Archive for June, 2024

തോണി

Posted: June 21, 2024 in പാന

തോണിയാണിതിന്നൊറ്റയ്ക്കുനീങ്ങുവാൻ
ത്രാണിയില്ലിതിന്നുള്ളിലുണ്ടാകണം
കാറ്റിനോടൊത്തുപാടിത്തുഴഞ്ഞുകൊ-
ണ്ടാറ്റിലൂടെകുതിച്ചുപാഞ്ഞീടുവാൻ
ഉൾക്കുരുന്നിലായ് ധൈര്യവും ശൌര്യവും
കൈക്കരുത്തും തികഞ്ഞൊരു ധീവരൻ

മന്നവേന്ദ്രരടികൂപ്പിവണങ്ങും
ചന്ദ്രചൂഡ! ശിവ! ശങ്കര! സാംബ!
സുന്ദരേശ! ഹര! മന്മഥവൈരിൻ!
വന്ദനം! ശരണമച്ചരണാബ്ജം

നാലുമട്ടായ് തിരിച്ചത്രേ
ഭാവകന്മാരെയൊക്കെയും
രാജശേഖരെന്നായി സൽ-
പേരെഴും പണ്ഡിതൻ പുരാ

തൻ്റെ കാവ്യങ്ങളിൽപ്പോലും
തെല്ലും രുചിയേഴാത്തവർ
അരോചകികളെന്നായി –
ക്കരുതേണ്ടവരാണുപോൽ

നന്നേതു കെട്ടതേതെന്നും
തിരിച്ചറിവെഴാത്തവർ
സതൃണാഭ്യവഹാരീതി
ഗണത്തിൽ ചേർന്നിടും ധ്രുവം

നല്ല കാവ്യം രസിച്ചാലും
നന്നെന്നു പറയാത്തവർ
ചേരും മത്സരിയെന്നുള്ള
കൂട്ടത്തിൽ തന്നെയെന്നുമേ

കാവ്യത്തിൻ ഹൃദയം കാണാൻ
കഴിവുള്ളവനുത്തമൻ
നാലാമത്തെ വിഭാഗത്തിൽ
ചേരുമെന്നേ ധരിക്കണം

നിഷ്പക്ഷമതിയെന്നാളും
സത്യത്തെയറിയുന്നവൻ
അമ്മട്ടുള്ളവരീലോക-
ത്തെന്നാളും കുറവായിടും

പ്രചോദനം:
ഡോ. പൂജപ്പുര കൃഷ്ണൻ നായരുടെ കൈരളിപ്രദീപം എന്ന പുസ്തകത്തിൽ കണ്ടത്

“തേ ചദ്വിധാ. അരോചകിനഃ സതൃണാഭ്യവഹാരിണ ഇതി മങ്ഗലഃ

“കവയോƒപി ഭവന്തി” ഇതി വാമനീയാഃ

“ചതുർധാ” ഇതി യായാവരീയഃ

“മത്സരിണസ്‌തത്ത്വാഭിനിവേശിനശ്ച”. -രാജശേഖരൻ, കാവ്യമീമാംസ

അക്ഷരം

Posted: June 20, 2024 in കേക


അക്ഷരം സാക്ഷാത് വാണീദേവി തന്നനുഗ്രഹം
വാക്കുകളായ് വന്നൊപ്പുന്നുൾപ്പൂവിൻ തേൻതുള്ളികൾ

ഒപ്പമായ് ചേർത്തുവയ്ക്കാൻ മറ്റൊന്നും കിട്ടില്ലാർക്കും
മുപ്പാരിൽ തിരഞ്ഞാലും നിർണ്ണയം കൂട്ടുകാരേ

വെള്ളംകേറുംനേരം രക്ഷയ്ക്കെത്തുംതോണിക്കാരെപ്പോലെ –
വള്ളം കാണ്മൂ , നോക്കാനാരുമില്ലെന്നോ കഷ്ടം!

Khaled Rahal

ആകാശമാകെ നിറയും മുകിലേ! ജനങ്ങൾ –
ക്കാവശ്യമായ ജലമൊട്ടുതാരാതെ നിങ്ങൾ
മാനത്തു ഹന്ത! മഴവില്ലുവരപ്പതെന്തി –
“ന്നശ്രീകരം കടമെടുത്തിഹ മേനികാട്ടൽ”


പവനമന്ദിരേ വാഴുമീശ്വരൻ
ഭുവനസുന്ദരൻ ഭക്തവത്സലൻ
ഇവനു രക്ഷയായ് കൂടെനിൽക്കണം
കവനമൊക്കെയും നല്ലതാക്കണം

ആകാശം വെറുമോട്ടയിക്കിണറുതാൻ
ലോകം നമുക്കെന്നുമെ-
ന്നാക്രോശിച്ചൊരുമാക്രിയോടു പതിവായ്
തർക്കിപ്പതൌചിത്യമോ?

“അക്കാണുന്നതുമാനമല്ല, സുഷിരം
താ” നെന്നതിൽ തങ്ങുവോ –
നാക്രോശിക്കുകിലല്ലയെന്നുപറയാൻ
തർക്കിക്കുവാനില്ല ഞാൻ
ആർക്കായ് ശണ്ഠ, യതോട്ടയാട്ടെ, വലുതാ –
മാകാശമാട്ടേ, സദാ
നോക്കാം സത്യമറിഞ്ഞിടാൻ വഴി, വൃഥാ
പോരെന്തിനിപ്പാരിലായ്

കാറ്റിലോടിയലയുന്നതായ ചെറുതോണിയാണിതിനു നിത്യവും
തെറ്റിടാം വഴി, തളർന്നിടാം, തനു തകർന്നിടാം, ഹൃദയമാടിടാം
മാറ്റിനിർത്തരുതു, മാറ്റണം വിഷമമാശ്രയം തരണമെന്നുമ-
മ്പോറ്റി! മാർഗ്ഗമരുളീടണം, ചരണഭക്തിയാമമൃതമേകണം

https://commons.m.wikimedia.org/wiki/File:Naufragio,la%C3%BAltima_ola_(Emilio_Oc%C3%B3n_y_Rivas).jpg

വായിക്കണം സതതമിങ്ങറിവൊട്ടുനേടാൻ
വീതിക്കണം സുധകണക്കതു പാരിലെന്നും
പാലിക്കണം വിനയമീശ്വരതൃപ്പദത്തിൽ
നേദിക്കണം ഹൃദിയുണർന്ന വിചാരമെല്ലാം