Archive for September 28, 2017

സൌവര്‍ണ്ണപദ്മമിവനുള്‍ത്തടമാ, ണതില്‍ താന്‍
മേവുന്നു ദേവി! ചരണാബ്ജയുഗത്തിലെത്താന്‍
ആവട്ടെയെന്നിലുണരും മമ ചിന്തകള്‍ക്കൊ-
ന്നേവം സ്തുതിച്ചു പദതാരു വണങ്ങിടട്ടേ

ധ്യാനം 

Posted: September 28, 2017 in സമ്മത

തെളിയണേ മഹാഗൌരി!, മാനസം
തളരുമന്യഥാ, ഭീതി മാനസേ
വളരെയേറെയുണ്ടിന്നു, ഭക്തി താന്‍
വളരണം, തുണയ്ക്കൂവതിന്നു നീ

വൃന്ദാവനത്തെയൊരുവേള വെടിഞ്ഞു ദൂരെ-
ച്ചെന്നേക്കുമിങ്ങിരുളിലായ് മറയാം ചിലപ്പോള്‍
എന്നാലവന്‍ മുരളിയൂതിയമര്‍ന്നിടുന്നു-
ണ്ടെന്നും മനസ്സിലതുരാധിക തന്നെയല്ലേ

ഒന്നാണു രണ്ടു പൊരുളല്ലവരത്രെ കാണാ-
മൊന്നിച്ചു തന്നെ വിരഹം മറ മാത്രമല്ലേ
എന്മാനസം പശുപയാണവളോടുകൂടെ-
ത്തന്നെസ്സദാ മരുവിടുന്നു മരുത്‌പുരേശന്‍

ധ്യാനം 

Posted: September 28, 2017 in സമ്മത

ഹൃദയപങ്കജം നല്കിടുന്നു നിന്‍
പദയുഗത്തിലായ് നിന്റെ കൈകളാല്‍
സദയമൊന്നെടുത്തീടു നല്കണേ
പദമെനിക്കു കീര്‍ത്തിക്കുവാന്‍ ഹരേ

മഹാഗൌരിയായ് ദുര്‍ഗ്ഗയായ് ചൊല്‌വതാം നിന്‍
മഹത്വം ഗ്രഹിക്കാനെനിക്കാവതുണ്ടോ
അഹോരാത്രമെന്നില്‍ വരും ചിന്തയെല്ലാം
മഹാമന്ത്രമായ് നിന്നിലായ് ചേര്‍ന്നിടട്ടേ

ധ്യാനം 

Posted: September 28, 2017 in സ്രഗ്ദ്ധര

മാതാവില്‍ ക്കൂടിയത്രേ ശിശുവറിവതു കാ-
ണുന്നതാം ലോകമെല്ലാം
താതന്‍ തന്നേയു, മേവം ഗുരുവിനെ ഭഗവാ-
നേയുമത്രേ, യതിന്നാല്‍
വീതാശങ്കം നമിക്കാമവളെയനുദിനം
ശ്രാദ്ധമായ് ശ്രദ്ധയോ, ടി-
ന്നിത്തപ്പില്‍ കുമ്പിടുന്നേനടിയനുമിതു വാ-
ക്തർപ്പണം ത്വത് പദാബ്ജേ

ധ്യാനം 

Posted: September 28, 2017 in സ്രഗ്ദ്ധര

ഗീര്‍വാണം കൊണ്ടു വേണോ തവ പദഭജനം
ചെയ്യുവാനായ്, മനസ്സില്‍
നീ വന്നീടുന്നതില്ലേ, മമ മൊഴി ഭഗവാ-
നെന്തെ ബോധിക്കയില്ലേ
ആവും പോല്‍ പാടിടുന്നൂ മുരളിക ഭഗവന്‍ !
നിന്‍ കൃപാവര്‍ഷമെന്നുള്‍
പൂവില്‍ ത്തേനായ് വരുമ്പോള്‍ മറ*യൊരുമറയായ്
തീര്‍പ്പതിങ്ങെന്തിനാവോ ?

* വേദം

നിന്നംശമാണു മിഴിയാലിഹ കാണ്മതെല്ലാ-
മെന്നാലുമിങ്ങറിവതൊക്കെയപൂര്‍ണ്ണമത്രേ
എന്നും വസിപ്പു തിരയാഴിയിലെന്നപോലെ-
തന്നേയലയ്ക്കുകടലെന്നതുകാണ്മതാണോ

നീ ധരയ്ക്കതുപോലെ തന്നെ രമയ്ക്കു കാന്തനഹം സദാ
ശ്രീധരാ! പ്രണമിപ്പു നിന്‍ പദതാരിലായ്, തുണയേകണേ
രാധയായമരുന്നു ജീവ, നതിന്നു രാസരസം തരാന്‍
നാഥനിങ്ങണയുന്നതെന്ന, തിനെത്ര നാളിനി കാക്കണം

(മല്ലിക)

ധ്യാനം 

Posted: September 28, 2017 in സ്രഗ്ദ്ധര

ആടുന്നാഴിത്തിരയ്ക്കോ നടനവിരുതു കാ-
ണുന്നതാകാറ്റിനൊത്താ-
യാടുന്നൂ നിത്യമത്രേ ഞൊടിയിടലതൊടു-
ങ്ങീടുമാഴിയ്ക്കകത്തായ്
പാടുന്നൂ വേണുവെന്നായ് ചിലരിവിടെ പറ-
ഞ്ഞീടുമെന്നാലതിന്നോ
പാടാനാവുന്നു താനേ കരുണയതിലണ-
ഞ്ഞീടണം പ്രാണനായി