Archive for June 13, 2015

മറച്ചെന്റെകണ്ണെന്നുമെന്നിട്ടതില്‍ നീ
മറഞ്ഞൂ ഹരേ ഞാനറിഞ്ഞില്ല സത്യം
നിറഞ്ഞോരു ശോകം നിറച്ചെന്റെ കണ്ണില്‍
കുറേ കണ്ണുനീര്‍ ഞാന്‍ മറന്നല്ലോ നിന്നേ

കുറച്ചൊക്കെയെന്തോ ജപിച്ചെങ്കിലും ഞാന്‍
മറന്നൂ പലപ്പോഴുമെന്നെത്തുണയ്‌ക്കാന്‍
മറയ്‌ക്കുള്ളിലായ് നിന്നൊരാശ്വാസമേകാന്‍
പറഞ്ഞൊന്നുമേ ഞാനറിഞ്ഞില്ല കഷ്ടം

അറിഞ്ഞിന്നു നീയെന്റെ മുന്നില്‍ തെളിഞ്ഞൂ
പറഞ്ഞീടുവാന്‍ സത്യമേവം കൃപാലോ
അറിഞ്ഞെന്തു ഞാന്‍ നിന്റെ ലീലാവിലാസം
കുറച്ചൊക്കെ കുത്തിക്കുറിക്കുന്നിതേപോല്‍

പറഞ്ഞീടണം നന്ദിയെന്നാലതൊന്നും
കുറേ വാക്കു ചൊല്ലീടിലും തീരുകില്ലാ
കുറിക്കുന്നതെല്ലാം വിഭോ നിന്‍ പദബ്ജേ
വരും പുഷ്പമായെങ്കിലോ ഞാന്‍ കൃതാര്‍ത്ഥന്‍

പ്രചോദനം: ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ)

തുടക്കത്തിലേ കണ്ണുനീരത്രെ ജീവ-
നൊടുങ്ങുന്നനേരത്തുമുണ്ടാവതൊന്നേ
ഇടയ്‌ക്കുള്ള നേരത്തു തിങ്ങുന്ന കണ്ണീര്‍
തുടയ്‌ക്കാനൊരുങ്ങുന്നു ഹാ വ്യര്‍ത്ഥമീ ഞാന്‍
 
നടുക്കുന്നവേഗത്തിലോടുന്ന ലോകം
മിടിക്കുന്ന ഹൃത്തെന്തറിഞ്ഞീടുവാനായ്
കടും ചോര ചിന്താനൊരുങ്ങും മനുഷ്യന്‍
പിടഞ്ഞേയൊടുങ്ങൂ വഴക്കെന്തിനായി
 
തുടക്കത്തിലെന്തെന്നറിഞ്ഞില്ല നീ നി-
ന്നൊടുക്കം നിനച്ചേ ഭയന്നിങ്ങു നില്പൂ
നടുങ്ങുന്നതെന്തേ നിനക്കായപോലെ
യിടക്കുള്ള കാലത്തു വാഴൂ യഥേഷ്ടം
 
ഒടുക്കാനണഞ്ഞോരുശക്തിയ്‌ക്കുനേരേ-
യടുത്തെത്തിയോതൂ ഭയപ്പാടു വേണ്ടാ
ഒടുക്കാന്‍ നിനക്കാവുകില്ലെന്റെ ജീവന്‍
പിടഞ്ഞോട്ടെ ദേഹം ജഡം മാത്രമല്ലേ
 
എടുക്കാന്‍ നിനക്കാവുകില്ലെന്നിലെന്നും
മിടിക്കുന്നതാം ജീവനില്ലത്രെ മൃത്യു
നടുക്കുന്നതാം നിന്റെ രൂപത്തിനുള്ളില്‍
മിടിക്കുന്നതും വേറെയല്ലെന്‍ സുഹൃത്തേ
 
എടുത്തോളു ദേഹം മുറിച്ചോളു കണ്ഠം
കുടിച്ചോളു രക്തം യഥേഷ്ടം നിനക്കുള്‍
മിടിക്കുന്ന ജീവന്നതാശ്വാസമെന്നാല്‍
കടും ചോര ചിന്താന്‍ മടിക്കേണ്ടതുണ്ടോ