ധ്യാനം 

Posted: July 30, 2017 in ഭുജംഗപ്രയാതം

എനിക്കുള്ളതാണത്രെ ഭൂവെന്നു ചൊല്ലി
കനക്കുന്നു പോര്‍ വാഴ്വിലെന്നാലതെല്ലാം
നിനയ്ക്കുന്ന നേരം ചിരിക്കുന്നു ഭൂമി
ത്തനിക്കെത്ര നാള്‍ വാണിടാനുള്ളതെന്നായ്

പിറക്കുന്നു മണ്ണില്‍, വളര്‍ന്നിട്ടു മര്‍ത്ത്യാ
പറന്നെന്നത്ര ദൂരം ഗമിച്ചീടിലും നീ
തിരിച്ചെത്തണം മണ്ണിലേയ്ക്കെന്നു കാണാ-
തിരിക്കുന്നതോര്‍ത്താല്‍ വിചിത്രം ചരിത്രം

മറഞ്ഞില്ലെ ഖട്വാംഗനും രാമനെന്നെ
മറയ്ക്കാന്‍ തുനിഞ്ഞാ ഹിരണ്യക്ഷനെല്ലാം
കുറച്ചിങ്ങു വാഴുന്നനേരത്തിതെല്ലാം
മറന്നിട്ടു കഷ്ടം മദിക്കുന്നതെന്തേ

(ഇന്ന് ഭാഗവതത്തില്‍ വായിച്ചത് ദ്വാദശസ്കന്ധത്തില്‍ മൂന്നാമദ്ധ്യായം … ഭൂമി രാജാക്കന്മാരെ പരിഹസിക്കുന്നത്)

Leave a comment