Archive for September 13, 2017

ധ്യാനം

Posted: September 13, 2017 in ശങ്കരചരിതം

ശിവമേകിടുമൊരുവന്‍ മരുവിടുമെന്നുടെ ഹൃദയേ
ശിവനാണവ, നരുളും വഴിയിനി പോകണ, മതിനായ്
ശിവനേ! കനിയണമേ, ഹൃദി തെളിയൂ വരമരുളാന്‍
ശിവയൊത്തി, വനെഴുതുന്നവ ചരണങ്ങളിലണയാന്‍

ധ്യാനം

Posted: September 13, 2017 in ശങ്കരചരിതം

അരുണന്‍ തരുമൊളി രാത്രിയിലരുളും ശശി നിശ ത-
ന്നിരുളില്‍ ത്തെളിയുവതായിടു, മതു നിര്‍മ്മലമിതിയായ്
കരുതാം ചില, രതുമാഞ്ഞിടുമിനനെത്തിടുമളവൊ-
ങ്ങൊരുപുഞ്ചിരി മറയും, വിളറിടുമാശശികലയും

ധ്യാനം

Posted: September 13, 2017 in ശങ്കരചരിതം

ഗുരുവായുവുമൊരുനാളിവിടൊരുമിച്ചതു ഭഗവാ-
നൊരു കോവിലു പണിയാ, നതിലമരും മുരഹര! നീ
ഗുരുവായ് ഹൃദി തെളിയൂ കൃപ ചൊരിയുന്നൊരുപൊരുളായ്
മരുവീടണമരുളീടുക ശരണം തവ ചരണേ

ധ്യാനം

Posted: September 13, 2017 in ശിഖരിണി

ഭ്രമിച്ചിട്ടെന്തോ ഞാനെഴുതുവതിനാല്‍
തോന്നി കവിയായ്
ഗമയ്ക്കാവാ, മെന്നാല്‍ വിനയമുളവാ-
യില്ല ഹൃദി മേ
വമിക്കുന്നു ചിത്താം യമുനയിലഹം
ദര്‍പ്പമധുനാ
ക്ഷമിക്കേണേ കണ്ണാ! തുടരു നടനം
നിത്യമിതുപോല്‍

വൃഷപ്രിയാ+ വാഴ്വിലെ ധര്‍മ്മമാകും
വൃഷം നശിക്കാതെയിരിപ്പതിന്നായ്
ഝഷാദിയായ് വന്നു കളഞ്ഞു ഭൂവിന്‍
വിഷാദമങ്ങുന്നതിനായ് നമിപ്പൂ

(ഉപേന്ദ്രവജ്ര)

കവി

Posted: September 13, 2017 in മാലിനി

കവിയുമളവു ചിത്തേ സ്നേഹമാര്‍ക്കു, ണ്ടവന്‍ താന്‍
കവി, യവനെഴുതീടുന്നെന്തതാണത്രെ കാവ്യം
കവിതയൊഴുകിയെത്തും ഗംഗ പോല്‍ താന്‍ തടുക്കാ-
നിവിടെയൊരുവനാലും സാദ്ധ്യമാകുന്നതല്ലാ

തിരുജടയിലടക്കാം തെല്ലു ഭൂവിന്നു നല്കാ-
മൊരുബലമതു താങ്ങാന്‍ ദാഹനീരേകുവാനായ്
കരുണയൊടണയുന്നൂ, പുണ്യപാപങ്ങളെന്നാ-
യരുവി കരുതുകില്ലാ തന്നിലേയ്ക്കേറ്റെടുക്കും

ആ നീലവര്‍ണ്ണമെഴുമാഝഷമൊന്നിനാലെ-
ത്താനിന്നു ഭീതി വളരുന്നു മനുഷ്യചിത്തേ
നിന്‍ നീലിമയ്ക്കു കനിവാണു നിദാന, മെന്നാ-
ലീനീലമത്സ്യമൊരുദൈത്യസമന്‍, മുരാരേ!

പ്രത്യക്ഷമായ് വരുകയില്ലിതു മുന്നിലായെ-
ന്നത്രേയറിഞ്ഞിടുവതി, ങ്ങൊരുകേളിയത്രേ
ഹൃത്താരിനേറ്റുമതു ഭീതി പതുക്കെ, മെല്ലെ-
ച്ചത്തീടുമീ കളി കളിച്ചവരൊക്കെ കണ്ണാ!

