Archive for June 17, 2024

കനകച്ചിലങ്കയും ചാർത്തിയീമലയാള-
കവിതയ്ക്കു കല്പനാവൈഭവത്താൽ
കനവേകി, ഹൃത്താരിൽ നൃത്തമാടിച്ചതാം
കവിവര്യ! നിൻ കാൽക്കലെൻ പ്രണാമം

ഇനിപ്പേറ്റമേറും കനിക്കെങ്കിലാട്ടേ
തനിച്ചാസ്വദിക്കാനെനിക്കില്ല മോഹം
തനിത്തങ്കമല്ലെന്മനം കേൾ പ്രമേഹം
നിനച്ചാലിതല്ലാതെയില്ലോരുമാർഗ്ഗം 🙂

കനി

Posted: June 17, 2024 in മാലിനി

കനിവൊടു കനി നൽകും വൃക്ഷമുൾത്തട്ടിലെന്നും
കിനിയുമമൃതമല്ലോ പൂക്കളേകുന്നതാം തേൻ
ഇനിയുമിതുപഠിക്കാൻ മർത്യനാകാതെ സൌഖ്യം
തനിയെ നുകരുവാനായ് നോക്കിയാലൊക്കുകില്ലാ

കനിയണം ഗുരു വാക്കകതാരിലായ്
കിനിയുവാൻ, കവിതാമൃതമൂറിടും
കനികണക്കഥ മാറിയതാറ്റണം
കനലെഴും ഹൃദയത്തിലെ നൊമ്പരം

*ബീച്ചിലെ കാഴ്ച*
തിര വരും കരപറ്റിടുവാൻ, സുഖം
തിരയുമെങ്ങുമതില്ലിതി കാൺകയാൽ
കരയുമശ്രുപൊഴിച്ചതുകണ്ടു ഞാൻ
“കരയിലേറിയിരുന്നു വിഷണ്ണനായ് “


പാർവ്വതിയേകും തുണയണയായ്കിൽ
പാവമെനിക്കെന്തൊരുവഴിപാരിൽ
പാവനമാം തൃക്കഴലിണ പൂകും
പൂവുകളാട്ടേ മമ മൊഴിയെന്നും

കണ്ണിലൂടെ ജഗത്തെല്ലാം
കാണുവോനാരുതന്നെയോ?
കാഴ്ചകൾ കാട്ടുമവനെ-
ക്കണ്ടില്ല, കഷ്ടമോർക്കുകിൽ

*ബീച്ചിലെ കാഴ്ച*
തിര വരും കരപറ്റിടുവാൻ, സുഖം
തിരയുമെങ്ങുമതില്ലിതി കാൺകയാൽ
കരയുമശ്രുപൊഴിച്ചതുകണ്ടു ഞാൻ
“കരയിലേറിയിരുന്നു വിഷണ്ണനായ് “

Three monkeys

Posted: June 17, 2024 in Uncategorized

കണ്ട ലിങ്കുകളിൽ താങ്കൾ
ക്ലിക്കുചെയ്യാതിരിക്കുക
കിട്ടും ഫേക്ക് കാളുടൻ തന്നെ
കട്ട് ചെയ്യാൻ പഠിക്കുക

ഓടിപ്പി വേറെയാരോടും
ഓതൊലാ , തോഴ! നല്ലപോൽ
ഓർക്കയീമൂന്നുമെന്നായാ –
ലൊഴിയും പല ദുർഘടം

ആലംബനം

Posted: June 17, 2024 in പൃത്ഥ്വി

ഇരുട്ടു മിഴിമൂടിടും നിശയിലും നയിച്ചീടുവാൻ
വരുന്ന നറുവെണ്ണിലാവിന! ഭവദ്കൃപാവൈഭവം
ഗുരുത്വമതുപോലെയെൻ മൃദുമനസ്സിനും നിത്യവും
തരുന്നു ബലമൊന്നതാണിവനു പാരിലാലംബനം