Archive for September 26, 2017

ശ്രീ തരുന്നു നരനായി നിത്യവും
ശ്രീദ! നീ, മരുവിടുന്നു ലക്ഷ്മി നിൻ
പാദപദ്മയുഗളം തലോടിയാ
പാദമാണടിയനെന്നുമാശ്രയം

(രഥോദ്ധത)

ശ്രീമതാം വരനെന്നുമേ ഹരി തന്നെ, യാചാരണാംബുജേ
താമസിക്കുവതില്ലെ ലക്ഷ്മി, യവന്റെ ഭക്തനു നൽകിടും
നന്മയൊക്കെയറിഞ്ഞു നല്ലൊരു ഭക്തമാനസമാകുമാ
താമരയ്ക്കു ഭവദ്കൃപാബലമാണു നൽകുവതാശ്രയം

(മല്ലിക)

സന്തോഷമോടെയമരാനിഹ വേണ്ടതെന്താ-
ണെന്നങ്ങറിഞ്ഞു പകരുന്നു മരുത്‌പുരേശാ
പിന്നെന്തു തന്നെ പറയേണ്ടതു നിൻ കടാക്ഷം
തന്നാലതേ സുകൃതമെന്നതറിഞ്ഞിടുന്നൂ

ഇപ്രപഞ്ചമിതിലുള്ള ജീവനി-
ങ്ങെപ്പൊഴും തിരയുമമ്മ തന്നെയാ
ശ്രീ, പദാബ്ജയുഗളത്തിലായവൾ
ശ്രീപതേ! മരുവിടുന്നതെന്നുമേ

(രഥോദ്ധത)

സന്തോഷമായി ഭഗവൻ! ഭഗവാൻ തുണയ്ക്കാ-
നെൻ ചാരെ വന്നിടുവതായറിയുന്ന നേരം
നിൻ രൂപമായഖിലമിങ്ങു തെളിഞ്ഞിടുന്നു-
ണ്ടിന്നെന്തു വേറെ പറയാൻ പ്രണമിപ്പു ഭക്ത്യാ

കാണാവതല്ല ഭഗവന്‍ ഭഗവാനെയെന്നാല്‍
കാണുന്നു കാണ്മതഖിലം കൃപയാലെ മാത്രം
കാണുന്നതൊക്കെയവിടുന്നിതു കണ്ടിടുമ്പോ-
ളാണെന്റെ കണ്ണു നിറയുന്നതു മാരുതേശാ

ധ്യാനം 

Posted: September 26, 2017 in അതിരുചിര

പറശ്ശിനി ക്കടവിലണഞ്ഞു വേറെയായ്‌
പറഞ്ഞിടു ന്നവ പലതല്ലയേകമായ്‌
അറിഞ്ഞിടാൻ ഹരിഹരഭേദചിന്തകൾ
കുറയ്ക്കുവാ, നവനിഹ ചൊൽവു വന്ദനം

കക്കാനടത്തു വരുവോനു കടാക്ഷശക്ത്യാ
ചിക്കെന്നു ഭക്തിയരുളിത്തിരുമങ്കയാക്കി*
തൃക്കൺകടാക്ഷമിവനെന്തെ തരാത്തു നിന്റെ
തൃക്കാൽ തെളിഞ്ഞുവരുമെന്നുമനസ്സിലാവോ?

* തിരുമങ്കൈ ആഴ്‌വാർ

കക്കാൻ വരും തിരുടനേയൊരു തേൾ കടിച്ചാ-
ലൊക്കില്ല കേഴുവതിനായ്‌ പറയാനുമാകാ
നിൽക്കുന്നു ഭക്തനതുപോലെ ജഗത്തിലെന്നും
ചിൽക്കാമ്പിലുള്ള സുഖമോതുക സാദ്ധ്യമല്ലാ

ശ്രീവാസ! മനം പാൽക്കടലല്ലേയതിലല്ലേ
നീ വാഴുവതെന്നും തവ പാദം തഴുകാനായ്‌
ശ്രീ വാഴുവതും തേടിയലഞ്ഞീടുവതെന്തേ
യീവാഴ്‌വിലഹോ ചിത്രമറിഞ്ഞില്ലിവനേതും

(മദനാർത്ത)