Archive for September 30, 2017

എന്തെല്ലാം കാഴ്ചകള്‍ താനിവിടെയനുദിനം
കാണ്മു ഞാന്‍ തോന്നിടുന്നൂ
സന്തോഷം പിന്നെ ദുഃഖം ചില പൊഴുതു മടു-
ക്കുന്നു കണ്ണാ ഭവാനില്‍
എന്നും കാണുന്ന മന്ദസ്മിതമൊരുകുറിയെ-
ന്നുള്ളിലായ് കാണ്മതായാ-
ലിന്നീകാണുന്നതെല്ലാമുടനടി തെളിയും
നിന്‍ കൃപാവര്‍ഷമാ

എന്മാനസം ദളമൊരായിരമുള്ളതായീ-
ടുന്നോരുപദ്മ, മതിനുള്ളിലമര്‍ന്നിടുന്നൂ *
ചിന്തിപ്പതാ, യറിവതായ്, പറയുന്ന വാക്കാ+-
യെന്നും സ്വയം ഭവതി, ഞാന്‍ പ്രണമിപ്പു ദുര്‍ഗ്ഗേ!
* “സഹസ്രദളപദ്മസ്ഥാ”
+
“പരാ പ്രത്യക്!ചിതീരൂപാ
പശ്യന്തീ പരദേവതാ
മദ്ധ്യമാ വൈഖരീരൂപാ
ഭക്തമാനസഹംസികാ

എന്മാനസത്തെയറിയുന്നിഹ പാല്‍ക്കടല്‍ താ-
നെന്നാ, യതില്‍ ചെറിയ പുഞ്ചിരിയോടെ വാഴും
ഒന്നുണ്ടതത്രെ, നിഗമേശനവന്‍, നമിച്ചീ-
ടുന്നേന്‍ സദാ ഭുവനസുന്ദര! നിന്‍ പദാബ്ജേ

ഇന്നിങ്ങു കാണ്മതഖിലം മറയുന്നതായീ-
ടുന്നേരമുള്ളിലുയരും മമ ചിന്തയെല്ലാം
നിന്നീടു, മങ്ങതിനുശേഷവുമെന്തുശേഷി-
ക്കുന്നുണ്ട, തിന്നെയറിയുന്നിഹ ശേഷനെന്നായ്

എന്നും ശയിക്കുമൊരുപുഞ്ചിരിയോടെ വേദം
വന്ദിച്ചു ചൊല്ലുമൊരുവിസ്മയരൂപനത്രേ
എന്നുള്ളിലായുലകമായതു തന്നെ കാണായ്
വന്നീടുമത്രെയിതുകാണുവതാരുതാനോ

ധ്യാനം 

Posted: September 30, 2017 in സ്രഗ്ദ്ധര

ആദ്യം മാതാവിനൊപ്പം ജനകനുമതുപോൽ
ദേശികന്മാർക്കുമേവം
വിദ്യാദേവിയ്ക്കു വിഘ്നേശ്വരനുമകമന-
സ്സാലെയിന്നെൻ പ്രണാമം
വിദ്യയ്ക്കായാകുലത്തിൽ പരമപദവിയേ-
കീട്ടു വന്ദിച്ചതാകും
വിദ്വാൻ ശ്രീഗോദവർമ്മൻ മുതലറിയുവതാം
ദേശികർക്കും പ്രണാമം

തുമ്പമെല്ലാമെയെന്നൊറ്റ-
ക്കൊമ്പാ! മാറ്റേണമേ ഭവാൻ
തുമ്പിക്കൈയ്യാലെ, നിന്മുന്നിൽ
കുമ്പിടുന്നേൻ തുണയ്ക്കണേ

ശ്രേയസ്സു നിത്യമരുളിന്നിഹ ജീവനായ് നീ
ശ്രേയ! സ്വയം കരുണയോടെ മനസ്സിലാക്കാന്‍
ആയില്ലെനിക്കു വെറുതേ തിരയുന്നു ലോകേ
പ്രായേണ കാണുവതു ദുഃഖവുമാണു ചുറ്റും

ഏതാണത, ല്പമൊരുനാളു ലഭിച്ചുവെന്നാല്‍
യാതൊന്നുമില്ലയിഹ നേടുവതിന്നു ലോകേ
വാതാലയേശ! തവ ദര്‍ശനപുണ്യമല്ലേ
നീ തന്നിടേണമടിയന്നു നമിച്ചിടുന്നേന്‍

ഏതാണതൊന്നറിവതാകിലറിഞ്ഞിടാനായ്
യാതൊന്നുമില്ലയിതി ചൊല്‌വതു നിന്‍ മഹത്വം
വാതാലയേശ! കരുണാര്‍ദ്രമതേകിടൂ നിന്‍
വാതാലയത്തിലണയും തവ ദാസനെന്നും