Archive for June 2, 2024

ചെന്നായ ക്രൂരനാണേറ്റ-
മെന്നായോർക്കുന്നു മാനവൻ
എന്നാൽ ചെയ്യുന്നതാം നന്മ
നന്നായാരറിയുന്നതും

https://youtu.be/ysa5OBhXz-Q?si=KNz2d9KloTVQuJQ3

അന്തിക്കീതിരി നീട്ടിടുന്നു ഹൃദയം
കാടാമ്പുഴക്കാവിലായ്
വന്ദിപ്പോർക്കഭയം കൊടുത്തുമരുവും
ദുർഗ്ഗേ! ജഗന്നായികേ!
ചിന്തിക്കാനെളുതല്ല നിൻ്റെ മഹിമാ –
വെന്നാകിലും സാദരം
ചിന്താപുഷ്പമിറുത്തുകാൽക്കലധുനാ
ചേർക്കാമെടുക്കേണമേ


പണ്ടൊരുകാലത്തു ഡാഗ്ഡയെന്നായൊരാൾ
ഉണ്ടായിരുന്നയർലാണ്ടിലത്രേ

ഹാർപ്പെന്ന വീണയും കൈയ്യിലേന്തീട്ടവൻ
അപ്പുരിതന്നിലായ് ചുറ്റിയെന്നും

ആ മണിവീണതൻ നാദം ശ്രവിച്ചവർ –
ക്കാനന്ദമുൾത്താരിലേറിയേറെ

മാന്ത്രികവീണതൻ പേരും പ്രശസ്തിയും മന്ദമിപ്പാരിലെല്ലാം പരന്നൂ

പൊന്മണിവീണയെസ്വന്തമാക്കീടുവാൻ
അന്നാടിൻ വൈരിയാം ഫൊമോറിയൻസ്
ആരുമില്ലാത്തൊരുനേരത്തുകട്ടഹോ
ദൂരെയെങ്ങോ പോയൊളിച്ചുവത്രേ

ശത്രുക്കളെപ്പോലും വെല്ലുവാൻ വേണ്ടതാം
ശക്തിയുണ്ടാഹാർപ്പിനാകയാലെ
തത്ര തേടീട്ടെങ്ങും കാണാതെവന്നപ്പോൾ
ഹൃത്തടം നീറിയന്നാട്ടുകാർക്കും
(തുടരും..)

തേടണം നമ്മളെ നാംതന്നെ, യുൾത്തട്ടിൽ
തേടുവാൻ ഗൂഗിളും ശക്തനല്ലാ

ചുറ്റിലും കാണുന്ന ലോകത്തിലൊക്കെയും
ചുറ്റിത്തിരിയുന്ന മാനസത്തെ
ചുറ്റിപ്പിടിക്കട്ടെയല്ലായ്കിലേറ്റവും
ചുറ്റിക്കും പറ്റിക്കുമേതുനാളും