Archive for June 24, 2024

കവിതയെന്തറിയില്ല, കവിയല്ല, ഹൃത്തടം
കവിയുന്ന ചിന്തകൾ പുഴപോലെയൊഴുകുന്നു

കവിത

Posted: June 24, 2024 in Uncategorized

മുറിവേറ്റ ഹൃദയത്തിൻ
മണ്ണിലായ് പാകുന്ന
കരുണതൻ വിത്തുതാൻ
കവിതയായ് തീരുന്നു

കൂരിരിട്ടുലകമാകെമൂടവേ
പാരിലാരു തുണ ഷണ്മുഖൻ സ്വയം
ഭൂരിഭീതിയകലാൻ വരേണമേ
നേരിലച്ചരണപദ്മമാശ്രയം

നാമദേവൻ

Posted: June 24, 2024 in കഥ


പണ്ടൊരുകാലത്തു പംഢർപ്പൂരെന്നപേർ
പൂണ്ടൊരുനാട്ടിലുണ്ടായിരുന്നു
നാമദേവെന്നൊരു ഭക്തൻ, വിത്തോഭ തൻ
നാമം ജപിച്ചവൻ വാണിരുന്നൂ

ഭക്തൻ്റെ നിർമ്മലഭക്തിയിൽ തൃപ്തനാ-
യെത്രയും വിസ്മയം! പാണ്ഡുരംഗൻ
പ്രത്യക്ഷനായ് വന്നു നാമദേവിന്നവൻ
മിത്രമായ് കൂടെക്കളിച്ചുവെന്നും

ഭക്തി തന്മാഹാത്മ്യം ഭാരതഭൂവിൽ പ –
രത്തുവാൻ വൈകുണ്ഠം വിട്ടുവന്നോൻ
എന്നാലാകാര്യങ്ങളെല്ലാം മറന്നപോൽ
തന്നെയും കാലം കഴിക്കാവതോ?

നാടുചുറ്റിത്തിരിച്ചെത്തുക താനെന്നായ്
നാമദേവിന്നോടു ചൊല്ലി ദേവൻ

വത്തോഭയെ വിട്ടുപോകുവാനാശയാ-
ഹൃത്താരിലില്ല തെല്ലെന്നാകിലും
യാത്രയായ് ഭക്തനാദേവൻ്റെയാജ്ഞയാൽ
ചിത്രമീഭാരതഭൂവിലെല്ലാം

ഭക്തി തന്മാഹാത്മ്യം പാടിയെല്ലാടവും
ഭക്തനാം നാമദേവൻ നടന്നൂ

പിന്നീടുപംഢർപ്പൂരിൽ തിരിച്ചെത്തയാ-
പുണ്യവാനെന്നറിഞ്ഞാഹ്ലാദത്താൽ
പാണ്ഡുരംഗൻ്റെ തൃക്കണ്ണും നിറഞ്ഞുപോയ്
പാവനമാകാഴ്ചയെന്തുചൊല്ലാൻ


ധന്യമായ് നിൻ്റെയീജന്മമീഭാരതം
ധന്യയായ് നീ ചെയ്ത സേവനത്താൽ
എന്നാലുമുണ്ടൊന്നുകൂടിചെയ്യേണ്ടതാ-
യന്നദാനം ഭൂരിസൌഖ്യപ്രദം
എന്നോതി വിത്തോഭ കേട്ടതുനേരത്തിൽ
ഖിന്നനായാരാഞ്ഞു നാമദേവും

അന്തണനല്ലാത്ത ഞാൻ വിളിച്ചീടുകിൽ
വന്നണഞ്ഞീടുമോ വിപ്രവര്യർ

വിത്തോഭ ചൊല്ലി ഞാൻ രുക്മിണീദേവിയോ –
ടൊത്തുവരാം ക്ഷണിച്ചീടുവാൻ

മർത്യരായ് ദേവിയും ദേവനുമാക്ഷണം
പ്രത്യക്ഷരായ്, മൂന്നുപേരുമൊപ്പം
അന്നദാനത്തിനായാളെക്ഷണിക്കുവാ-
നന്നാട്ടിലെല്ലാം നടന്നുവത്രേ

എല്ലാരും സദ്യയ്ക്കണഞ്ഞുവാമൂവരും
എല്ലാർക്കുമന്നം വിളമ്പിയത്രേ

വന്നവരുണ്ടതിൻ ശേഷമാമൂവരു-
മൊന്നിച്ചിരുന്നുപോലുണ്ണുവാനായ്
വിത്തോഭയും നാമദേവുമന്നം പകു –
ത്തുണ്ണുന്നതായ് ജനം കണ്ടനേരം
പറ്റിച്ചുഞങ്ങളെ ജാതിയിൽ മോശമി –
ക്കൂട്ടരെന്നായ് ശണ്ഠയ്ക്കായിറങ്ങി

തൻ ദിവ്യരൂപം ധരിച്ചു വിത്തോഭയ-
ങ്ങന്തണരത്ഭുതപ്പെട്ടുനിന്നൂ

ഹന്ത! വ്യത്യാസങ്ങളീവിധം വിപ്രരേ!
എന്തിനായ് നിങ്ങൾ പറഞ്ഞിടുന്നൂ

ഒന്നല്ലി ജീവനായെല്ലാർക്കുമുള്ളിലായ്
മിന്നുന്നതെന്തിനീജാതിഭേദം

അന്തിച്ചു ചുറ്റിലും നിന്നവർ സാദരം
വന്ദിച്ചു ഭക്തിപ്രകർഷത്തിനാൽ

ആനന്ദനർത്തനമാടി വിത്തോഭയും
സാനന്ദം രുക്‌മിണീദേവിയാടി
നാമദേവൻ മറ്റു ഭക്തരുമന്നേര-
മാമോദമോടുടൻ നൃത്തമാടി

വിശ്വത്തിലുള്ളതാമോരോവണുവിലും
ദൃശ്യമായ് വശ്യമാം നൃത്തമത്രേ