Archive for June 15, 2015

ക്രൌഞ്ചത്തില്‍ നോവുകണ്ടി-
ട്ടുരുകിയഹൃദയം നമ്മളെന്തേ മറന്നോ ?
തഞ്ചത്തില്‍ ബാണമെയ്തി-
ട്ടുയിരിഹ പിടയും നോവുകണ്ടില്ലയെന്നോ ?
വഞ്ചിക്കാം ലോകരേനാ-
മകമെ സകരുണം ജീവനായ് നിന്നിടുന്നാ
നെഞ്ചിന്‍ സത്യത്തൊടെന്നും
കളവുപറയുകില്‍ സൌഖ്യമുണ്ടാകുമെന്നോ ?

അഞ്ചാളുണ്ടു തുണയ്‌ക്കു നിത്യ, മവരും കാലം ചതിച്ചീടവേ
വഞ്ചിപ്പെട്ടുഴലുന്നു, ധര്‍മ്മമധുനാ വാഴുന്നു കാട്ടില്‍ ഹരേ
നെഞ്ചൂക്കല്ലൊരഹന്തയോടെ വരുമാവില്ലിന്റെവീമ്പല്ലേ മേ
നെഞ്ചില്‍ ത്തന്നെയിരുന്നു കാത്തരുളുമീകാരുണ്യമാണാശ്രയം

എന്നും കണ്ണിനു കാഴ്ചയേകുമൊളിയും കാതില്‍ വരും നാദവും
തന്നെത്താനെ വിരിഞ്ഞപൂവിലണയുന്നാതേനുമാഗന്ധവും
എന്നല്ലെന്നുടലിന്നുതൊട്ടറിയുമെന്തെന്തൊക്കെയായീടിലും
നിന്നില്‍ നിന്നു വിഭിന്നമല്ലിതറിയാന്‍ നീ തന്നെയാണാശ്രയം

കളി

Posted: June 15, 2015 in Malayalam

കളത്തില്‍ നീങ്ങിടും നേരം
കരുവാ, യതു നീക്കീടും
കളിക്കാരനുമൊന്നത്രെ
കളവും വേറെയല്ല പോല്‍

കളവെന്നു പറഞ്ഞെന്നെ
കളിയേക്കേണ്ട കേള്‍ക്കുക
കളിക്കുന്നതു ഞാനല്ല
കളവും സ്വന്തമല്ല മേ

കളവും കൊണ്ടുവന്നെന്നെ
കളിക്കാനായ് വിളിച്ചവന്‍
കളവും കാട്ടിടാമെന്നാല്‍
കണ്ടു തന്നെയിരിക്കണം

കള്ളപകിടയേന്തുന്ന
കാലം ശകുനിയാകവേ
കുരുവശം തകര്‍ന്നില്ലേ
കഷ്ടം ഞാനെന്തു ചെയ്തിടാം

കാട്ടില്‍ പോയി വസിച്ചാലും
കഷ്ടമല്ലതു നിര്‍ണ്ണയം
കാരുണ്യം കൂടെയുണ്ടെങ്കില്‍
കണ്ണീരെന്തിനു തൂകണം

ദെണ്ണം താന്‍ നേടിടുന്നൂ
സുഖമിഹതിരയും മര്‍ത്ത്യരോ കഷ്ടമേറ്റം
കണ്ണീരില്‍ തീര്‍ന്നിടുന്നൂ,
പറയുകയിതുകണ്ടിട്ടുനാമെന്തറിഞ്ഞൂ ?
കണ്ണില്‍ തിങ്ങുന്ന കണ്ണീര്‍
ചെറിയൊരു ചിരിയാല്‍ മാറ്റി നോക്കീടുമെന്നാല്‍
ദെണ്ണിപ്പിക്കില്ല ലോകം,
ചെറുശിശുസദൃശം പുഞ്ചിരിക്കാം നമുക്കും