Archive for September 26, 2017

അരിയന്നൂർ അക്ഷരശ്ലോകത്തിലേയ്ക്ക്‌ ഈ ആഴ്ചത്തെ സമസ്യാപൂരണം

ഒരുക്കിടുന്നു യന്ത്രശക്തിയാൽ മനുഷ്യനെന്നപോൽ
ചരിച്ചിടുന്ന, തേവമായി ജീനിലും പരീക്ഷണം
വരുത്തി വച്ചിടുന്ന ദുർഘടളാണി, തൊക്കെയി-
ങ്ങൊരുക്കിടുന്ന “മർത്ത്യനെന്തു ഭാവിയോർക്കിലൂഴിയിൽ?”

പ്രചോദനം: “why future does not need us”

https://www.wired.com/2000/04/joy-2/

നിന്നേ മറന്നു പല നാളു കഴിഞ്ഞുവെന്നാ-
യെന്നെപ്പഴിച്ചിടരുതങ്ങു ചമച്ചതല്ലേ
ഇന്നീവിധം തെളിയുമീയുലകത്തിലെല്ലാം
നിന്മായയാൽ ഹരനുമുള്ളമുലഞ്ഞതില്ലേ

ശ്രീ നമിപ്പു സതതം പദപദ്മേ
ശ്രീനിധേ! തവ കൃപാബലമല്ലോ
ജ്ഞാനമാമമൃതമേകുവതും നീ
താനഹോ നിധിയെനിക്കുലകത്തില്‍

(സ്വാഗത)

കാരുണ്യമത്രെയവിടുന്നു തിരഞ്ഞു പക്ഷേ
പാരാകെയുള്ളിലമരുന്നതറിഞ്ഞിടാതെ
നേരായതുള്ളിലറിയുന്നവനേ ലഭിക്കൂ
നാരായണന്റെ കൃപയെന്നതറിഞ്ഞിടുന്നൂ

ശിവമാനസവും കവര്‍ന്നതാമാ
ശിവ താന്‍ സ്കന്ദനു ജന്മമേകിയത്രേ
അവളെപ്രണമിപ്പു നിത്യവും ഞാ-
നിവനേകൂ തുണ വാഴ്വിലെന്നുമമ്മേ

ഘനീഭവിച്ചോരുകൃപാസമുദ്രം
മനസ്സിനാനന്ദരസം തരാനായ്
കനിഞ്ഞുശൈലാകൃതിപൂണ്ടതായ് ഞാന്‍
നിനച്ചു തെന്നല്‍ ക്കുളിരേകിയപ്പോള്‍

മായക്കാഴ്ചകളിങ്ങു കാട്ടിയിരുളില്‍
ഗൂഢം മറഞ്ഞീടുമാ
മായക്കാരനെയങ്ങു തേടിയൊരുപാടെ-
ന്നാകിലും കാണുവാന്‍
ആയില്ലേതുമെനിക്കു ചുറ്റുമിരുളായ്
തോന്നീയവന്‍ കാട്ടുമീ
മായാജാലമറിഞ്ഞിടാതെയതിലായ്
ഞാനാണ്ടുമുങ്ങീ സഖേ

ശ്രീനിവാസ! ഭവദ്‌ പദാബ്ജയുഗത്തിലായമരുന്നു പോൽ
ശ്രീ, നിനയ്ക്കുകിലാർക്കുമാചരങ്ങളത്രെയൊരാശ്രയം
ജ്ഞാനികൾക്കതുപോലെ ഭക്തനുമേവമായി വിരക്തനും
മാനസത്തിനു ശാന്തിയേകുവതെന്നുമാപദമല്ലയോ

(മല്ലിക)

ധ്യാനം 

Posted: September 26, 2017 in മല്ലിക

ഞാൻ മറക്കുവതായിടാം ഭഗവാനെയജ്ഞതമൂലമായ്‌
കാമവാസനയേറി സൗഖ്യമഹർന്നിശം തിരയാം മനം
നാമമോതുവതിന്നു തന്നെ മടിച്ചിടാമിവനെങ്കിലും
നീ മറക്കരുതേ തുണയ്ക്കണമേ സദാ വഴികാട്ടിയായ്‌

ശ്രുതി ഭവാൻ, സ്വരമായഥ താളമാ-
യതിനൊടേറെയിണങ്ങുവതാം പടി
ഹൃദി വരുന്നതു തന്നെ ലയം ഭവദ്‌
പദയുഗങ്ങളിലേയ്ക്കണയുന്നതും

ശ്രീശാ! ഭവാനെ പതിയായി ലഭിക്കുവാനാ-
യാശിച്ചു പാൽക്കടലിലായുളവായ ലക്ഷ്മി
നിൻ ശാന്തമായ ചെറുപുഞ്ചിരി കാൺകിലാരൊ-
ന്നാശിക്കയില്ല തവ പത്നിപദത്തെ വാഴ്‌വിൽ

(വസന്തതിലകം)