ധ്യാനം 

Posted: June 27, 2015 in സ്രഗ്ദ്ധര

കാരാഗാരത്തിലായിപ്പിറവിയുമുടനേ ദൂരെദേശത്തിലെത്തി-
ട്ടേറെക്കാലം കഴിച്ചൂ പലവിധദുരിതം വന്നുവെന്നാലുമെന്നും
ആരോടും ദുഃഖമോതാതൊരുചെറുചിരിയും കൊണ്ടതെല്ലാമൊളിച്ചി-
ട്ടാരോതീഗീതപണ്ടാഗുരുവിനെയടിയന്‍ വിസ്മരിക്കാവതാണോ

സ്തന്യത്തില്‍ നഞ്ചുചേര്‍ത്തന്നരികിലണയുമാപൂതനയ്‌ക്കേകിമോക്ഷം
സ്തന്യം തന്നെന്നതിന്നാല്‍ തവ മനമവളെന്നമ്മയെന്നോ നിനച്ചൂ
പിന്നീടാകാറ്റുപോലായരികെവെറുതെവന്നിട്ടു നിന്നേയെടുത്താ
മാനത്തേക്കേറ്റിയോനും തവ കൃപയരുളാന്‍ ഹേതുവെന്തെന്റെ കൃഷ്ണാ

ചാടായിട്ടെത്തിയോരാകപടശകടവും കാലിനായ് തട്ടിയിട്ടാ
ദുഷ്ടന്നും നല്കിമോക്ഷം പറയുകയെളുതോ ഭക്തവാത്സല്യമേവം
കാട്ടില്‍ പാമ്പായിവന്നോരഘനകമെ ഭവാന്‍ ചെന്നു പോല്‍ വിസ്മയം താന്‍
വിട്ടാദേഹത്തെയപ്പോളഘവുമുടനുയിര്‍ കൃഷ്ണ! നിന്നോടു ചേര്‍ന്നൂ

നിന്നെക്കാണാന്‍ കൊതിച്ചൂ കനവിലുമതുപോല്‍ മൃത്യുവായിട്ടു കംസ-
ന്നെന്നോര്‍ത്തോ നിന്‍ കരത്താല്‍ കരുണയൊടവനും നല്കി നീ മോക്ഷമാര്‍ഗ്ഗം
എന്നേവം കേട്ടതുണ്ടേ തവ കഥയിതുപോലേറെയെന്നാലുമെന്നും
നന്നായി ചൊല്ലിടുന്നോര്‍ക്കരികിലണയുവാന്‍ മോഹമുണ്ടെന്മനസ്സില്‍

പ്രചോദനം: ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ)

Leave a comment