ധ്യാനം 

Posted: September 14, 2017 in ശാര്‍‌ദ്ദൂലവിക്രീഡിതം

ബന്ധിക്കാനായൊരുങ്ങും മമ മനമൊരു താ-
യായി നിന്നെ, പ്രഭോ നീ
ബന്ധിച്ചീടുന്നു, പക്ഷേ, യുലകൊരുകയറാ-
ക്കീട്ടിതോ നീതി കണ്ണാ!
ബന്ധം നാം തമ്മിലില്ലേ, യൊരുകുറി ഭഗവാ-
നെന്നെ ബന്ധിക്കുമെന്നാല്‍
ബന്ധിക്കൂ വാരുണത്താല്‍, ബലിയെയൊരുദിനം
കെട്ടിയില്ലേയതേപോല്‍

നിന്നേ വന്ദിച്ചു നില്ക്കുന്നടിയനു, മരുളൂ
ദീക്ഷ, യെന്‍ ലോകമെല്ലാം
നിന്റേതാ, ണെന്റെയെന്നായ് കരുതിയതു പൊറു-
ത്തീടു, കിന്നെന്‍ ശിരസ്സില്‍
ഊന്നീടൂ നിന്‍ പദാബ്ജം, മമ മനമതിലായ്
പുഷ്പമാകട്ടെ, ജന്മം
ധന്യം താന്‍ പാദധൂളീകണമൊരുനിമിഷം
ചൂടുവാന്‍ സാദ്ധ്യമായാല്‍

Leave a comment