Archive for June, 2015

കാരാഗാരത്തിലായിപ്പിറവിയുമുടനേ ദൂരെദേശത്തിലെത്തി-
ട്ടേറെക്കാലം കഴിച്ചൂ പലവിധദുരിതം വന്നുവെന്നാലുമെന്നും
ആരോടും ദുഃഖമോതാതൊരുചെറുചിരിയും കൊണ്ടതെല്ലാമൊളിച്ചി-
ട്ടാരോതീഗീതപണ്ടാഗുരുവിനെയടിയന്‍ വിസ്മരിക്കാവതാണോ

സ്തന്യത്തില്‍ നഞ്ചുചേര്‍ത്തന്നരികിലണയുമാപൂതനയ്‌ക്കേകിമോക്ഷം
സ്തന്യം തന്നെന്നതിന്നാല്‍ തവ മനമവളെന്നമ്മയെന്നോ നിനച്ചൂ
പിന്നീടാകാറ്റുപോലായരികെവെറുതെവന്നിട്ടു നിന്നേയെടുത്താ
മാനത്തേക്കേറ്റിയോനും തവ കൃപയരുളാന്‍ ഹേതുവെന്തെന്റെ കൃഷ്ണാ

ചാടായിട്ടെത്തിയോരാകപടശകടവും കാലിനായ് തട്ടിയിട്ടാ
ദുഷ്ടന്നും നല്കിമോക്ഷം പറയുകയെളുതോ ഭക്തവാത്സല്യമേവം
കാട്ടില്‍ പാമ്പായിവന്നോരഘനകമെ ഭവാന്‍ ചെന്നു പോല്‍ വിസ്മയം താന്‍
വിട്ടാദേഹത്തെയപ്പോളഘവുമുടനുയിര്‍ കൃഷ്ണ! നിന്നോടു ചേര്‍ന്നൂ

നിന്നെക്കാണാന്‍ കൊതിച്ചൂ കനവിലുമതുപോല്‍ മൃത്യുവായിട്ടു കംസ-
ന്നെന്നോര്‍ത്തോ നിന്‍ കരത്താല്‍ കരുണയൊടവനും നല്കി നീ മോക്ഷമാര്‍ഗ്ഗം
എന്നേവം കേട്ടതുണ്ടേ തവ കഥയിതുപോലേറെയെന്നാലുമെന്നും
നന്നായി ചൊല്ലിടുന്നോര്‍ക്കരികിലണയുവാന്‍ മോഹമുണ്ടെന്മനസ്സില്‍

പ്രചോദനം: ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ)

മനം ബുദ്ധിയും കാട്ടുമെന്താണതെല്ലാം
നിനച്ചാ, ലൊടുങ്ങുന്നതാണെന്നു കാണാം
മനസ്സിന്നു ബുദ്ധിക്കുമെത്താത്തിടത്തായ്
തനിച്ചെന്തു കാണുന്ന, താണത്രെ സത്യം

മനക്കാമ്പിനും ബുദ്ധിയായ് ചൊല്‌വതിന്നും
മനോബുദ്ധിയാലിന്നറിഞ്ഞുള്ളതിന്നും
കനിഞ്ഞെന്തുതാനേകിടുന്നൂ വെളിച്ചം
നിനയ്‌ക്കാമതൊന്നേ നിജം വാഴ്‌വിലെന്നും

മനസ്സല്ലതെന്‍ ബുദ്ധിയായ് ചൊല്‌വതല്ലി-
ന്നെനിക്കെന്റെ ദേഹത്തിലായ് കാണ്മതല്ല
എനിക്കുള്ളിലും വാഴ്‌വിലെങ്ങും നിറഞ്ഞും
കനിഞ്ഞാരുമേവുന്നതാണത്രെ സത്യം

ഒരേ സത്യമേയുള്ളു നാം വേറെയെന്നായ്
നിരൂപിച്ചു വേറിട്ടെടുക്കുന്നതത്രേ
എരിഞ്ഞന്ത്യകാലത്തിലൊന്നാകുമെന്നൊ-
ന്നറിഞ്ഞാല്‍ വൃഥാ കണ്ണുനീരെന്നു കാണാം

കാണാന്‍ കാഴ്ചകളേറെയുണ്ടു ഭുവനേയെന്നാലതൊക്കെയുമേ
കാണും മാനസമാദ്യമത്രെ മിഴികള്‍ കാണുന്നതോ പിന്നെയും
കാണുന്നീവിധമെങ്കിലും മിഴികളാല്‍ കാണുന്നതാം കാഴ്ച താ-
നാണീലോകമിതോര്‍ത്തുമര്‍ത്ത്യരിവിടെക്കേഴുന്നു ഹാ വ്യര്‍ത്ഥമായ്

കരളിനകമെ തിങ്ങും നോവുകാട്ടാതെ വിണ്ണില്‍
നിറയെ ജലദമെല്ലാം കണ്ടു നിന്നത്രെ പിന്നെ
ചെറിയൊരുസുഖമേകാന്‍ കാട്ടി പോല്‍ മാരിവില്ലാ
കരുണ മഴയുമായിട്ടെത്തിയീമണ്ണിലേയ്‌ക്കും

