Archive for September 8, 2017

ധ്യാനം 

Posted: September 8, 2017 in മാലിനി

അരുവി പറയുമത്രേ ശൈലരാജാവു ചിത്തേ
കരുതിയ പല മട്ടായുള്ളതാകും രഹസ്യം 
വരുമളവതു താഴ്വാരത്തൊടായ്, വാഴ്വിലെല്ലാ-
വരുമറിവതിനായും ഹേതുമായീടുമത്രേ

പ്രചോദനം 

The babbling Brook tells
Secrets of the mountain king
To the green valley

ധ്യാനം 

Posted: September 8, 2017 in .മത്തേഭം

ഞാനെന്ന ചിന്തയകലാനായി ഭക്തിയിവ-
നുള്‍ത്താരിലായരുളു ചോ-
റ്റാനിക്കരേ മരുവുമമ്മേ മനസ്സിലിരു-
ളാണൊക്കെ മാറിയൊളിയായ്
ജ്ഞാനം തെളിഞ്ഞു വരുവാനായി ജീവനരു-
ളീടേണമേ കരുണയായ്
താനിങ്ങു കാണ്മു തവ രൂപം നമിപ്പു പദ-
താരില്‍ ശ്ശിവേ മമ മനം 

നിന്നേയെടുത്തു ഹരി തന്നുടെ ചുണ്ടിലായ്‌ ചേർ-
ക്കുന്നേരമോതുകവനോടിവനെ കുറിച്ചായ്‌
എന്തെങ്കിലും, മുരളികേ, യതുകേട്ടു നോക്കു-
ന്നെന്നാകിലേ സുകൃതമെന്നു നിനച്ചിടുന്നേൻ

പ്രചോദനം

അയി മുരളി! മുകുന്ദസ്മേരവക്ത്രാരവിന്ദ-
ശ്വസനമധുരസജ്ഞേ! ത്വാം പ്രണമ്യാദ്യയാചേ
അധരമണിസമീപം പ്രാപ്തവത്യാം ഭവത്യാം
കഥയ രഹസി കര്‍ണ്ണേ മദ്ദശാം നന്ദസൂനോഃ

ധ്യാനം 

Posted: September 8, 2017 in .മത്തേഭം

ഓട്ടൂര്‍ കുറിച്ച വരിയില്‍ ക്കണ്ട ഭക്തിമധു-
വല്പം നുകര്‍ന്ന മനമേ
കിട്ടുന്നതാം സുഖമറിഞ്ഞീടണം കരുണ-
യെന്നായ്, കുറിക്കുവതിനായ്
കിട്ടുന്നതല്ല വരി താനേ, മനസ്സിലതു
വാതാലയേശകൃപയാല്‍
കിട്ടുന്നു, ഭക്തമനതാരിന്നതാണമൃത-
മെന്നോര്‍ത്തു നീ നുകരണേ

ധ്യാനം 

Posted: September 8, 2017 in .മത്തേഭം

നിത്യേന നിന്റെ തിരുനാമം ജപിച്ചു കഴി-
യാന്‍ ഭക്തിയേകു ഹൃദി നീ
സത്യസ്വരൂപ! തവ തൃപ്പാദപദ്മമക-
താരില്‍ ത്തെളിഞ്ഞു വരണേ
പ്രത്യക്ഷമായ ഭുവനം നിന്റെ രൂപമിതു
കാണാന്‍ കനിഞ്ഞരുളണേ
ഹൃത്താരിലായറിവൊരല്പം നമിപ്പു പദ-
താരില്‍ സദാ കനിയണേ

നിന്മന്ദഹാസമകമാനസതാരിലെത്തും
സമ്മോഹനാസ്ത്രമതുകൊണ്ടുലയുന്നനേരം
എന്മാനസത്തിലുണരും തവ രൂപമേറ്റം
സമ്മോഹനം ഭുവനസുന്ദരനെന്റെ കണ്ണന്‍

കുമുദവും കുമുദത്തിനു കാണ്മതാം
വിമലമാമഴകും ഭഗവാന്‍ സ്വയം
അമൃതമായണയുന്നതുമങ്ങു താന്‍
മമ മനസ്സിനു സാന്ത്വനമേകുവാന്‍

(ദ്രുതവിളംബിതം)