സ്രഗ്ദ്ധര

Posted: June 14, 2015 in വൃത്തം, സ്രഗ്ദ്ധര, Malayalam

സത്തായിട്ടുള്ളതൊന്നാണവനിയിലമരും ജീവനാശ്വാസമേകി-
ചിത്താനന്ദം പകര്‍ന്നീടുവതഹമറിവൂ നിന്‍ കൃപാവര്‍ഷമായി
സത്യം വിട്ടൊന്നുമേയെന്‍ മനസി വരുവതിന്നാശയില്ലീശ്വരാ ഞാന്‍
നിത്യം നിന്‍ പാദപത്മേയമരണമതിനായ് കൃഷ്ണ! നീ തന്നെ മാര്‍ഗ്ഗം

പ്രചോദനം: ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ)

മുന്നില്‍ ക്കാണുന്നതാമീയുലകമഖിലവും നിന്‍ കൃപാവര്‍ഷമായി-
ട്ടെന്നും കാണായ് വരേണം പൊരുളിഹ പലതില്ലെന്നുകാട്ടിത്തരേണം
വന്നീടാന്‍ നിന്‍ പദാബ്ജേ മമ മനമവിടെക്കേരമായ് വെച്ചിടാനായ്
വന്നീടേണം ഗണേശാ തവ കൃപയതിനായിന്നിതാ കുമ്പിടുന്നേന്‍

തെറ്റും നേരത്തു നോക്കും ഗ്രഹനില, വെറുതേ തന്റെ കര്‍മ്മത്തിനെല്ലാം
കുറ്റം ചാര്‍ത്തും ഗ്രഹത്തിന്നി, വനിതുവരുവാന്‍ ഹേതുവെല്ലാം മറയ്‌ക്കും
തെറ്റായാലന്യഥാ വന്നിടുകിലുമൊരുവന്നെന്തു താന്‍ ചെയ്‌തിടാവൂ
ചുറ്റുന്നൂ ഭൂമിപോലും പ്രതിദിനമുലകില്‍ കര്‍മ്മമാര്‍ഗ്ഗം ജയിപ്പൂ

തെറ്റുന്നെന്‍ പാദമെന്നാല്‍ കരുണയൊടരികത്തെത്തിയെന്നെതുണച്ചെന്‍
തെറ്റെല്ലാം തീര്‍ത്തിടുന്നോനടിയനു ഗുരു താന്‍, നിന്‍ കൃപാവര്‍ഷമെന്ന്യേ
പറ്റില്ലീജീവനൊന്നും വലയുമുലകിലായ് കാലമേറെക്കഴിഞ്ഞാ-
ലേറ്റം കണ്ണീരുതൂകീട്ടുടലിതുതളരും നേരമേറെതപിയ്‌ക്കും

കുറ്റങ്ങള്‍ നീക്കിയെന്നില്‍ തവ കൃപ പദമായ് വന്നിടാനായ് തുണയ്‌ക്കും
വറ്റാതുള്ളാര്‍ദ്രതയ്‌ക്കായ് പ്രതിഫലമിവനെന്തേകിടാം തുല്യമായി ?
ചുറ്റും തിങ്ങുന്നഴുക്കിന്നൊരുകുറിയകലാന്‍ നിന്‍ കരം നീട്ടിയപ്പോ-
ളിറ്റെന്നില്‍ കണ്ടതായോരൊളി മമ സുകൃതം നിന്‍ പദാബ്ജേ പ്രണാമം

Leave a comment