Archive for August, 2015

ഓണം വന്നതറിഞ്ഞതില്ലയിഹ ഞാന്‍ പ്രാരബ്ധകര്‍മ്മങ്ങളാം
ബാണത്താലെ വലഞ്ഞിടുന്നസമയത്തില്ലോണമാഘോഷമായ്
കാണുന്നെങ്കിലുമോര്‍മ്മയായി വിരിയും പൂവൊക്കെയെന്നുള്ളിലാ-
യോണപ്പാട്ടുകള്‍ പാടി വശ്യമഴകായ് നൃത്തം ചവിട്ടുന്നിതാ

ഹരി തന്‍ ചരണത്തിലായി ഭക്ത്യാ
ശരണം തേടി സമസ്തവും കൊടുത്താ
അരചന്നെ നമിച്ചിടാം നമുക്കീ
തിരുവോണത്തിനുസാന്ധ്യദീപമോടെ

ആര്‍ക്കാണോണം, തിരക്കാണിവിടെ പലതരം
ജോലി ചെയ്തീടുവാനാ-
യോര്‍ക്കോണം താണ്ടി വന്നോര്‍ക്കി, തുപലദിനവും
പോലെയെന്നായിടുന്നൂ
ഓര്‍ക്കുന്നെന്നാലുമൊന്നായ് ക്കരുതിമനുജരെ-
ല്ലാരുമാമോദമോടെ
പാര്‍ക്കുന്നോരെന്രെനാടിന്‍ മഹിമക, ളിവനോ-
തട്ടെയാശംസകള്‍ തേ

നല്ലോണത്തിന്റെ നാളായുലകിലഖിലരും 
വൈരമില്ലാതെയൊന്നായ്
നല്ലോണം വാണകാലപ്പെരുമയിലൊരുനാ-
ളാമഹാരാജനായി
എല്ലാരും കാത്തിരിക്കും ദിനമിതുതിരുവോ-
ണം തനിക്കുള്ളതെല്ലാം 
തെല്ലും ഖേദം നിനയ്‌ക്കാതടിമലരിണയില്‍ 
ചേര്‍ത്തതാം പുണ്യനാളായ്

കണ്ടതില്ലിവനെയെന്നു ചൊല്ലിയൊരുകോപമേതുമരുതെന്നൊടാ-
യുണ്ടു ഞാനിവിടെയെങ്കിലും പല തിരക്കിലാണു ചില നാള്‍കളായ്
പണ്ടു വന്നതു കണക്കിലായിനിയുമെത്തിടാന്‍ കൊതി മനസ്സിലായ്
കണ്ടിടുന്നു, ടനെയെത്തിടാമതിനു കാക്കണേ, പരിഭവിക്കൊലാ

കാടാകുന്നെന്മനസ്സില്‍ ക്കരുണയൊടമരും 
ശുഭുവാഗൌരിയൊത്ത-
ന്നാടും നേരം പിറന്നാശിവസുത! നമി-
ക്കട്ടെ നിന്‍ പാദപത്മം
പേടിച്ചോരെന്മനസ്സിന്നരുളുക സദയം 
ഭക്തി വന്നോരു കഷ്ട-
പ്പാടെല്ലാം മാറ്റി വേട്ടയ്‌ക്കൊരുമകനിവനെ-
ക്കാക്കുമാറായിടേണേ

ഓണം 

Posted: August 27, 2015 in തോടകം, യമകം

പറയും പറയും നിറവിന്‍ കഥയെ-
ന്തറിവൂ പുതുലോകവുമെന്മനവും
നിറയും പറയില്ല മനസ്സുകളില്‍
നിറയെക്കനവായ് വരുവോണമിതാ

ധ്യാനം

Posted: August 26, 2015 in പഞ്ചചാമരം

അനന്തമായി മുന്നിലിന്നു കാണ്മതായലോകമെ-
ന്തനന്തശായി! നിന്‍ കൃപാകടാക്ഷമൊന്നുമാത്രമാം 
അനന്തനായതെന്മനസ്സുതന്നെയാണതിങ്കലായ്
കനിഞ്ഞു വന്നു മോക്ഷമേകിടുന്ന വിഷ്ണവേ നമഃ

ഇടയ്‌ക്കു വന്നു നോക്കിടാനുമായിടാത്ത പോലെയീ-
യിടയ്‌ക്കു ഞാന്‍ തിരക്കിലായിയെന്നതോര്‍ത്തു കൂട്ടരേ
തിടുക്കമോടെയെന്നെയും മറന്നുപോയിടായ്കിലോ
മടങ്ങി വന്നിടാം കുറച്ചു നാളിലിന്നു പോകിലും

ആരാകാം മാതൃഗര്‍ഭേ മരുവുമളവിലായ്
കാത്തുരക്ഷിച്ചു പിന്നീ-
ടാരെന്‍ കൂട്ടായിരുന്നൂ ചെറിയൊരുശിശുവായ്
വാണകാലത്തിലെല്ലാം
നേരാണെല്ലാം മറന്നിട്ടലയുമിവനുവ-
ന്നോരുദര്‍പ്പം കളഞ്ഞാ
പേരാണ്ടുള്ളോരുനാരായണനടരസിക-
സ്വാമി കാമം തരട്ടെ