ധ്യാനം 

Posted: September 12, 2017 in ശിഖരിണി

നിറക്കുട്ടാല്‍ നിത്യം കനവുകളൊരു-
ക്കുന്നു ഭുവനം
മറയ്ക്കുന്നൂ സത്യം, കദനമവയേ-
കുന്നു ദിനവും
മറക്കുന്നൂ ചിത്തം, വഴികളടയും
മുന്നി, ലതു ഹാ
നിറയ്ക്കുന്നൂ കണ്ണീര്‍, മിഴികളിതു താന്‍
കാണ്മതുലകില്‍

മറയ്ക്കുള്ളില്‍ ത്തേടും ചില, രതിനെ ചെ-
യ്യുന്ന പണിയാ-
യുറപ്പിച്ചാമാര്‍ഗ്ഗേ തിരയു, മതു ക-
ണ്ടോരു ചിലരോ
ഉറക്കെചൊല്ലുന്നുണ്ടിവിടെ തിരുനാ-
മങ്ങ, ളറിവായ്
പറഞ്ഞീടുന്നെന്താണവയുമവിടു-
ന്നെന്നു പറയും

നിറക്കൂട്ടില്‍ മായും നിജ, മറിയുവാന്‍
നോക്കുമളവില്‍
കറുപ്പായ് കാണുന്നുണ്ടൊരുപൊരുളെനി-
ക്കെന്റെയകമേ
മറച്ചാലും മായാതമരുമതിനെ-
ത്തേടുവതിനായ്
മറക്കേണ്ടാ ലോകം തെളിയുമവനായ്
തന്നെയുലകം

Leave a comment