Archive for July, 2017

നിത്യം ശ്രീയേറ്റുമാനൂര്‍ നഗരിയിലമരും
ശങ്കരാ! നീ കനിഞ്ഞെന്‍
ഹൃത്താരില്‍ വാണിടേണേ മമ ഹൃദിയുണരും
ചിന്തകള്‍ പൂക്കളായി
എത്തീടേണം പദാബ്ജേ ശരണമടിയനേ-
കീടണേ നിന്റെ നാമം
ഭക്ത്യാ പാടീടുവാനായരുളുക വരിയെന്‍
തൂലികത്തുമ്പിലെന്നും

റഫി

Posted: July 31, 2017 in സ്രഗ്ദ്ധര
സൈഗാള്‍ കച്ചേരി പാടാനണയുമളവിലായ്
വൈദ്യുതിക്കേടിനാല-
ന്നാകില്ലെന്നായ് പറഞ്ഞൂ റഫിയൊരുകുറിയ-
ന്നാദ്യമായ് സ്റ്റേജിലെത്തീ
സംഗീതത്തില്‍ ത്തിളങ്ങീസിനിമയിലതു പോല്‍
വേറൊരാളില്ല പാടാന്‍
സംഗീതത്തിന്റെ സുല്‍ത്താന്‍ സ്മരണയിലമരും
നിത്യവും ഭാരതത്തില്‍
 
 

ഏഴാം സ്ഥാനത്തി, ലേവം വരുമഥ പതിനാ-
ലിങ്കലായിട്ടുമത്രേ
യേഴേഴായാക്കിടും പോല്‍ യതി, മ ര ഭ ന-
യെന്നൊക്കെയാദ്യം ഗണങ്ങള്‍ 
ഏഴെണ്ണം കാണുമല്ലോ ഗണമിതിലഖിലം
പാര്‍ക്കിലാ, യന്ത്യഭാഗേ
വാഴുന്നൂ മൂന്നു വട്ടം യഗണമിതു കണ-
ക്കായ് വരും സ്രഗ്ദ്ധരയ്ക്കായ്

പറഞ്ഞതെല്ലാം ചില വാക്കുതാനെ-
ന്നറിഞ്ഞിടേണം. തവ ലീലയെല്ലാം
അറിഞ്ഞതാരുണ്ടു, ഫണീന്ദ്രനാമോ
പറഞ്ഞിടാന്‍ ഞാനിവിടെന്തു ചൊല്ലാന്‍

കുറച്ചു മാത്രം മമ മാനസം ക-
ണ്ടറിഞ്ഞതാണിങ്ങതു ചൊല്ലുവാനായ്
കുറിച്ചതാണെന്നു ധരിക്ക നിന്നെ-
ക്കുറിച്ചു ഞാനെന്തിഹ ചൊല്ലുവാനും

“വചോ വിഭൂതീര്‍ ന തു പാരമാർത്ഥ്യം”

കൃഷ്ണന്‍ കാന്ത, മിരുമ്പു ഭക്തമനമ-
ത്രേ നിന്റെയാകര്‍ഷണാത്
കൃഷ്ണാ! നിന്നരികത്തു വന്നിടുവതാ-
ണല്ലാതെയാവുന്നതോ
തൃഷ്ണയ്ക്കൊത്തു വസിച്ചിടുന്നൊരിവനും, 
നൈവേദ്യമായ് നിത്യവും
കൃഷ്ണന്നായ് കരുതുന്നു ഭക്തിനവനീ-
തം നീയെടുത്തീടണേ

തൊടാനായ് ശ്രമിക്കുന്നു നീ മെല്ലെയായി-
ട്ടടുത്തെത്തവേ ദര്‍പ്പമെന്നാലതിന്നോ
തൊടാനായിടുന്നൂ ഭവാനേയതിന്‍ മേല്‍
തുടങ്ങീടണേ നിന്റെയാനന്ദനൃത്തം

ജ്ഞാനം ഭക്തിയുമൊന്നു തന്നെ കൃപയായ്
തന്നുള്ളിലെജ്യോതിയായ്
താനേ കണ്ടറിയുന്നതാകിലറിവായ്
സത്യം ഗ്രഹിച്ചീടുകില്‍
ആനന്ദം ഹൃദി തിങ്ങിടുന്നു, മൊഴിയാ-
ലോതാനുമാകാത്ത പോല്‍
സാനന്ദം നടമാടുമത്രെമനമെ-
ന്നായീടിലോ ഭക്തിയായ്

മനം തന്നെ കാളിന്ദിയത്രേ ഭവാനേ
നിനച്ചിങ്ങു വാഴുന്നു പോല്‍ ദര്‍പ്പമെന്നും
മനസ്സില്‍ വസിക്കുന്നതാം കാളിയന്‍ നീ
കനിഞ്ഞൊന്നണഞ്ഞീടണേ നൃത്തമാടാന്‍
ഒരു നാളു *മഹര്‍ഷിയോടു ചെ-
ന്നൊരു ശിഷ്യന്‍ മനമൊന്നടങ്ങുവാന്‍
അരുളീടുക മാര്‍ഗ്ഗമെന്നതി-
ന്നൊരു മട്ടായ് പറയാനൊരുങ്ങി പോല്‍
 
അന്നണ്ണാനുകളഞ്ചിനേയുമവിടെ-
ക്കൂട്ടില്‍ കയറ്റീടുവാ-
നന്നേരത്തു മഹര്‍ഷിയോടിടുവതായ്
കണ്ടത്രെ ചൊന്നേവമായ്
ചെന്നാല്‍ പൂച്ച പിടിക്കുമെന്നതറിയി-
ല്ലണ്ണാനറിഞ്ഞീടുകില്‍
വന്നെത്തീടുമതൊക്കെയും തനിയെയെ-
ന്നോതീയവന്നോടു പോല്‍
 
പുറമേ കദനം നിറഞ്ഞതാ-
യറിയുമ്പോളകമേയ്ക്കു മെല്ലവേ
തിരിയും മനമത്രെ വേറെയി-
ല്ലൊരുമാര്‍ഗ്ഗം ഭൂവി ജീവനെന്നുമേ
 
( * രമണമഹര്‍ഷിയെ കുറിച്ചു കേട്ടിട്ടുള്ള കഥ)

ഗുണം പോരയെന്നാലുമെന്‍ ചിന്തയാകും
ഗണങ്ങള്‍ക്കു നിന്‍ പാദപദ്മത്തിലെത്താന്‍
ഗണേശാ! കനിഞ്ഞേകു മാര്‍ഗ്ഗം, സദാ നീ
ഗണിക്കേണമേ ഭക്തനായെന്നെയെന്നും