ധ്യാനം 

Posted: September 30, 2017 in വസന്തതിലകം

എന്മാനസത്തെയറിയുന്നിഹ പാല്‍ക്കടല്‍ താ-
നെന്നാ, യതില്‍ ചെറിയ പുഞ്ചിരിയോടെ വാഴും
ഒന്നുണ്ടതത്രെ, നിഗമേശനവന്‍, നമിച്ചീ-
ടുന്നേന്‍ സദാ ഭുവനസുന്ദര! നിന്‍ പദാബ്ജേ

ഇന്നിങ്ങു കാണ്മതഖിലം മറയുന്നതായീ-
ടുന്നേരമുള്ളിലുയരും മമ ചിന്തയെല്ലാം
നിന്നീടു, മങ്ങതിനുശേഷവുമെന്തുശേഷി-
ക്കുന്നുണ്ട, തിന്നെയറിയുന്നിഹ ശേഷനെന്നായ്

എന്നും ശയിക്കുമൊരുപുഞ്ചിരിയോടെ വേദം
വന്ദിച്ചു ചൊല്ലുമൊരുവിസ്മയരൂപനത്രേ
എന്നുള്ളിലായുലകമായതു തന്നെ കാണായ്
വന്നീടുമത്രെയിതുകാണുവതാരുതാനോ

Leave a comment