Archive for June 25, 2024

ചുങ്കമേകിടണമില്ലയെങ്കിലോ
തങ്ങിടൊല്ലയിതിസൂര്യനോതവേ
തിങ്കളിൻ്റെ മുഖമൊന്നുവാടി, വാ-
നിങ്കൽ നിന്നുടനെമാഞ്ഞുപോയവൻ

ഇരുട്ടുചുറ്റും പടരുമ്പൊഴിങ്ങുൾ –
ക്കുരുന്നിലും പേടികടന്നുവെന്നാൽ
കരുത്തുനൽകിത്തുണയായി നിൽക്കും
ഗുരുത്വ”മേകട്ടെ നമുക്കുമാർഗ്ഗം”

കവിത

Posted: June 25, 2024 in Uncategorized

നാനാവിധം വർണ്ണജാലം വരയ്ക്കുന്നു
മാനത്തുനിന്നുവന്നെത്തുന്നതാം വെട്ടം
മാനസം തന്നിലേയ്ക്കെത്തും പ്രതീക്ഷകൾ
താനേ കവിതയായ് മാറുന്നപോലവേ

രക്തേശ്വരീ! ഭക്തിഗമ്യേ! ശിവാത്മജേ!
ഭുക്തിമുക്തിപ്രദേ! ഭദ്രപ്രദേ!
രക്തബീജാരാതി! ശക്തിസ്വരൂപിണീ!
നിത്യേ! നിരഞ്ജനേ! ഭദ്രകാളി!
രക്തപുഷ്പാർച്ചിതേ! ദേവേന്ദ്രവന്ദിതേ!
മുണ്ഡമാലാധരേ! ശാന്തരൂപേ!
ഭക്തേഷ്ടദായികേ! ചിത്തേ തെളിഞ്ഞേറും
അത്തലെല്ലാം തീർത്തുകാത്തിടേണേ
നിത്യം നിരാധാരനാധാരമായ്  വാഴും
ഭദ്രേ! കൃപാലയേ! പാലയ മാം

കുടജഗിരിയിലായ് വസിച്ചിടുന്നോൾ –
ക്കുടയകൃപാബലമാശ്രയം സദാ മേ
കടമിഴിയിണയാൽ കടാക്ഷമേകി –
കടലിതുതാണ്ടിടുവാൻ തുണയ്ക്ക നിത്യം

ആകാശവീഥിയിൽ ചുറ്റിക്കറങ്ങുവാൻ
നാകലോകാധിപനാശിച്ചുവെങ്കിലും
തൂവെള്ളമേഘമാം വാഹം ലഭിക്കാതെ
പാവം വിഷണ്ണനായ് തൂകുന്ന കണ്ണുനീർ
മാരിയെന്നോണം പതിക്കവേ ചൂടെല്ലാം
മാറിയീഭൂമിയിൽ ഹർഷാതിരേകത്താൽ
ആനന്ദനർത്തനം ചെയ്യുന്നു പൂവുകൾ
തേനൂറും പുഞ്ചിരി തൂകിനിന്നീടുന്നു

ഉരുവിടും വാക്കായി വരുവതിങ്ങകതാരി –
ലുരുവായ ചിന്തതാ,  നവയാൽ വരും

ഒരുപാടുമാറ്റങ്ങളകലത്തായ് മരുവീടു –
മൊരുതാരകത്തിലുമാകയാലെ

കരുതലോടമരേണം ഹൃദയത്തിലെപ്പൊഴും
വരുവതാം ചിന്തയും നല്ലതായാൽ

വരുമേറെ മാറ്റങ്ങൾ ചുറ്റുപാടും നോവി –
ലുരുകുന്നവർക്കതാശ്വാസമേകും

മോഹനൂലിൽ

Posted: June 25, 2024 in മഞ്ജരി

നേർത്തുനേർത്തുള്ളതാം മോഹത്തിൻ നൂലിനാൽ
കോർത്തതാം സ്വപ്നമേകും ബലത്താൽ
ഹൃത്തടം നൊന്തുനീറുമ്പൊഴും വീഴാതെ
നിത്യവും മർത്യൻ വസിച്ചിടുംപോൽ
എത്രയും സൂക്ഷ്മമാം നൂലിൻ കരുത്തിനായ്
ചിത്രമീപൂവാടിടുന്നു കാൺക

https://www.facebook.com/share/v/X9YsiMxdR49KirYk/?mibextid=qi2Omg