Archive for September 15, 2017

സങ്കടങ്ങളകന്നീടാൻ
വെങ്കടാചലവാസ! നീ
നിൻ കൃപാബലമേകൂ നി-
ശ്ശങ്കം, നിന്നെ നമിപ്പു ഞാൻ

പങ്കജാക്ഷ! മനസ്സാമീ
പങ്കജം നല്കുമെന്നിലെ
പങ്കമെല്ലാമകറ്റീടു
വെങ്കടേശ്വര! സന്തതം

കണ്ണീരാഴിയിലുപ്പു പോയലറിടും
മോഹക്കൊടുങ്കാറ്റുമീ
മണ്ണില്‍ നിന്നുമറഞ്ഞിടട്ടെയുടനേ
മോക്ഷം തരാമെങ്കിലോ
നണ്ണീടാനിവനില്ലയെന്നുമകമേ
കാണുന്നതാമെന്റെയുള്‍
കണ്ണായ്‌ നില്പവനല്ലെയിന്നു കനക-
പ്പാത്രേ മറഞ്ഞീടുമോ

ധ്യാനം

Posted: September 15, 2017 in വസന്തതിലകം

കംസന്റെ ഭൃത്യഗണമൊക്കെയണഞ്ഞു പോലും
നിന്‍ സന്നിധിയ്ക്കു മഥുരാപുരി വിട്ടു, ചിത്രം!
സംസാരചക്രമൊരുപാടു വലച്ചിടുമ്പോള്‍
കംസാരി തന്നെ ശരണം ഭുവി ജീവനെന്നും

വന്നെത്തി പൂതന മുതല്‍ പലരും വ്രജത്തില്‍
നിന്‍ മുന്നിലേയ്ക്കു ഭഗവാനഥ മോക്ഷമേകി
തന്‍ ചാരെ വന്നവരുപോകുവതില്ല ദൂരെ-
യ്ക്കെന്നോതിടുന്ന പടിയാകഥയൊക്കെയോര്‍ത്താല്‍

നിവൃത്താത്മാ! നീയാണിവിടെയഖിലം, പക്ഷെ, ഭഗവന്‍ ‘
ഭവാനില്ലാ ബന്ധം കലരുമിതിലായ് തെല്ലു, മതിനാല്‍
ശിവം, കാറ്റെന്നോണം സതതമമരുന്നത്രെ, ഗുരുവാ-
യിവന്നേകൂ ജ്ഞാനം കദനമഖിലം മാറിവതിനായ്

(ശിഖരിണി)