കളി

Posted: June 15, 2015 in Malayalam

കളത്തില്‍ നീങ്ങിടും നേരം
കരുവാ, യതു നീക്കീടും
കളിക്കാരനുമൊന്നത്രെ
കളവും വേറെയല്ല പോല്‍

കളവെന്നു പറഞ്ഞെന്നെ
കളിയേക്കേണ്ട കേള്‍ക്കുക
കളിക്കുന്നതു ഞാനല്ല
കളവും സ്വന്തമല്ല മേ

കളവും കൊണ്ടുവന്നെന്നെ
കളിക്കാനായ് വിളിച്ചവന്‍
കളവും കാട്ടിടാമെന്നാല്‍
കണ്ടു തന്നെയിരിക്കണം

കള്ളപകിടയേന്തുന്ന
കാലം ശകുനിയാകവേ
കുരുവശം തകര്‍ന്നില്ലേ
കഷ്ടം ഞാനെന്തു ചെയ്തിടാം

കാട്ടില്‍ പോയി വസിച്ചാലും
കഷ്ടമല്ലതു നിര്‍ണ്ണയം
കാരുണ്യം കൂടെയുണ്ടെങ്കില്‍
കണ്ണീരെന്തിനു തൂകണം

Leave a comment