നമുക്ക് അത് സ്വീകരിക്കാനായാലും ഇല്ലെങ്കിലും)