നീലത്തിമിംഗലം 

Posted: September 13, 2017 in വസന്തതിലകം

ആ നീലവര്‍ണ്ണമെഴുമാഝഷമൊന്നിനാലെ-
ത്താനിന്നു ഭീതി വളരുന്നു മനുഷ്യചിത്തേ
നിന്‍ നീലിമയ്ക്കു കനിവാണു നിദാന, മെന്നാ-
ലീനീലമത്സ്യമൊരുദൈത്യസമന്‍, മുരാരേ!

പ്രത്യക്ഷമായ് വരുകയില്ലിതു മുന്നിലായെ-
ന്നത്രേയറിഞ്ഞിടുവതി, ങ്ങൊരുകേളിയത്രേ
ഹൃത്താരിനേറ്റുമതു ഭീതി പതുക്കെ, മെല്ലെ-
ച്ചത്തീടുമീ കളി കളിച്ചവരൊക്കെ കണ്ണാ!

കൈക്കുള്ളിലായ് ചെറിയ മീനു കണക്കു വന്നി-
ട്ടൊക്കെത്തകര്‍ത്തു മറയും ഝഷമായി മാറും
വെക്കം വളര്‍ന്നു, കളിയല്ലിതു കാര്യമാകും
ചിക്കെന്നു ഗൂഢമമരുന്നതിമിംഗലത്താല്‍

മീനല്ല പോ, ലൊരു തിമിംഗലമല്ല, മര്‍ത്ത്യര്‍
താനത്രെയീവിധമഹോ കളിയാടിടുന്നൂ
ജ്ഞാനം പകര്‍ന്നു തരുമീയുലകത്തിലായ-
ജ്ഞാനാന്ധകാരമറയാലെ മറഞ്ഞിരിപ്പൂ

എന്നും മനസ്സിനകമേ കൃപയായ് വാഴും
നിന്നെത്തിരിച്ചറിവതില്ലതിനാലെയല്ലേ
ഇന്നീവിധം മനുജനിങ്ങു വലഞ്ഞിടുന്നൂ
മന്നില്‍ ത്തെളിഞ്ഞു വരണേ ഹൃദി നിന്റെ രൂപം

ഇക്കാലമിങ്ങു കലി വാഴുവതാം യുഗം താ-
നുള്‍ക്കാമ്പിലില്ല കൃപ, മര്‍ത്ത്യരു തന്റെ കാര്യം
നോക്കിത്തിരക്കിലലയുന്നു ഭവനെ തെല്ലൊ-
ന്നോര്‍ക്കാനവര്‍ക്കു സമയം കുറവത്രെ കണ്ണാ

കാണുന്നതൊക്കെ സുഖമേകുവതെന്ന മട്ടായ്
കാണുന്ന ജീവനതു തേടിയലഞ്ഞിടുന്നൂ
കാണുന്നതില്ല തിരയേണ്ടതു തന്നിലെന്നായ്,
കാണുന്നതല്ല പകരുന്നതു സൌഖ്യമാര്‍ക്കും

പൊന്മാനു കാണുമഴകില്‍ കൊതി തോന്നി മാനിന്‍
പിന്നാലെ പായുമളവുണ്മ മറന്നു പോകും
പിന്നീടു കേഴുവതിനായിടയാക്കുമെന്നാ-
യന്നോര്‍ക്കയില്ലയിതുരാക്ഷസമായയത്രേ

എന്‍ നാവു നിന്നെയറിയില്ല പറഞ്ഞിടട്ടേ-
യെന്തെങ്കിലും, തവ കൃപാബലമൊന്നിനാലെ
നിന്‍ നാമമാട്ടെയവയൊക്കെ, വരുന്നു ശബ്ദം
തന്നെ പ്രഭോ കരുണയാലുലകത്തിലെങ്ങും

എന്തെന്തു നാവു പറയുന്നതു, മാനസത്തില്‍
ചിന്തിപ്പതും മിഴികളാലറിയുന്നതേവം
എന്നും ശ്രവിപ്പതു, മതൊക്കെ ഭവാന്‍ സ്വയം താ-
നെന്നായ് വരട്ടെ, കൃപയായ് തെളിയട്ടെ ലോകം

എന്തൊക്കെ ഞാന്‍ പറകിലും, മമ മാനസത്തില്‍
ചിന്തിക്കിലും, സതതമെന്നരികത്തു തന്നെ
നിന്നീടണേ, വഴിയെനിക്കിഹ വേറെയില്ല
നിന്നെ പ്പിരിഞ്ഞു കഴിയാനിനി സാദ്ധ്യമല്ലാ

Leave a comment