ധ്യാനം 

Posted: September 12, 2017 in വസന്തതിലകം

എന്മാനസം മഥുരയാണതിലായി വാണീ-
ടുന്നോരു കംസനറിവൂ മമ ദര്‍പ്പമെന്നായ്
എന്നും വസിക്കുമുടലാം ജയിലിന്നകത്തായ്
നിന്‍ താതനാമുയിരു നീയണയുന്നതിന്നോ?

ജ്ഞാനസ്വരൂപനുയിരത്രെയവന്നു കൂട്ടായ്
താനുണ്ടു ഭക്തിയതുദേവകിതന്നെയല്ലോ
ഞാനോര്‍ത്തിടുന്നു കൃപയായവരില്‍ പിറക്കു-
ന്നാനന്ദരൂപനവിടുന്നു വരുന്നതിന്നോ

ഞാനെന്ന ചിന്ത മമ മാനസതാരിലായ-
ജ്ഞാനത്തിനാലെ ഭയമേകി വസിച്ചിടുന്നൂ
ജ്ഞാനപ്രകാശമരുളീടുക ദര്‍ശനത്താ-
ലാനന്ദമേകുവതിനായ് മമ മുന്നിലെത്തൂ

Leave a comment