Archive for February, 2016

ഗുരുവായി മാമകമനസ്സിലായ് വരു-
ന്നരുളായി ശക്തി പകരൂ സരസ്വതി
മരുവീടുകെന്നുമകതാരിലായി നീ
യരുളീടണേ വരികളോതികുമ്പിടാന്‍

ധ്യാനം 

Posted: February 29, 2016 in മാലിനി

ഒരുകുറി തിരുമുന്നില്‍ വന്നു കുമ്പിട്ടിടാനാ-
യൊരുവനുവഴിയില്ലെന്നായറിഞ്ഞിട്ടു താനോ
ഒരുദിനമവിടുന്നെത്തുന്നു പോല്‍ വീട്ടിലേയ്‌ക്കീ
കരുണയറിവു കൂപ്പീടുന്നു പൂര്‍ണ്ണത്രയീശാ

പറ മമ മനമായിക്കണ്ടതില്‍ ഭക്തി ഞാനും
നിറയുവതിനുപകര്‍ന്നീടുന്നുവെന്നാലുമുണ്ടാം
കുറവ, തുനിറയാനായ് നീ കനിഞ്ഞീടണേയീ
നിറപറ തവ പാദത്തിങ്കലര്‍പ്പിച്ചിടുന്നേന്‍ 

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രത്തില്‍ ഇന്നലെ പറയുത്സവം കൊടിയേറി

നിന്നില്‍ നിന്നു പിറന്നു നിന്നിലലിയുന്നീവാഴ്‌വുമീവാഴ്‌വിലാ-
യിന്നിക്കാണുവതൊക്കെയും കനവു വന്നെത്തീട്ടുമായുന്നപോല്‍
എന്നും ഭൂതകൃതേ നമിപ്പു ഭുവനം നിന്‍ രൂപമായ് കണ്ടതില്‍
തന്നെ ചിത്തമുറച്ചു നിങ്കലണയാന്‍ വന്ദിച്ചിടുന്നേനഹം

താപത്താല്‍ തവ പാദചിന്തയൊരുവന്നുണ്ടാകുമെന്നാല് ഹരേ-
യാപത്തല്ലതുഭാഗ്യമത്രെ, യവതാരം നീയെടുത്തുള്ളതോ
ആ പത്തല്ലി, ഹ കാണ്മതൊക്കെ ഭഗവന്‍ നീ തന്നെയല്ലേ, ഭവാന്‍
ഹൃത് പദ്മേ തെളിയുന്നസത്യ, മിതുമൂടുന്നാരു നിന്‍ മായ താന്‍

ലോകം താന്‍ മമ പാടമെന്നുകരുതീട്ടെന്‍ കര്‍മ്മവും നട്ടു ഞാ-
നാകപ്പാടെ വലഞ്ഞുപോയി, കൃഷിയില്‍ ലാഭം വരും വേളയില്‍
ആകെത്തുള്ളിമദിച്ചു, പക്ഷെ ചിലനേരം നഷ്ടമാ, യുള്‍ത്തടം
ശോകത്താലെയുലഞ്ഞുപോ, യിതുകണക്കായ് തീര്‍ന്നു പോലേറെ നാള്‍

പിന്നീടേറെ ദിനം കഴിഞ്ഞകമനം നൊന്തപ്പൊഴുള്‍ത്താരിലായ്
നിന്നാരോ പറയുന്നതായമൊഴി കേട്ടൂ ഞാന്‍, മറന്നൂ സ്വയം
നിന്നോടാരു പറഞ്ഞതിങ്ങു തുടരും കര്‍ മ്മത്തിനോടൊട്ടുവാന്‍
നിന്റേതെന്നുധരിച്ചിടാനു, മതിനാലാണത്രെ കേഴുന്നു നീ

കര്‍മ്മം നിന്നുടെയെന്നു കാണ്കിലതിലും തെറ്റില്ല, യെന്നാലതിന്‍
മര്മ്മം നീയറിയേണ, മുള്ളമുരുകാതൊന്നിങ്ങുവാണീടുവാന്‍
കര്‍മ്മത്തിന്‍ ഫലമെന്നുമേ തവ ഹിതം പോലാകയി, ല്ലിങ്ങു നിന്‍
ധര്‍മ്മം വിട്ടു ചലിക്കിലും വരുവതായ് കാണില്ലയെന്നും ജയം

എന്നാലൊന്നിലുറയ്‌ക്കണം തവ മനം, നിന്‍ കര്‍മ്മമെന്താകിലെ-
ന്തെന്നും തന്നെ തുടര്‍ന്നിടേണ, മതുനല്കാം സൌഖ്യവും ദുഃഖവും
എന്നും വിണ്ണിലുദിച്ചിടുന്ന കതിരോനാഴിയ്‌ക്കകത്താണ്ടുപോ-
മെന്നെല്ലാമറിയുന്നതില്ലെ, യതുപോല്‍ താരങ്ങളും ചന്ദ്രനും

