Archive for December, 2016

വാക്കിന്‍ വ്യാപാരിയത്രേ! ലഹരി പകരുവാന്‍
വാക്കുകള്‍ പോല്‍ നരന്നാ-
യിക്കാണും വാഴ്വിലില്ലാപൊരുളതിലുലയും
മാനസം കാറ്റിലാടും
പൂക്കള്‍ പോലത്രെ കിപ്ളിങ്ങിനു, പറയുവതാം
വാക്കു വന്നെത്തിടുന്നാ
ദിക്കില്‍ ക്കാണുന്നതാരാ, ണവിടെയുണരുമീ
ചിന്ത വന്നെങ്ങു നിന്നോ

ധ്യാനം 

Posted: December 30, 2016 in തോടകം

ശിവനെന്നതു നിര്‍മ്മലമാമൊളിയാ-
യിവനുള്ളിലമര്‍ന്നതു തന്നെ, സദാ
ശിവ ശക്തി, യതാണുലകായ് മനമാ-
യി വരുന്നതു സര്‍വ്വമതില്‍ കലരും

കുടമാമുടലിന്നകമേ സതതം
പിടയും മമ ജീവനു നിന്‍ കൃപ താന്‍
കുടജാദ്രിനിവാസിനി രക്ഷ, തുണ-
ച്ചിടണേ പ്രണമിപ്പു പദാംബുരുഹേ

വാസുദേവ!+ കൃപയായി ജീവനാ-
ശ്വാസമേകിടുവതായി നിത്യവും
നീ സദാ ഭുവി നിറഞ്ഞിടുന്നുവെന്‍
ശ്വാസമെന്നുടലിലെന്നപോലവേ

(രഥോദ്ധത)

+എല്ലായിടത്തും എല്ലാ ജീവനിലും വസിക്കുന്നവന്‍ എന്ന സങ്കല്പത്തില്‍

“വസനാത് സര്‍വ്വഭൂതാനാം
വസുത്വാത് ദേവയോനിഷു
വാസുദേവസ്തതോ ജ്ഞേയോ
യോഗിഭിസ്തത്വദര്‍ശിഭിഃ”

“സര്‍വ്വത്രാസൗ സമസ്തം ച
വസത്യത്രേതി വൈ യതഃ
തതഃ സ വാസുദേവേതി
വിദ്വദ്ഭിഃ പരിഗീയതേ”

സമസ്യാപൂരണം 

Posted: December 29, 2016 in Uncategorized

അരിയന്നൂര്‍ അക്ഷരശ്ലോകത്തിലേയ്ക്ക് ഈ ആഴ്ചത്തെ സമസ്യാപൂരണം 

ഇരുളിലുലകമാമീകാട്ടിലായ് പെട്ടു ഞാനി-
ന്നൊരുതുണ കൃപയാകും വേണുഗാനാമൃതം താന്‍ 
ഗുരുപവനപുരേശാ! ഘോരജന്തുക്കളുണ്ടി-
“ങ്ങൊരു പിടിയുമെനിക്കില്ലെന്തിനി ചെയ്തിടേണ്ടൂ”

ധ്യാനം 

Posted: December 29, 2016 in പഞ്ചചാമരം

മനസ്സിലെത്തിടുന്നതായ മോഹമൊക്കെ നല്കിടും
മനപ്രയാസമെന്നറിഞ്ഞു നിന്‍ പദം സ്മരിക്കുവാന്‍
മനം ശ്രമിച്ചിടുന്നു വന്നിടുന്ന ചിന്ത ഹാരമായ്
നിനക്കു നല്കിടുന്നു വിഘ്നരാജ! നീ തുണയ്ക്കണേ

കരുണയാണുലകിൻ ബല, മന്യനും
വരുവതാം കദനം തവ നോവു പോൽ
കരുതുവാനരുളും കൃപയേശു നീ
ഗുരുവെനിക്കുനമിപ്പു പദാംബുജം

.
വിശുദ്ധം ശിവം ശാന്തമാം ലാസ്യഭാവം
വിശിഷ്ടം, ശിവേ! താണ്ഡവത്തിന്‍ ബലം നീ
വിശാലപ്രപഞ്ചത്തിനാധാരമാകും
വിശാലാക്ഷി നിന്‍ പാദപദ്മേ പ്രണാമം

പിറന്നു പുല്‍ക്കൂട്ടിനകത്തു ജീസസ്
മറന്നു ലോകം കദനം, ജഗത്തില്‍
തുറന്നു വച്ചൂ കൃപ, മാനവര്‍ക്കായ്
തുറന്നു നീ സ്വര്‍ഗ്ഗകവാടമത്രേ

എരിഞ്ഞടങ്ങും തിരിപോല്‍ കിടന്നൂ
കുരിശ്ശിലായ്, പിന്നെയുയര്‍ത്തെണീറ്റൂ
മരിക്കുമോ ദൈവസുതന്‍, മനസ്സേ
സ്മരിക്കു നീ, സ്നേഹമവന്റെമന്ത്രം

ദിനകരനരികത്തായ്‌ വന്നതായ്‌ കണ്ടറിഞ്ഞി-
ട്ടിനനെയലകളാം തൻ കൈകളാൽ സ്വീകരിക്കും
ദിനവുമലകടൽ കണ്ടങ്ങിരിക്കുന്നൊരെന്നിൽ
“കനവുകളുണരുന്നൂ മന്മനം തുള്ളിടുന്നൂ.”

ഒരിക്കൽ മരിക്കേണ്ടതാണെന്നുചൊല്ലി-
ക്കരഞ്ഞെന്തുകാര്യം മരിക്കാതെയാമോ?
ഇരിക്കുന്ന കാലത്തിലാവുന്ന പോൽ നീ
‘ചിരിക്കൂ നിനക്കെന്തു ചേതം ചിരിച്ചാൽ’