ഉരുകിയൊഴുകിവീണാല്‍ തന്റെയസ്തിത്വമില്ലെ-
ന്നറിയുകിലതു മേഘം കാട്ടിയില്ലത്ഭുതം താന്‍
ഒരുവനിവിടെവാഴുന്നെങ്കിലന്യര്‍ക്കു നന്നേ
കരുതണമിതുചൊല്ലീടുന്നതാകാം ചിലപ്പോള്‍

ദേഹത്തേ വിട്ടുപോകാമുയിരിവിടതിനാല്‍ 
മങ്ങുകില്ലല്പ, മെന്നാല്‍
സ്നേഹം, ജീവന്നൊടൊപ്പം, സകലഭുവനവും 
കാത്തിടുന്നെന്തതൊന്നില്‍
സോഹം താന്‍ സത്യമെന്നോരറിവൊടെയലിയും 
തീയെരിക്കുന്നതോര്‍ത്താല്‍
മോഹത്താല്‍ നൊന്തുനീറുന്നുടല, തിലെരിയു-
ന്നില്ലയീസ്നേഹബന്ധം

ആയാസപ്പെട്ടു കഷ്ടം പലതരദുരിതം
വന്നു ചേര്‍ന്നപ്പൊഴെല്ലാം
കായത്തിന്‍ ബന്ധനത്തില്‍ പലകുറി മിഴിനീര്‍
തൂകി നിന്‍ നാമമോതി
നീയല്ലാതാരറിഞ്ഞൂ കരളിലെയെരിയും
നോവകറ്റീടുവാനായ്
നീയെത്തുന്നെന്നറിഞ്ഞിട്ടുയിരുടനുടലും
വിട്ടു നിന്നോടു ചേര്‍ന്നു

നീയാണീലോകമെല്ലാമണുവിനുമകമേ 
മേവിടും നിന്നിലെത്താന്‍
കായം വിട്ടെത്തിടുന്നോരുയിരിനൊരഭയം 
നിന്‍ പദാബ്ജത്തിലല്ലോ
തോയം പോലെത്ര കണ്ണീരൊഴുകി മമ വിഭോ 
നിന്‍ പദം പൂകിടാനായ്
പോയെല്ലാം വിട്ടു പിന്നീട, രുളുക സദയം 
മുക്തി, പൂര്‍ണ്ണത്രയീശാ!

നോവേകീടുവതത്രെയെന്റെയുടലും, കഷ്ടം മനസ്സെന്നുമേ
പാവം, നൊന്തു കരഞ്ഞിടുന്നു വെറുതേ, കാലം കുറെച്ചെല്ലവേ
ജീവന്നേറെവലഞ്ഞിടുന്നു, കിളിയാകൂട്ടിന്നകത്തെന്ന പോ-
ലേവം തന്നെ ജഗത്തിലുള്ളതഖിലം, നോവേ തരൂ നിര്‍ണ്ണയം

കെട്ടേപോയ് ചിതയന്നു തന്നെയകമേ കത്തുന്നതായ് കാണ്മു ഞാന്‍ 
കെട്ടീടാതെയെരിഞ്ഞിടുന്നു ഹൃദയം നീറ്റുന്നതിന്നെന്തിനോ
കെട്ടെല്ലാമകലെക്കളഞ്ഞുകരുണാരൂപന്നടുത്തെത്തുവാ-
നൊട്ടേറെവ്യഥയും സഹിച്ചു പല നാള്‍ നിന്നില്ലെയീഭൂമിയില്‍ 

കണ്ണീര്‍ തൂകിയതൊക്കെയും വെറുതെയായ് കാണാവതേയല്ലയെന്‍ 
കണ്ണില്‍ തിങ്ങിയ കണ്ണുനീരിനറിയില്ലെന്മാനസം നിര്‍ണ്ണയം 
കണ്ണെന്താണറിയുന്നു മുന്നിലെരിയും തീയിന്നെരിക്കാവതോ
ദെണ്ണം വന്നുമണഞ്ഞിടാത്തൊരുയിരെത്തും വിഷ്ണുപാദേ ദൃഢം 

വയ്യാതായ് പല നോവു തിന്നു മിഴിനീരും വറ്റിടും വേള നിന്‍
കയ്യല്ലാതിഹ കണ്ടതില്ല ശരണം, കാരുണ്യമോടെത്തി നീ
മെയ്യില്‍ ബന്ധനമൊക്കെ മാറ്റി ഭഗവന്‍ നിന്നോടു ചേര്‍ത്തെന്നു ഞാ-
നയ്യോ കണ്ടുമറിഞ്ഞതില്ല, വെറുതേ കണ്ണീരു തൂകുന്നിതേ

കാലം വന്നു പിടിച്ചുലച്ചു ചരണം പാവം കരഞ്ഞെത്രയോ
കാലം മോക്ഷപദം കൊടുക്കുവതിനായ് നീ വന്നതായ് ശ്രീഹരേ
കാലത്തേ ശനിയാഴ്ച തന്നെയറിവായെന്നിട്ടു ഞാനെന്തിനി-
ക്കാലം കേണു കഴിച്ചിടുന്നു വെറുതേ വൈകുണ്ഠവാസാ വിഭോ

കാല്‍ക്കാശു കിട്ടിയൊരു മാക്രി പറഞ്ഞുവത്രെ
ധിക്കാരമിത്ര ഗജരാജനു നല്ലതല്ല
നില്‌ക്കില്ല പോലുമവനെന്നെ നമിക്കുകില്ല-
യിക്കാലിനാലൊരുതൊഴിക്കതു മാറ്റിയേക്കാം