Archive for September 14, 2017

കൃഷ്ണഭക്തിമധു തെല്ലു നേദ്യമായ്‌
കൃഷ്ണനേകിയതുമാത്രമാണതിൽ
കൃഷ്ണഭക്തരുടെ മാനസത്തിലും
കൃഷ്ണ! നീ മധുരമായിതേകിയോ?

ധന്യനായി കൃപ മാത്രമാണു കാ-
ണുന്നതെന്നു കരുതുന്നു വേണുവായ്‌
നിന്നിടുന്ന തൃണമെന്തറിഞ്ഞഹോ
തന്നിലൂടെയൊഴുകും കൃപാബലം

നൂറ്റാണ്ടൊന്നര താണ്ടിയത്രെയിഹ കാ-
ൾമാർക്ക്‌സാൽ കുറിച്ചുള്ളതാ-
മേറ്റം കീർത്തിയെഴുന്ന മൂലധനമെ-
ന്നോതുന്നതാം പുസ്തകം
കാറ്റായ് വീശീയടിച്ചു വാഴ്വിലതിനാല്‍
വന്നത്രെയൊട്ടേറെയായ്
മാറ്റം വന്ദനമോതിടുന്നു മികവേ-
റും ജ്ഞാനിയാം മാര്‍ക്ക്സിനായ്

http://www.thehindu.com/news/national/kerala/at-150-the-deep-imprint-of-das-kapital-on-kerala/article19678603.ece

രാധ

Posted: September 14, 2017 in വസന്തതിലകം

വൃന്ദാവനത്തിലണയുന്നൊരു തെന്നലോതീ-
ടുന്നത്രെ കണ്ണനവളോടു പറഞ്ഞിടാനായ്
എന്തെന്തു ചൊല്ലിയവയൊക്കെയതിന്നു കാതോര്‍-
ത്തെന്നും വസിപ്പു ദൃഢഭക്തിയുറച്ച രാധ

കുട്ടേട്ടാ! തന്മയത്വം, കനിവറിവു പകര്‍-
ന്നീടുവാന്‍, സന്മനസ്സും
കൂട്ടായല്പം കുറുമ്പും, കഴിവു പലതിലും
പാടുവാനായ് രചിക്കാന്‍
പിട്ടല്ലൊട്ടേറെയുണ്ടേ മമ ഗുരുവരനാം
താങ്കളില്‍ നന്മ, കാണാന്‍
കിട്ടിലീമ്മട്ടൊരുത്തന്‍, ചിലരതറിവതി-
ല്ലെന്നതാണത്ഭുതം മേ

ഗംഗാതീരത്തു ചെന്നിട്ടൊരുകുറിയതിലായ്
മുങ്ങുവാന്‍ തോന്നിടായ്കില്‍
ഗംഗേ! നിന്‍ ദോഷമല്ലാ, സുകൃതമതിനവര്‍-
ക്കില്ലയെന്നേ നിനയ്ക്കാം
വങ്കത്തം തന്നെയാകാ, മൊരുകുറിയറിവി-
ല്ലായ്മയാകാമൊരല്പം
ശങ്കിച്ചീടുന്നതാകാം സുകൃതികളനിശം
നിന്നെയും തേടിയെത്തും

https://www.facebook.com/groups/758202827623694/permalink/1281677801942858/

രാസം നിന്‍ മൃദുമന്ദഹാസ, മതിനായ്
കാക്കുന്നതാം ജീവനാം
ഹംസം രാധികയത്രെ, യെന്റെമനമാം
വൃന്ദാവനം തന്നിലായ്
വാസം, തെന്നലിലെത്തിടുന്ന മുരളീ
നാദം തരും ഭക്തിയെന്‍
ശ്വാസം, സ്പന്ദനതാളമോടെഹൃദയം
മൂളുന്നു സങ്കീര്‍ത്തനം

സ്നേഹം മഹത്തരമതെങ്ങിനെ കാണ്മതാണെന്‍
ദേഹത്തിലായുടലിനില്ല വലിപ്പമേതും
എന്‍ ഹംസമേ! ചെറുതു നിന്‍ മിഴി പക്ഷെ നിസ്സ-
ദ്ദേഹം ജഗത്തു തെളിയുന്നതിലായി നിത്യം

പ്രചോദനം
“I am so small, I can barely be seen,
How can this great love be inside me?
Look at your eyes. They are small,
but they see enormous things

സൌന്ദര്യമിങ്ങറിവതാവദനതിനേയ-
ല്ലെന്നെന്നുമുള്ളിലമരുന്നൊളി തന്നിലത്രേ
എന്നങ്ങുമായുമതുബാക്കി വരുന്നതില്‍ ക്കാ-
ണുന്നില്ലൊരാളുമഴകീയുലകത്തിലെങ്ങും

പ്രചോദനം
“beauty is not in the face beauty is a light in the heart”

ബന്ധിക്കാനായൊരുങ്ങും മമ മനമൊരു താ-
യായി നിന്നെ, പ്രഭോ നീ
ബന്ധിച്ചീടുന്നു, പക്ഷേ, യുലകൊരുകയറാ-
ക്കീട്ടിതോ നീതി കണ്ണാ!
ബന്ധം നാം തമ്മിലില്ലേ, യൊരുകുറി ഭഗവാ-
നെന്നെ ബന്ധിക്കുമെന്നാല്‍
ബന്ധിക്കൂ വാരുണത്താല്‍, ബലിയെയൊരുദിനം
കെട്ടിയില്ലേയതേപോല്‍

നിന്നേ വന്ദിച്ചു നില്ക്കുന്നടിയനു, മരുളൂ
ദീക്ഷ, യെന്‍ ലോകമെല്ലാം
നിന്റേതാ, ണെന്റെയെന്നായ് കരുതിയതു പൊറു-
ത്തീടു, കിന്നെന്‍ ശിരസ്സില്‍
ഊന്നീടൂ നിന്‍ പദാബ്ജം, മമ മനമതിലായ്
പുഷ്പമാകട്ടെ, ജന്മം
ധന്യം താന്‍ പാദധൂളീകണമൊരുനിമിഷം
ചൂടുവാന്‍ സാദ്ധ്യമായാല്‍

അരിയന്നൂര്‍ അക്ഷരശ്ലോകത്തിലേയ്ക്ക് ഈ ആഴ്ചത്തെ സമസ്യാപൂരണം

ഓടിക്കുമത്രെ ഗതിവേഗമൊരായിരത്തില്‍
ക്കൂടുന്നതാകുമൊരുവണ്ടി, ജഗത്തിലെങ്ങും
ഓടുന്നതി, ല്ലിഹ പരീക്ഷണവസ്തുവാകാന്‍
“ചൂടാത്തതാം കുട ചുമന്നിടണോ മനുഷ്യൻ?”

http://economictimes.indiatimes.com/news/politics-and-nation/indias-first-hyperloop-to-connect-amrawati-and-vijaywada/its-for-real/slideshow/60409733.cms

http://dailycaller.com/2016/07/26/scientist-lays-out-5-huge-problems-with-elon-musks-hyperloop-video/

എന്താണു ഭക്തിയറിയില്ല നിനക്കു മുന്നില്‍
വന്നെത്തിടുന്നളവു കണ്ണു മറയ്ക്കുവാനായ്
വന്നീടുമശ്രു പറയില്ലതു വീണുപോകും
മുന്നേ ഭവാന്‍ കനിവൊടേകുകെനിക്കു ചിത്തേ