Archive for June 23, 2024

ശിവദയിതേ! സദയം തരേണമി-
ങ്ങിവനഭയം ചരണാബ്ജമെന്നുമേ
തവ പദമെൻ ഹൃദി കാണ്മതാകിലോ
ഭവദുരിതം ദ്രുതമറ്റിടും ധ്രുവം


കനവുകളെ തൻ കണ്ണിൽ സൂക്ഷി –
ക്കരുതവ മിഴിനീർപുഴയായൊഴുകാം

തടയണ കെട്ടാനാകണ്ണിണ ത-
ന്നുടയൊരടപ്പുംപോരാ നൂനം

ഹൃദയച്ചെപ്പിൽ വച്ചാൽ കവിത –
യ്ക്കതു വിതയാകാം ചില നേരത്തിൽ

അതിനാലവിടെത്തന്നെ വിതയ്ക്കാം
പതിവായ്, പിന്നെച്ചെല്ലാം കൊയ്യാൻ


പണ്ടൊരുനാളിൽ പംഢർപൂരിൽ
പുരരിപുഭഗവാൻശിവനുടെ ഭക്തൻ
നരഹരിയെന്നൊരു ഹേമലനെന്നും
ഹരനുടെനാമം പലവുരു ചൊല്ലി –
ത്തിരുചരണങ്ങൾ തൊഴുതുനമിച്ചും
പുരുസുഖമൊടു തൻ കാലം പോക്കീ

പേരുംപെരുമയുമേറെ വളർന്നും
തരിയും ഗർവ്വം കാട്ടീടാതെ
വേലികളെല്ലാം പൂജ കണക്കായ്
വേണ്ടുംമട്ടിൽ ചെയ്തുകഴിഞ്ഞൂ

അവനനവധിയായ് ഗുണമുണ്ടെന്നാൽ
ശിവശിവ! ചെറിയൊരുദോഷം കാണാം

ഹരചരണത്തിൽ തൊഴുതിടുമെന്നാൽ
അരികിലിരിക്കും ഹരിയുടെനേരെ
അറിയാതൊരുകുറിപോലും നോക്കി –
ല്ലറിയുക, ഭേദവിചാരംമൂലം

ചന്ദ്രനെ വാഴ്ത്തുന്നോരും ചൊല്ലും
ഹന്ത! കളങ്കം കാണ്മതതേപോൽ
ചെന്താമരയെ കീർത്തിപ്പോനും
ചേറുണ്ടടിയിലതിനെന്നോതും
ഗുണമുണ്ടനവധിയെന്നാൽപോലും
കാണുംദോഷം കളയണമല്ലോ

ഒരുകുറിയതിനായാകാം വന്നൂ
ഒരുധനവാനാഗ്രാമത്തിങ്കൽ
നരഹരിയോടുപറഞ്ഞൂ വേഗം
ചെറിയൊരരഞ്ഞാണുണ്ടാക്കാമോ
അതിനു പണം ഞാൻ നിരവധി നൽകാ-
മിതുപൊഴുതൊട്ടും വൈകിക്കേണ്ടാ

അരഞ്ഞാണാർക്കാണളവെന്തെന്നും
നരഹരി ചോദിച്ചതുപൊഴുതോതി
വിഠലിനെന്നായ് തന്നെ ധനാഢ്യൻ
പറ്റില്ലെന്നായ് നരഹരിയപ്പോൾ

ശിവനു ധരിക്കാനല്ലെന്നാലി –
ങ്ങിവനതുചെയ്യാൻ തയ്യാറല്ലാ

പലകുറി ധനികൻ പലവിധമായും
പറയുകയാലെ ഹൃദയമലിഞ്ഞു
ശരി പണിയാം ഞാനളവു ഭവാൻ മേ
തരികയിതോതീ നരഹരിയത്രേ

അളവുകൊടുത്തൂ, പണിതതുചാർത്തു –
ന്നളവിലരഞ്ഞാൺ വീണൂ താഴെ

പലവുരു പല പല മാറ്റം നോക്കീ
ഫലമുണ്ടായില്ലതിനാൽ ധനികൻ
നരഹരി! താങ്കൾ സ്വയമേയതിനായ്
വരണമതല്ലാതില്ലൊരുമാർഗ്ഗം
ചൊല്ലിയിതെല്ലാം കേട്ടൊരുനേരം
തെല്ലീവിധമായ് നരഹരിയോതി
ശരിയിവനെത്താമവിടേയ്ക്കെന്നാൽ
ഹരിയുടെ നേരേ നോക്കുകയില്ലാ

ഒരുതുണികൊണ്ടെൻ മിഴിമൂടേണം
കരമിതിനാൽ ഞാനളവുകുറിക്കാം

കണ്ണുകൾ തുണിയാൽ മൂടീ നരഹരി
തിണ്ണം കോവിലിനുള്ളിൽ ചെന്നൂ

അളവിനു ബിംബത്തിന്മേൽ തൊട്ടോ –
രളവു പകച്ചൂ നരഹരിയല്പം
തൊട്ടതു പാമ്പിന്മേലെന്നുള്ളൊരു –
മ്മട്ടിൽതോന്നീട്ടവനഥ മേലെ
തലയിൽ തൊട്ടൊരു നേരം ചന്ദ്ര-
ക്കലയുടെ സമമാണെന്നും തോന്നി
ആറിന്നുള്ളിൽ കൈതൊട്ടതുപോ-
ലായി നനഞ്ഞൂ കരതലമത്രേ

നെറ്റിയിലഗ്നിസമംപോൽ ചൂടും –
തെറ്റെന്നതുപോലാടകണക്കായ്
ചുറ്റിയതോലും തൊട്ടൊരുനേരം
പറ്റീ തെറ്റെന്നറിവുമുണർന്നൂ

പണ്ടേ തൊട്ടേ വേദം പറയു –
ന്നുണ്ടിഹ രണ്ടായ് കാണരുതെന്നായ്

ഒന്നാണല്ലോ ഹരിയും ഹരനും
എന്നോർത്തീടണമെന്നും നമ്മൾ

ദൈവം പലതല്ലേകമിതോർത്തീ
ഭൂവിൽ വാഴുക നാമെല്ലാരും