എന്നാല്‍ വീണ്ടുമണഞ്ഞിടുന്നു ചില നേരം പോകിലെ, ന്നോര്‍ക്ക നാ-
മൊന്നിന്നും ഭുവി നിത്യമായമരുവാനാകില്ല, പിന്നെന്തിനായ്
വന്നീടും ചിലനേരമുള്ള കദനം ചിന്തിച്ചു കേഴുന്നതായ്
വന്നീടുന്നതു, മാഞ്ഞുപോകുമതിലുള്ളം നീറ്റിടുന്നെന്തിനോ

അങ്ങു വന്നു തൊഴുവാനെനിക്കു കഴിയായ്കിലീശ്വര! ഭവാന്‍ കനി-
ഞ്ഞിങ്ങു മാമക മനസ്സിലെത്തിടണമില്ല വേറെ തുണയാരുമേ
പൊങ്ങി വന്ന മദമറ്റു ഞാന്‍ പതറി നില്‌ക്കവേ വഴി നടത്തണേ
യങ്ങതാണു നറുപുഞ്ചിരിയ്ക്കു പുറമേയെനിക്കുമൃദുസാന്ത്വനം

വേട്ടയ്‌ക്കായ് മിഴി ബാണമാക്കി പുരികം വില്ലാക്കിയും മന്മഥന്‍
വിട്ടാല്‍ കഷ്ടമുലഞ്ഞിടുന്നു ഹൃദയം മുക്കണ്ണനും നിര്‍ണ്ണയം
സ്പഷ്ടം തന്നെ കൃപാകടാക്ഷമൊരുവന്നുണ്ടായി വന്നീടുകില്‍
കിട്ടുന്നെന്തുമെടുത്തുകൊണ്ടുവിജയം നേടുന്നതായ് കണ്ടിടാം

നാവിന്നോ പഴിയേകിടുന്ന, തതിനില്ലല്ലോ വിവേകം, സദാ
താവും ചിന്തകളല്ലെ നാവിലണയൂ വാക്കിന്റെരൂപത്തിലായ്
ആവും പോലെ നിനയ്‌ക്ക നന്മ ഹൃദി, യോതീടുന്നവാക്കൊക്കെ ന-
ന്നാവും, വേണ്ടൊരുശങ്ക, യെന്റെമനമേ നിന്‍ ചിന്ത നന്നാകണം

ലോകത്തെപ്പഴിചൊല്ലിയെന്തുഗുണമുണ്ടാകുന്നു, മാറ്റീടുവാ-
നാകില്ലെന്നതറിഞ്ഞതില്ലെയിനിയും, മാറ്റീടുവാനാവുകില്‍
ലോകം തന്നിലമര്‍ന്നു നിന്ദയതിനേകീടുന്ന ചിന്തയ്‌ക്കു താ-
നാകട്ടേയൊരുമാറ്റ, മന്നുലകവും നന്നെന്നു കാണായ് വരും

ഒരുകരത്തിലുചാപവുമൊപ്പമായ്‌
ചുരിക മറ്റൊരു കൈയ്യിലുമായ്‌ ഹൃദി

വരുവതാം ശിവപുത്ര! തരേണമേ

കരുണ ജീവനു ഞാൻ പ്രണമിച്ചിതാ

സ്വര്‍ഗ്ഗം വേണ്ടാ മരണമടയേണ്ടെന്നുമില്ലാ മനം ദു-
സ്സംഗത്താലേ മലിനതരമാകാതെ നീ കാത്തുകൊള്‍ ക
ദുര്‍ഗന്ധത്താല്‍ വലയുമുലകില്‍ വിങ്ങുമീജീവനായ് സത്-
സ്സംഗത്താലേ ചരണകമലം പൂകുവായ് ഭക്തിയേകൂ

വിഘ്നേശാ നീ വരിക ഹൃദി മേ വാഴ്‌വിലായ് വന്നു ചേരും
വിഘ്നം മാറ്റാന്‍ കനിയു ഭഗവന്‍ നിന്‍ പദം കൂപ്പിടുന്നേന്‍
വിഘ്നത്താലേ വലയുമളവില്‍ നിന്‍ കടാക്ഷത്തിനാല്‍ നിര്‍
വിഘ്നം കര്‍ മ്മം തുടരുവതിനായ് സാദ്ധ്യമാക്കീടുകെന്നും