Archive for September 11, 2017

ഭക്തനല്ലടിയ, നുള്ളിലായി ഭയമുണ്ടു പോല്‍ പല വിധത്തിലായ്
ഭക്തിയുള്ളവനു ഭീതി കാണുവതുമില്ല, നിത്യമഭയം തരും
ശക്തി തന്നെ തുണയായിരിപ്പവനു പേടിയെന്തിനൊടുകാണു, മെന്‍
ഹൃത്തടത്തിലിനിയെങ്കിലും തെളിയണേ മുരാരെ! പദപങ്കജം

ഭക്തനല്ലിവനുകാണ്മതാമുലകിലുള്ളതായ പലതിന്നൊടാ-
സക്തിയുണ്ടകമെ കണ്ടിടേണ്ടവനെ കണ്ടതില്ലയതിനാലെയോ
ഭക്തിയുള്ളവനു മോഹമൊന്നുവരുമെങ്കിലോ പദയുഗത്തിലൊ-
ന്നെത്തിടാൻ തൊഴുതിടാനിതെന്ന്യെയൊരു ചിന്തയുള്ളിലണയുന്നതോ

ഭക്തിയുള്ളവനു കാണ്മതൊക്കെ ഭഗവാന്‍ സ്വയം പദയുഗത്തെയാ-
സക്തിയോടെ ഹൃദിയോര്‍ത്തു വാഴുമുലകം വ്രജം പശുപയായവന്‍
മത്തനായ് ചമയുമത്രെ രാസരസമോടെയാടുമതു കാണുവാ-
നെത്തുമത്രെ മുനി നാരദാദികളുമെത്ര നാളതിനു കാക്കണം

നിത്യമായ പൊരുളൊന്നുമാത്രമിഹ കാണ്മതൊക്കെയൊരു മായയായ്
മാത്രമേ കരുതു ഭക്തനത്രെയതുകൊണ്ടുതേടുമിഹ നിത്യവും
സത്യമത്രെയതു കാണുവോളമൊരുപാടു കേഴുമൊരുഗോപിയായ്
നൃത്തമാടുമൊരുമാത്ര കാണ്കിലഖിലം മറന്നതിലടങ്ങിടും

ഭക്തിയുള്ളവനു കാണുമത്രെ പല സിദ്ധിയൊത്തു മനതാരിലായ്
തൃപ്തി, യെന്നു പറയുന്നതുണ്ടു ബഹുമാന്യനായ മുനി നാരദര്‍ *
മത്തനാകുമവനെന്നു ചൊല്ലിടുവതുണ്ടു, ഗോപിസമമായി മേ
ഭക്തനാക്കുവതിനെത്തുമെന്നു മരുതാലയേശനിവനുള്ളിലായ്

* നാരദരുടെ ഭക്തിസൂത്രം
(യല്ലബ്ധ്വാ പുമാന്‍ സിദ്ധോ ഭവതി അമൃതോ ഭവതി തൃപ്തോ ഭവതി..യജ്ജ്ഞാത്വാ മത്തോ ഭവതി സ്തബ്ധോ ഭവതി ആത്മാരാമോ ഭവതി’

എന്നും നിന്നെ വിളിച്ചിടുന്നു ഭഗവന്‍
കേള്‍ക്കുന്നതില്ലേയതി-
ങ്ങെന്‍ നെഞ്ചിന്നകമേയുയര്‍ന്ന ഹൃദയ-
സ്പന്ദങ്ങളായെങ്കിലും
എന്തേ വന്നിടുവാന്‍ മടിച്ചിടുവതാ-
നാമം വിളിച്ചാല്‍ വരാ-
മെന്നല്ലേ പറയുന്നു ഭാഗവതവും
വേദാദിയും ശ്രീഹരേ

ഇരുട്ടില്‍ ഭയം തോന്നിടാം കൂടെ നില്ക്കാ-
നൊരാളും വരുന്നില്ലയെന്നും നിനയ്ക്കാം
കുറേയാളുവേണ്ടാ തുണച്ചീടുവാനായ്
മുരാരേ ഭവാന്‍ തേര്‍ തെളിയ്ക്കുന്ന നേരം

കരുത്തുറ്റതാം ഭീഷ്മരും ദ്രോണരെല്ലാം
നിരക്കുന്ന സൈന്യം നിരന്നോട്ടെ കൂട്ടായ്
ഇരിക്കുന്നു നീയെങ്കിലോ ഭീതിയില്ലാ
ഹരേ! നീ തെളിച്ചിടുമോ തേരിതെന്നും

