വിത്തോഭ

Posted: June 16, 2024 in കഥ



പംഢർപ്പൂരെന്ന സൽപേരെഴും ഗ്രാമത്തിൽ
പണ്ടൊരുകാലത്തു വാണിരുന്നൂ
പുണ്ഡരീകാക്ഷനാം കണ്ണൻ്റെ ഭക്തനായി
പുണ്ഡരീകെന്നൊരാളാ, മനുഷ്യൻ
മാതാപിതാക്കളേ സേവിച്ചിരിക്കവേ
വാതിലിൽമുട്ടി വിളിച്ചു കണ്ണൻ

നിൽക്ക നീയങ്ങെന്നുചൊല്ലീട്ടെറിഞ്ഞുപോൽ
നിൽക്കുവാനിഷ്ടികയൊന്നു ഭക്തൻ

ചെയ്തതാം ജോലികൾ തീർത്തുമ്മറത്തേയ്ക്കു
ചെന്നനേരം കണ്ടുപുണ്ഡരീകൻ
ഇഷ്ടികമേൽ ചെറുപുഞ്ചിരി തൂകി –
തന്നിഷ്ടദൈവം തന്നെ നില്പതായി!

ഇത്രയും വൈകിയെന്നുള്ളതിൽ ദുഃഖിച്ചു
തത്ര നിന്നൂ, ദേവദേവനോതീ

മാതാപിതാക്കളെ സേവിപ്പതൊന്നുതാ-
നേതൊരാൾക്കും മുഖ്യമായ കർമ്മം

ആകയാലേറ്റവും തൃപ്തനായിന്നു ഞാൻ
ശോകം വെടിക നീ പുണ്ഡരീകാ

നിൻ്റെയീഗ്രാമത്തിലിഷ്ടികമേൽനിൽക്കു-
മെന്നെയെല്ലാവർക്കും കണ്ടുകൂപ്പാം

ഇഷ്ടികമേലേറി നിൽക്കയാലെൻ്റെപേർ
വിഠലെന്നായ് വരും പുണ്ഡരിക

വിത്തോഭയെന്നും വിളിക്കുമെന്നെ ചില
ഭക്തരും ഭക്തിപ്രകർഷത്തിനാൽ

എന്നുമീസൽക്കഥ കേൾക്കുവോർക്കുണ്ടായി
വന്നിടുമായുരാരോഗ്യസൌഖ്യം

Leave a comment