Archive for September 7, 2017

ധ്യാനം 

Posted: September 7, 2017 in മാലിനി

അഭയമരുളിടുന്നോനത്രെയെന്നും ത്രയീശന്‍
സഭയമവനെയെന്തിന്നോര്‍ക്കണം മര്‍ത്ത്യനയ്യേ!
അഭയവരദനല്ലേ ഭക്തനായ് വാഴ്വിലെല്ലാ
വിഭവവുമവനേകീടുന്നതായത്രെ കാണ്മൂ

.
നിസ്സാരമായ സുഖമിങ്ങു തിരഞ്ഞു ലോക-
ത്തിന്‍ സാരമായ ഭഗവാനെ മറന്നിടുന്നൂ
നിസ്സംശയം മറ മറച്ചു നിജം മനസ്സീ
സംസാരമാകെയലയുന്നു വിചിത്രമോര്‍ത്താല്‍

കരുണയൊടെത്തൂ മമ ഹൃദി തിങ്ങു-
ന്നിരുളകലാനായ് വരമരുളേണേ
ഗുരുവരനായിത്തെളിയണമെന്നും
മുരുക! തൊഴുന്നേന്‍ തവ പദയുഗ്മേ

കൊഴിയുമിലയിലെല്ലാം പാദമൂന്നീട്ടു താനീ
വഴിയിലനുദിനം ഞാന്‍ പോകണം കര്‍മ്മമാര്‍ഗ്ഗേ
പഴയതു മറയേണം മാറിടും കാലമൊത്തി-
ല്ലൊഴിവുകഴിവു ലക്ഷ്യത്തോളമെത്തീടുവാനായ്

പ്രചോദനം
No escaping it
I must step on fallen leaves
to take this path.

വാളും വാക്കും രണത്തിന്നാ-
യാളുന്നോര്‍ ഭീതിയേകുമീ
നാളില്‍ ഫേസ്ബുക്കിനുള്ളോരീ
വാളും യുദ്ധക്കളം സഖേ

രാസം

Posted: September 7, 2017 in വസന്തതിലകം

രാസം ഹരേ! കരുണ താനതു ജീവനെന്നും
സംസാരചക്രമരുളുന്നു രസിച്ചിടുന്നു
സംസാരിയായ മനമത്രെ കൃപാകടാക്ഷം
ഞാന്‍ സന്തതം നുകരുവാന്‍ കനിയുന്നതും നീ

സ്രഷ്ടാ! മനസ്സറിവതൊക്കെയുമങ്ങു തന്നെ
സൃഷ്ടിച്ചു പിന്നെയമരുന്നുവതിങ്കലെന്നാല്‍
കഷ്ടം തിരഞ്ഞു കഴിയുന്നടിയന്‍ ജഗത്തില്‍
സൃഷ്ടിച്ച നിന്നെയലയാഴിയെയെന്ന പോലെ

(വസന്തതിലകം)