കൊട്ടാരക്കര വാണിടുന്ന ഭഗവന്‍
നിന്‍ പാദപദ്മങ്ങളില്‍
തൊട്ടീടാന്‍ മമ ജീവനേകു കൃപ, ഞാന്‍
നിന്നെസ്തുതിക്കുന്നതാം
പാട്ടായീടണമെന്നുമെന്റെഹൃദയ-
സ്പന്ദങ്ങ, ളാശ്വാസമാ-
യിട്ടെന്മാനസതാരിലൊന്നു തെളിയൂ
വന്ദിച്ചിടുന്നേനഹം

ഗോവു ധരയത്രെ, യതിനായ്പലരുമേകും
നോവു, ടനെ മാറ്റുവതിനത്രെയവതാരം
ഭൂവിലണയുന്നു, പല നാളുമകതാരില്‍
മേവിടുക ഗോപതി! സദാതൊഴുതിടുന്നേന്‍

(ഇന്ദുവദന)

ധ്യാനം 

Posted: September 11, 2017 in സ്രഗ്ദ്ധര

പൂർണ്ണം പൂർണ്ണത്രയീശൻ ഭുവനമിതു ഭവാ-
നിൽ പിറന്നത്രെപണ്ടോ-
രർണ്ണോജം കാണ്മതായീ വിധിയുമതിനക-
ത്തത്രെ കാണാവതായീ
അർണ്ണോജാക്ഷാ ഭവാനേ പല കുറിയവനും
തേടിയത്രേയവന്നീ
വണ്ണം സൃഷ്ടിക്കുവാനായ്‌ ബലവുമറിവുമെ-
ല്ലാമെ നീ തന്നെയേകീ

ദർപ്പം കാളിയനാഗമായമരുമ-
ക്കാളിന്ദിയാം മാനസേ
തൃപ്പാദം തെളിയുന്ന കണ്ടു പുണരാ-
നായൊന്നവൻ വെമ്പി പോൽ
അപ്പോളാഫണി തൻ ഫണത്തിലുടനേ-
റും കൃഷ്ണ! നീയുള്ളിലാ-
യെപ്പോഴും തെളിയേണമേ കരുണയായ്‌
ദുഃഖങ്ങളറ്റീടുവാൻ‌‌

കാരുണ്യരൂപാ! തവ മാനസത്തിൽ
കാരുണ്യമുണ്ടാകണമെന്റെ നേർക്കായ്‌
ആരുണ്ടെനിക്കന്യഥ! തെല്ലുനീയാ
” കാരുണ്യപൂരം ചൊരിയേണമെന്നിൽ ”

പാരാകെ ചുറ്റിത്തിരിയുന്നുവെന്നുള്‍-
ത്താരില്‍ ത്തെളിഞ്ഞീടുവതായ നിന്നെ
കാരുണ്യമായിട്ടറിയാന്‍ മുരാരേ
“കാരുണ്യപൂരം ചൊരിയേണമെന്നിൽ

തീരുന്നു ദുഃഖങ്ങളൊരുത്തനുള്ളില്‍
കാരുണ്യമുണ്ടായ് വരുമെങ്കിലത്രേ
കാരുണ്യരൂപന്‍ ഹരി തന്നെ കണ്ണാ
” കാരുണ്യപൂരം ചൊരിയേണമെന്നിൽ

നേരുള്ളിലായ് കാണുവതിന്നു കാണു-
ന്നേരത്തു തോന്നുന്നോരുമോദമൊന്നീ
പാരിന്നു വേണ്ടിപ്പകരാന്‍ മുരാരേ
” കാരുണ്യപൂരം ചൊരിയേണമെന്നിൽ

ആട്ടം കണ്ടമരുന്നു നിത്യമിതിലാ-
യാടുന്നഹോ ഞാനുമെ-
ന്നിട്ടിന്നോളമറിഞ്ഞതല്ല കഥയും
നീ കാട്ടിടും മുദ്രയും
കിട്ടുന്നുണ്ടിവനല്പമോരമൃതമി-
റ്റും പോലൊരാനന്ദമി-
മ്മട്ടായിട്ടിഹ കണ്ടിടുന്നു ദിനവും
നിന്‍ കൃഷ്ണനാട്ടം ഹരേ

കാലം നീ സ്വയമത്രെ കാലയവനന്‍
നിന്‍ പിന്നിലായോടിയി-
ക്കാലത്തും തുടരുന്നു യാത്ര ഗുഹയില്‍
ചെന്നെത്തി മാഞ്ഞീടവേ
കാലില്‍ തട്ടിയ വസ്തുവല്ല നിജമാസത്യം
മറഞ്ഞെന്നതൊ-
ന്നാലോചിക്കുവതിന്നു മുന്നെയൊരു തീ-
യ്യില്‍ മാഞ്ഞു സ്വര്‍വ്വസ്വവും