Archive for September 10, 2017

കണ്ണേ മടങ്ങരുതു, തേടുക വാഴ്വി, ലേറും
കണ്ണീരു കണ്ടു പതറാതെ തിരഞ്ഞിടേണം
കണ്ണിന്നു കാഴ്ചയരുളുന്നവനാരു താ, നുള്‍
ക്കണ്ണായ് വസിച്ചിടുവ, തെന്നറിയും വരേയ്ക്കും

ധ്യാനം 

Posted: September 10, 2017 in സ്രഗ്ദ്ധര

കുട്ടിക്കാലം മുതല്ക്കായ് പല കുറി തൊഴുവാന്‍
വന്നു നിന്‍ മുന്നി, ലായെ-
ന്നിട്ടെന്തേയെന്മനസ്സിന്നകമെ തെളിയുവാന്‍
ശ്രീഹരേ വൈകിടുന്നൂ
കാട്ടിത്തന്നൂടയോ, നീ സതതമിവനിലു-
ണ്ടെന്നു, ഹൃത്താരിലായ് വ-
ന്നിട്ടേകീടൂ ഭക്തി തൃക്കാലിണകളിലിവനും,
ഭക്തനായ് തീര്‍ക്കുകെന്നേ

എന്റേതോയെന്മന, സ്സിങ്ങലയുമതിനു തോ-
ന്നുന്നമട്ടായി നിത്യം,
തന്നീടും നോവുമേറ്റം, ഹിതമതിനറിയി-
ല്ലെന്നതോ പോട്ടെയല്പം
നിന്നൂടേ ഞാന്‍ വിളിച്ചാല്‍, വെറുതെയതുമിതും
തേടിയോടാതെയൊന്നെന്‍
മുന്നില്‍ വന്നൂടെ. കേഴും സമയമിവിടെയാര്‍
വേറെയാശ്വസമേകാന്‍

പ്രാണന്‍ പോലതു തന്നെയായുമമരു-
ന്നുണ്ടെങ്കിലും നിന്നെയാര്‍
ക്കാണോ തെല്ലറിയാന്‍ കഴിഞ്ഞിടുവതീ-
രണ്ടും മറഞ്ഞീടുകില്‍
കാണാമാടിയ ദേഹമൊട്ടുമിളകാ-
നാകാതെ നില്ക്കുന്നതായ്
കാണും കണ്ണിനു കണ്ണുമായ് കരുണയായ്
നില്ക്കും പ്രഭോ വന്ദനം

ഗോഹിതാ! ഭൂമി ഗോവല്ലയോ, നിത്യവും
നീ ഹിതം നല്കിടുന്നുണ്ടു, കണ്ടീടുവാന്‍
മോഹമേകുന്നതാം മായ മാറ്റീടണേ
ശ്രീഹരേ ഭക്തിയേകീടുമെന്മാനസേ

(സ്രഗ്വിണി)