Archive for September 28, 2017

മഞ്ഞപ്പട്ടു തെളിഞ്ഞതെന്തു വെയിലോ
വന്നെത്തിയോ കണ്ണ! നീ
നെഞ്ഞില്‍ പൂത്ത വസന്തകാലകനവോ
നിന്‍ രാസമോ കാണ്മു ഞാന്‍
വഞ്ചിക്കുന്നതു കണ്‍കളോ മുരളിയായ്
മാറും മുളങ്കാടിലെ-
ക്കൊഞ്ചിക്കൊഞ്ചിയണഞ്ഞ കാറ്റിലണയും
സോപാനസംഗീതമോ

പ്രചോദനം
In the bamboo grove
The yellow spring sunlight,
I look up at it.

ധ്യാനം 

Posted: September 28, 2017 in മല്ലിക

കാളരാത്രി! ഭയം സദാ ദിതിജർക്കു നൽകുവതായ നി-
ന്നോളമാരഭയം തരുന്നതു ഭക്തനാ, യകതാരിലായ്‌
ആളിടുന്ന വിഷാദമൊക്കെയകറ്റിടാൻ തുണയേകിടു-
ന്നാളു നീ സ്വയമെന്നറിഞ്ഞു നമിച്ചിടാം പദതാരിലായ്‌

നിന്‍ നാമമോതിയമരാന്‍ കഴിയാതെ വന്നാ-
ലെന്തിങ്ങു ചൊല്വതതു നിന്‍ സ്തുതിയായിടട്ടേ
നിന്നെസ്മരിച്ചു കഴിയാന്‍ കഴിയായ്കിലോ ഞാന്‍
ചിന്തിപ്പതൊക്കെ ഭഗവാന്‍ തവ പൂജയാട്ടേ

ശ്രീവിഭാവന! നരന്നു വാഴ്വിലായ്
ശ്രീ വരുന്നു കൃപയാലെ നിത്യവും
മേവിടുന്നു രമ നിന്നിലത്രെ ഹൃത്-
പൂവിലായ് തെളിയണേ ഭവാന്‍ സദാ

(രഥോദ്ധത)

കാര്‍മേഘമേ കനിവു പെയ്തൊഴിയും, ഭവാനി-
ങ്ങാമട്ടിലല്ല ഭഗവാനു, കറുപ്പുനില്ലാ
ഈ മാറ്റമേതു, മതുസാന്ത്വനമേകുവാനായ്
ഭൂമണ്ഡലത്തിലനിശം നിറയുന്നു രാവായ്

എങ്ങിനെ കാത്യായനി! നരനെത്താ-
നങ്ങകലേയ്ക്കെന്നതു കരുതീട്ടോ
ഇങ്ങു പിറന്നൂ, വ്രജഭുവി? ഞാന്‍ നാ-
മങ്ങളു പാടിത്തൊഴുതു നമിപ്പൂ

കാടിനകത്തായൊരുദിനമല്പം
പേടിയൊടെത്താന്‍ കഴിയുവതായ് ഞാന്‍
നേടിയതെന്നാലൊരുകനവായി-
ക്കൂടി നിനയ്ക്കാത്തൊരുസുഖവാസം