Archive for September 6, 2017

ധ്യാനം

Posted: September 6, 2017 in വസന്തതിലകം

സംസാരമായറിവതും ഭഗവാനതെല്ലാം
സംസാരിയായ മനമിന്നു മറന്നു പോലും
സംസാരചക്രമരുളും രസമിക്ഷുനീരായ്
നീ സന്തതം കരുണയോടെ തരുന്നുവല്ലോ

ശാന്തി

Posted: September 6, 2017 in വസന്തതിലകം

കാറ്റായ് വരുന്ന പല ചിന്തകളൊക്കെയങ്ങൊ-
ട്ടേറ്റിട്ടുമൊട്ടുമുലയാത്തൊരുദീപമായി
ഏറ്റം തെളിഞ്ഞുമരുവീടുവതാം മനസ്സില്‍
മുറ്റുന്നഭാവമറിയാമിഹ ശാന്തിയെന്നായ്

ധ്യാനം

Posted: September 6, 2017 in അപരവക്ത്രം

ഇരുളിലുമൊളിയായിരിക്കുമാ
പൊരുളറിവാണതു നല്കിടേണമേ
കരുണയൊടകമേയണഞ്ഞു നീ
യരുളണമേ പദമെന്‍ സരസ്വതീ

ധ്യാനം

Posted: September 6, 2017 in ഇന്ദ്രവജ്ര

പുല്ലാങ്കുഴല്‍ തെല്ലു കരഞ്ഞിരിക്കാ-
മല്ലോവതിന്‍ പോടു തുളച്ച നേരം
എല്ലാര്‍ക്കുമുണ്ടാവുകയില്ല ഭാഗ്യം
പുല്ലായ് പിറന്നിട്ടൊരു വേണുവാകാന്‍

തെല്ലുള്ളിലായ് പ്രാണനണഞ്ഞിടുമ്പോ-
ളെല്ലാം മറക്കും തനിയേ പിറക്കും
കല്ലും ലയിക്കുന്നളവത്രെ പാര്‍ത്താ-
ലെല്ലാമെ കാരുണ്യരസപ്രവാഹം

അല്ലായ്കിലാചുണ്ടിലണഞ്ഞിടാനോ
പുല്ലിന്നു സാധിപ്പതു, പാടിടുന്നൂ
പുല്ലല്ല പുല്ലാങ്കുഴലല്ല പാടാ-
നില്ലാ കരുത്തീവിധിമീതൃണത്തില്‍

ഗുരുനാഥന്‍ കനിഞ്ഞല്ലോ
വരുന്നൂ വാക്കിതേവിധം
കരുത്തെന്നും ഗുരുത്വം താന്‍
തരുന്നൂ ജീവനെന്നുമേ

വാഴ്വാണാല, യതിങ്കലായനുഭവം
താപം, സദാ തീയിലായ്
വാഴും മാനസമാണുതങ്ക, മുരുകി-
പ്പോകുന്നു ചൂടേല്‍ക്കവേ
പാഴാക്കീടരുതത്രെ നേര, മുരുകും
നേരത്തൊരുക്കീടണം
വാഴുന്നോനൊരുഹാര, മീകനകവും
ചേരില്ല മറ്റെങ്ങുമേ

ധ്യാനം

Posted: September 6, 2017 in മാലിനി

അരുവിയൊഴികിടും പോല്‍ തെന്നല്‍ വീശുന്ന പോലെ
വിരിയുമൊരു മലര്‍ പോല്‍ മാരി പെയ്യുന്ന പോലെ
കരുതിടുമിഹ നമ്മള്‍ ചെയ്തിടും കര്‍മ്മമെന്നാല്‍
വരുമതിനഴ, കേവം വാഴുവോനത്രെ ധന്യന്‍

കണ്ണില്‍ നിന്നു വരുന്നതായ കൃപ താന്‍
കാറ്റായ് വരുന്നൂ മന-
ക്കണ്ണിന്‍ ശാന്തതയാലെ മഞ്ഞുമലയായ്
കാണുന്നു കൈലാസവും
വെണ്ണീറാണണിയുന്നതത്രെയുടലില്‍
മോഹങ്ങളോ നാഗമാ-
യെണ്ണാമാഭരണങ്ങളാണവനഹോ
ലോകം മഹാതാണ്ഡവം

കൃപാവര്‍ഷം

Posted: September 6, 2017 in മാലിനി

മിഴിയിണകളെ മൂടാതെന്നെ നോക്കുന്നനേര-
ത്തഴലുകളകലുന്നൂ കണ്ണ! കാറ്റായി ദേഹം
തഴുകിയതറിയുന്നൂ നിന്‍ കൃപാവര്‍ഷമെന്നാ-
മൊഴി മമ ഹൃദയത്തിന്‍ സ്പന്ദമായ് കണ്ടിടുന്നൂ

ധ്യാനം

Posted: September 6, 2017 in അപരവക്ത്രം

ഒരുപൊരുളിതിനേ മനസ്സു താന്‍
കരുതിയഹോ പലതായ് ഗുരോ ഭവാന്‍
അരുളിയൊരുപദേശമോര്‍ക്കിലോ
വരുമകമേയറിവായതേകവും