Archive for September 4, 2017

ഓണം 

Posted: September 4, 2017 in ഉപേന്ദ്രവജ്ര

വന്നെത്തിയോണം മലയാളമിന്നാ
സന്തോഷമാം പൂവുകളാൽ സമൃദ്ധം
എന്നും മനസ്സിൽ തിരുവോണമുണ്ടായ്‌
വന്നീടുവാൻ നന്മ വിളഞ്ഞിടട്ടെ‌

നിന്നില്‍ പ്പിറന്നു, തിരയാഴിയിലെന്നപോലെ-
ത്തന്നേ സ്വയം മറയുമങ്ങയിലേയ്ക്കു തന്നെ
എന്നത്രെ ചൊല്വു തിരയാം പല ദിക്കിലെന്നാല്‍
“നിന്നെപ്പിരിഞ്ഞൊരുസുഖം ഭുവനത്തിലുണ്ടോ

ആറാട്ടിനായി മമ മാനസമാം സരസ്സിൻ
തീരത്തു വന്നണയണേ നിഗമേശ! ചിത്തേ
കാരുണ്യമാം തവ തിടമ്പു കുളിച്ചു പൊങ്ങും
നേരത്തു നിന്നിലലിയും മമ ചിന്തയെല്ലാം

നിൻ വേണുഗാനരസമെന്നിലെ ഭക്തിയായി-
ട്ടെന്തേ വരാത്തു ഗുരുവായുപുരേശ! വാഴ്‌വാം
വൃന്ദാവനത്തിലമരും പ്രിയ രാധ ജീവൻ
നിന്നോടു ചേരുവതിനായ്‌ കൊതിയോടു നിൽപൂ

ധ്യാനം 

Posted: September 4, 2017 in സ്രഗ്വിണി

സൂര്യനേ മൂടിടും മേഘജാലങ്ങളീ
പാരിലെല്ലാമിരുട്ടാലെ മൂടീടവേ
ആരു താനാകിലും നന്മയാലീവിധം
“മാരിവില്‍തീര്‍ത്തതിന്നേകിടാം നന്ദി, ഞാന്‍”

ധ്യാനം 

Posted: September 4, 2017 in വംശസ്ഥം

ഒരിക്കലങ്ങെത്തിയിരന്നു മണ്ണുമ-
ന്നറിഞ്ഞു സര്‍വ്വസ്വവുമേകി മന്നവന്‍
ഇരന്നിടേണ്ടിങ്ങിനിമേലിതോര്‍ത്തു താന്‍
കുറച്ചു മണ്ണങ്ങു ഭുജിച്ചതെന്‍ ഹരേ

മറയ്ക്കു കാണാൻ കഴിയാത്ത സത്യമായ്‌
മറഞ്ഞിരിക്കുന്നവനത്രെ വിസ്മയം
കുറച്ചവിൽ കൊണ്ടു വരുന്ന തോഴനേ-
യറിഞ്ഞു ചെന്നങ്ങു പുണർന്നു നിന്നതും

നിറഞ്ഞിടാം കൺകളിലായി കണ്ണുനീർ
മറഞ്ഞിടാമുണ്മയുമത്രെ മായയാൽ
മറന്നുവെന്നൊരു കുറി ശങ്ക തോന്നിടാം
മറക്കുമോ ഭക്തനെ ഭക്തവത്സലൻ

ധ്യാനം 

Posted: September 4, 2017 in വംശസ്ഥം

ശിരസ്സിലായ് വയ്ക്ക പദാബ്ജമെന്നുമീ-
ശ്വരന്നൊടായ് ചൊല്ലിയ തമ്പുരാനെ ഞാന്‍
സ്മരിച്ചു കൂപ്പുന്നു,സമസ്തവും ഭവാ-
നറിഞ്ഞു താന്‍ വിക്രമരൂപനേകി പോല്‍

മന്നിൽ സമത്വമതുപോലെ മനസ്സിലെന്നും
സന്തോഷവും ധനസമൃദ്ധിയുമൊത്തു തന്നെ
വന്നീടുവാൻ കനിയുമാഗുരുവായുരപ്പൻ
തന്നുള്ളിലായ്‌ തെളിയുവാനിടയായിടട്ടേ

എന്റേതിതെന്നു കരുതും സമയത്തു ചിത്തേ
വന്നെത്തിടുന്നു ഭയമെങ്കിലു, മെന്റെ, ഞാനും
നിന്റേതു താനിതി നിനച്ചമരുന്ന നേരം
ശാന്തം മനം കരുണയായ്‌ തെളിയുന്നു ലോകം