കൈക്കുള്ളിലായ് ചെറിയ മീനു കണക്കു വന്നി-
ട്ടൊക്കെത്തകര്‍ത്തു മറയും ഝഷമായി മാറും
വെക്കം വളര്‍ന്നു, കളിയല്ലിതു കാര്യമാകും
ചിക്കെന്നു ഗൂഢമമരുന്നതിമിംഗലത്താല്‍

മീനല്ല പോ, ലൊരു തിമിംഗലമല്ല, മര്‍ത്ത്യര്‍
താനത്രെയീവിധമഹോ കളിയാടിടുന്നൂ
ജ്ഞാനം പകര്‍ന്നു തരുമീയുലകത്തിലായ-
ജ്ഞാനാന്ധകാരമറയാലെ മറഞ്ഞിരിപ്പൂ

എന്നും മനസ്സിനകമേ കൃപയായ് വാഴും
നിന്നെത്തിരിച്ചറിവതില്ലതിനാലെയല്ലേ
ഇന്നീവിധം മനുജനിങ്ങു വലഞ്ഞിടുന്നൂ
മന്നില്‍ ത്തെളിഞ്ഞു വരണേ ഹൃദി നിന്റെ രൂപം

ഇക്കാലമിങ്ങു കലി വാഴുവതാം യുഗം താ-
നുള്‍ക്കാമ്പിലില്ല കൃപ, മര്‍ത്ത്യരു തന്റെ കാര്യം
നോക്കിത്തിരക്കിലലയുന്നു ഭവനെ തെല്ലൊ-
ന്നോര്‍ക്കാനവര്‍ക്കു സമയം കുറവത്രെ കണ്ണാ

കാണുന്നതൊക്കെ സുഖമേകുവതെന്ന മട്ടായ്
കാണുന്ന ജീവനതു തേടിയലഞ്ഞിടുന്നൂ
കാണുന്നതില്ല തിരയേണ്ടതു തന്നിലെന്നായ്,
കാണുന്നതല്ല പകരുന്നതു സൌഖ്യമാര്‍ക്കും

പൊന്മാനു കാണുമഴകില്‍ കൊതി തോന്നി മാനിന്‍
പിന്നാലെ പായുമളവുണ്മ മറന്നു പോകും
പിന്നീടു കേഴുവതിനായിടയാക്കുമെന്നാ-
യന്നോര്‍ക്കയില്ലയിതുരാക്ഷസമായയത്രേ

എന്‍ നാവു നിന്നെയറിയില്ല പറഞ്ഞിടട്ടേ-
യെന്തെങ്കിലും, തവ കൃപാബലമൊന്നിനാലെ
നിന്‍ നാമമാട്ടെയവയൊക്കെ, വരുന്നു ശബ്ദം
തന്നെ പ്രഭോ കരുണയാലുലകത്തിലെങ്ങും

എന്തെന്തു നാവു പറയുന്നതു, മാനസത്തില്‍
ചിന്തിപ്പതും മിഴികളാലറിയുന്നതേവം
എന്നും ശ്രവിപ്പതു, മതൊക്കെ ഭവാന്‍ സ്വയം താ-
നെന്നായ് വരട്ടെ, കൃപയായ് തെളിയട്ടെ ലോകം

എന്തൊക്കെ ഞാന്‍ പറകിലും, മമ മാനസത്തില്‍
ചിന്തിക്കിലും, സതതമെന്നരികത്തു തന്നെ
നിന്നീടണേ, വഴിയെനിക്കിഹ വേറെയില്ല
നിന്നെ പ്പിരിഞ്ഞു കഴിയാനിനി സാദ്ധ്യമല്ലാ

വിഷയങ്ങളിലാടി നിത്യവും
വിഷമായെന്മനതാരിലെങ്കിലും
വൃഷഭാക്ഷ! കടാക്ഷമേകണേ
വൃഷമുള്ളില്‍ ത്തെളിയാന്‍ കനിഞ്ഞിടൂ

(വിയോഗിനി)

പാരാകെ തിങ്ങുമിരുളായൊരുനേരമെന്നുള്‍
ത്താരില്‍ വിളങ്ങുമവിടുന്നു വരില്ലെ, കാണാന്‍
ഈ രാവിലെന്റെ മനമാം യമുനാനദീ തന്‍
തീരത്തു കാത്തു മമ ജീവനമര്‍ന്നിടുന്നൂ

നീലത്തിമിംഗലമഹോ ഭയദം, നിനച്ചാല്‍
കാലസ്വരൂപന, വനാകെയുലച്ചിടുന്നൂ
മാലോകരേ! അതിനൊടൊത്തു കളിച്ചു തെല്ലെ-
ന്നാലേ, തിരിച്ചു വരവെന്നതു സാദ്ധ്യമല്ലാ

മത്തേകിടുന്നു മനതാരിനവന്‍, കളിക്കാ-
നെത്തുന്നവന്റെ ഹൃദയം കവരുന്നുവത്രേ
ഹൃത്താരിലായവനൊരിക്കലമര്‍ന്നവന്നി-
ല്ലത്രേ ഭയം മരണമെന്നതിനോടു പോലും