Archive for February 24, 2016

എന്നും നവമായ് കാണുവതാമീയുലകം നീ
യെന്നായറിവുണ്ടാകുവതിന്നായ് മമ ചിത്തേ
വന്നീടണമേയെന്‍ നവദുര്‍ഗ്ഗേ പദതാരില്‍
തന്നീടണമേ ഭക്തിയുമെന്‍ ജീവനു നിത്യം

മടുക്കുന്നതെന്തിങ്ങുകാണുന്നതെല്ലാം
കടം കൊണ്ടതത്രേ നമുക്കുള്ളതല്ലാ
ഇടയ്‌ക്കൊന്നുകാണുന്നതും കണ്ടുനെഞ്ചില്‍
മിടിപ്പെന്തെതെറ്റാന്‍ തുടങ്ങുന്നതിപ്പോള്‍

തുടക്കത്തിലെന്തന്നറിഞ്ഞോ ജഗത്തി-
നൊടുക്കത്തിലെന്തെന്നുചൊല്ലാവതാണോ
കടും ചോരതന്നില്‍ പിറക്കുന്നജീവ-
ന്നൊടുങ്ങുന്നതും മറ്റുമട്ടാകുകില്ലാ

മടുപ്പെന്തിനായിട്ടുതോന്നുന്നിതെല്ലാ-
മൊടുങ്ങുന്നതാണെന്നതോര്‍ ത്തോ സുഹൃത്തേ
മടിക്കേണ്ടയുള്ളില്‍ മടുപ്പേറ്റിടേണ്ട
മടിക്കാതെയാടീടുകാവുന്നപോലെ

പിടഞ്ഞിങ്ങുവീണോട്ടെദേഹം മനസ്സേ
പിടയ്‌ക്കൊല്ല നിന്‍ വാഴ്‌വു ദേഹത്തിലല്ലാ
മടിക്കേണ്ട സത്യം സദാ നിന്നിലായി
തുടിക്കുന്നതായ് കാണ്മതില്ലേ സുഹൃത്തേ

ഉടല്‍ തന്നതാകുന്നകാരുണ്യമല്ലേ
തുടര്‍ ന്നിങ്ങുകാണുന്നതീവിശ്വമായ് നാം
മടിക്കാതെയാടേണമെന്നും നമുക്കീ
കടം കൊണ്ടതാം ദേഹമുള്ളോരുകാലം

വിശ്വം നീ തന്നെയായിക്കരുതിയുമതിലായ് ക്കാണ്മതായുള്ളതെല്ലാം
വിശ്വേശാ! നിന്‍ പദാബ്ജേയമരുമൊരുകണം മാത്രമായ് കണ്ടുമീ ഞാന്‍
വിശ്വാസത്തോടുകൂപ്പുന്നടിമലരിണയില്‍ ചേര്‍ക്കണേ മാനസത്തി-
ന്നാശ്വാസം തന്നിടാനായ് മമ മൊഴിയഖിലം പൂക്കളായിട്ടുനിത്യം