Archive for September 12, 2017

ഈ രാവിലോ വരുവതങ്ങു ജഗത്തിനായി-
ക്കാരുണ്യമേകുവതിനായ് ഗുരുവായുരപ്പാ
പാരാകെ തിങ്ങുമിരുളുണ്ടു തെളിഞ്ഞിടൂ ഹൃ-
ത്താരില്‍ വിളങ്ങുമൊളിയായ് ഭഗവന്‍ നമസ്തേ

ധ്യാനം 

Posted: September 12, 2017 in ശിഖരിണി

ഇരുട്ടാല്‍ പാരെല്ലാം മറയുമളവില്‍-
ത്താനെ തെളിയും
പൊരുള്‍ നീ താന്‍, കൃഷ്ണാ! നിറവുമതിനാല്‍
കൃഷ്ണനിറമായ്
തരുന്നാനന്ദത്താ, ലകലുമിരുളെ-
ല്ലാമെ കതിരോന്‍
വരുമ്പോളെന്നോണം, മറയുമുടന-
ജ്ഞാനതിമിരം

മനക്കണ്ണാല്‍ കാണും പൊരുളു ഭഗവാ-
നത്രെ, യറിയാ-
നെനിക്കാവാതല്ലോ ദിനവുമിവിടെ-
ത്തേടുവതു ഞാന്‍
കനിഞ്ഞെന്നുള്‍ത്താരില്‍ ത്തെളിക, പകരൂ
ഭക്തി, യതിനായ്
നിനക്കായേകുന്നേന്‍ മനകമലമി
പ്പോഴെ, കനിയൂ

ധ്യാനം 

Posted: September 12, 2017 in ശിഖരിണി

നിറക്കുട്ടാല്‍ നിത്യം കനവുകളൊരു-
ക്കുന്നു ഭുവനം
മറയ്ക്കുന്നൂ സത്യം, കദനമവയേ-
കുന്നു ദിനവും
മറക്കുന്നൂ ചിത്തം, വഴികളടയും
മുന്നി, ലതു ഹാ
നിറയ്ക്കുന്നൂ കണ്ണീര്‍, മിഴികളിതു താന്‍
കാണ്മതുലകില്‍

മറയ്ക്കുള്ളില്‍ ത്തേടും ചില, രതിനെ ചെ-
യ്യുന്ന പണിയാ-
യുറപ്പിച്ചാമാര്‍ഗ്ഗേ തിരയു, മതു ക-
ണ്ടോരു ചിലരോ
ഉറക്കെചൊല്ലുന്നുണ്ടിവിടെ തിരുനാ-
മങ്ങ, ളറിവായ്
പറഞ്ഞീടുന്നെന്താണവയുമവിടു-
ന്നെന്നു പറയും

നിറക്കൂട്ടില്‍ മായും നിജ, മറിയുവാന്‍
നോക്കുമളവില്‍
കറുപ്പായ് കാണുന്നുണ്ടൊരുപൊരുളെനി-
ക്കെന്റെയകമേ
മറച്ചാലും മായാതമരുമതിനെ-
ത്തേടുവതിനായ്
മറക്കേണ്ടാ ലോകം തെളിയുമവനായ്
തന്നെയുലകം

എന്മാനസം മഥുരയാണതിലായി വാണീ-
ടുന്നോരു കംസനറിവൂ മമ ദര്‍പ്പമെന്നായ്
എന്നും വസിക്കുമുടലാം ജയിലിന്നകത്തായ്
നിന്‍ താതനാമുയിരു നീയണയുന്നതിന്നോ?

ജ്ഞാനസ്വരൂപനുയിരത്രെയവന്നു കൂട്ടായ്
താനുണ്ടു ഭക്തിയതുദേവകിതന്നെയല്ലോ
ഞാനോര്‍ത്തിടുന്നു കൃപയായവരില്‍ പിറക്കു-
ന്നാനന്ദരൂപനവിടുന്നു വരുന്നതിന്നോ

ഞാനെന്ന ചിന്ത മമ മാനസതാരിലായ-
ജ്ഞാനത്തിനാലെ ഭയമേകി വസിച്ചിടുന്നൂ
ജ്ഞാനപ്രകാശമരുളീടുക ദര്‍ശനത്താ-
ലാനന്ദമേകുവതിനായ് മമ മുന്നിലെത്തൂ

എന്നും നല്ല മനുഷ്യരേയിവിടെ വാ-
ഴാന്‍ സമ്മതിക്കാതെ നീ
നിന്നൊപ്പം വരുവാന്‍ വിളിച്ചിടുകിലോ
ഭാരത്തിനാലീധര
നന്നേ പാടുപെടും മരുത്‌പുരപതേ
പ്രത്യക്ഷമാം നിന്‍ രൂപമാ-
ണെന്നല്ലോ പറയുന്നു ഭാഗവതമി-
ന്നാരേവമായോതുവാന്‍ ?

(കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ശ്രീമദ് ഭാഗവതം സംഗ്രഹിച്ച് ഫേസ്ബുക്കില്‍ എഴുതിയിരുന്ന Unnikrishnan Warriar നമ്മെ വിട്ടു പിരിഞ്ഞുവത്രെ)
ആ ഭക്തവര്യന്റെ പാദാബ്ജത്തില്‍ എന്റെ ആദരാഞ്ജലികള്‍ __/\__

ഗോപ്താ! നീയമരുന്നുവെന്നിലതിഗൂ-
ഢം, ശാന്തിയാ വാഴ്വിനാ-
യെപ്പോഴും ബലമേകിടുന്ന പൊരുളായ്
വാഴുന്നു പോല്‍, സാന്ത്വനം
മുപ്പാരിന്നു കൊടുപ്പതങ്ങു, കൃപയായ്
കാണുന്നതെല്ലാം ഭവാന്‍
തൃപ്പാദം തെളിയേണമുള്ളിലതിനായ്
വന്ദിച്ചിടുന്നേന്‍ പ്രഭോ
(ശാര്‍ദ്ദൂലവിക്രീഡിതം)