Archive for September 5, 2017

പവിത്രമാകും തവ നാമമോതാന്‍ 
നാവിന്നു നല്കീടുക ശക്തിയെന്നും 
സവിസ്മയം നിന്‍ തിരുരൂപമോര്‍ക്കാന്‍ 
നാവാമുകുന്ദാ പദഭക്തിയേകൂ

ഇരുട്ടിലായ് ഞാനുഴലുന്ന നേരം 
ചാരേയണഞ്ഞിറ്റുവെളിച്ചമേകാന്‍ 
വരുന്നവന്‍ താന്‍ ഗുരുവാപദാബ്ജം 
സ്മരിച്ചു ഞാന്‍ വന്ദനമേകിടട്ടേ

വരുന്നു മിന്നാമിനി വെട്ടമേകാന്‍ 
പാരാകെയും കൂരിരുളായിടുമ്പോള്‍ 
നേരാണു വേഗം പൊലിയാമതെന്നാല്‍ 
കാരുണ്യമേകും ഗുരു തന്നെയെന്നും 

ഒരുത്തനേറെപ്പണമൊപ്പമായ് സല്‍ 
പേരൊക്കെയുണ്ടാകുവതാകിലും കേള്‍ 
ഗുരുത്വമില്ലെങ്കിലതൊന്നുമേ തന്‍ 
കാര്യത്തിനുണ്ടാവുകയില്ലയത്രേ

സൂര്യന്റെ പുത്രന്‍ ഭൃഗുരാമശിഷ്യന്‍ 
വീരന്‍ ധനുര്‍വിദ്യയിലഗ്രഗണ്യന്‍ 
ഗുരുത്വമില്ലാത്തതിനാലെ വേണ്ടും 
നേരത്തു പാഴായറിവെത്ര കഷ്ടം 

ഒരാളമേരിക്കയിലേയ്ക്കു പോകും
കാര്യം ഗ്രഹിച്ചാല്‍ ചിരി വന്നു പോകും
വരും ദിനം കൃത്രിമബുദ്ധിയാലേ
വരും ഗുണം ചൊല്വതിനാണു പോലും

നിറച്ചു കാശുള്ളവരെന്തറിഞ്ഞൂ
ദാരിദ്രമില്ലാത്തവരോളമേവം
ധരിക്കണം ബുദ്ധിയുമാകയാലി-
ന്നാരുണ്ടിതില്‍ കൂടുതലായി യോഗ്യന്‍

അരിയന്നൂര്‍ അക്ഷരശ്ലോകത്തിലേയ്ക്ക് ഈ ആഴ്ചത്തെ സമസ്യാപൂരണം

അളിയനേ ഹലി കൊല്വതു കാട്ടിയും
കളികളാല്‍ കുരുവംശമുലച്ചുമാ
കളിചിരിയ്ക്കിടയില്‍ ഹരി ചൊല്കയോ
“കളിയിലും കളവാകരുതൊട്ടുമേ”

ഗുരുക്കളായുള്ളവരേ നിനയ്ക്കാ-
മോരോ ദിനം തന്നിലുമൊറ്റ നാളേ‌
സ്മരിക്കുവെന്നാലതുകഷ്ടമാണാ-
കാരുണ്യമാണിങ്ങറിയുന്നതെല്ലാം

അവിട്ടനാളായ്‌ കളമൊന്നൊരുക്കാം
പവിത്രമാം ചിന്തകളാലെ ചിത്തേ
സവിസ്തരം ചൊല്ലണമോണനാളിൽ
ശ്രവിച്ചതായുള്ള വിശേഷമെല്ലാം

അവിട്ടനാളിൽ ഭഗവാന്റെ ലീലകൾ
ശ്രവിച്ചിടാൻ പാടുവതിന്നുനേകണം
കവിത്വമല്ലാ, ഹൃദി ഭക്തി നല്ല പോ-
ലിവന്നു, വാതാലയനാഥ! വന്ദനം

ശുഭാംഗ! കാണുന്നവയൊക്കെയും നിന്‍
വിഭാഗമാണെന്നതുറച്ചുവെന്നാല്‍
ശുഭം മനം നിന്നിലലിഞ്ഞടങ്ങും
പ്രഭോ കനിഞ്ഞീടണമേയതിന്നായ്

(ഉപേന്ദ്രവജ്ര)