Archive for June 22, 2015

കെട്ടേപോയ് ചിതയന്നു തന്നെയകമേ കത്തുന്നതായ് കാണ്മു ഞാന്‍ 
കെട്ടീടാതെയെരിഞ്ഞിടുന്നു ഹൃദയം നീറ്റുന്നതിന്നെന്തിനോ
കെട്ടെല്ലാമകലെക്കളഞ്ഞുകരുണാരൂപന്നടുത്തെത്തുവാ-
നൊട്ടേറെവ്യഥയും സഹിച്ചു പല നാള്‍ നിന്നില്ലെയീഭൂമിയില്‍ 

കണ്ണീര്‍ തൂകിയതൊക്കെയും വെറുതെയായ് കാണാവതേയല്ലയെന്‍ 
കണ്ണില്‍ തിങ്ങിയ കണ്ണുനീരിനറിയില്ലെന്മാനസം നിര്‍ണ്ണയം 
കണ്ണെന്താണറിയുന്നു മുന്നിലെരിയും തീയിന്നെരിക്കാവതോ
ദെണ്ണം വന്നുമണഞ്ഞിടാത്തൊരുയിരെത്തും വിഷ്ണുപാദേ ദൃഢം 

വയ്യാതായ് പല നോവു തിന്നു മിഴിനീരും വറ്റിടും വേള നിന്‍
കയ്യല്ലാതിഹ കണ്ടതില്ല ശരണം, കാരുണ്യമോടെത്തി നീ
മെയ്യില്‍ ബന്ധനമൊക്കെ മാറ്റി ഭഗവന്‍ നിന്നോടു ചേര്‍ത്തെന്നു ഞാ-
നയ്യോ കണ്ടുമറിഞ്ഞതില്ല, വെറുതേ കണ്ണീരു തൂകുന്നിതേ

കാലം വന്നു പിടിച്ചുലച്ചു ചരണം പാവം കരഞ്ഞെത്രയോ
കാലം മോക്ഷപദം കൊടുക്കുവതിനായ് നീ വന്നതായ് ശ്രീഹരേ
കാലത്തേ ശനിയാഴ്ച തന്നെയറിവായെന്നിട്ടു ഞാനെന്തിനി-
ക്കാലം കേണു കഴിച്ചിടുന്നു വെറുതേ വൈകുണ്ഠവാസാ വിഭോ