Archive for June 26, 2024

പാരിലിരുളേറുമിരവായതുതരുന്നൂ
ഭൂരിഭയമിന്നു ഗണനാഥ! തുണ നീയേ
നേരിലണയേണമവിടുന്നു മമ ചിത്തേ
നേരിടുവതിന്നു ബലമേക കരുണാർദ്രം

ആറുമുഖനത്ഭുതചരിത്രനിവനുള്ളം
നീറുമളവെത്തി ഹൃദി വാഴ്ക കരുണാർദ്രം
ആറുകമലത്തിലുളവായ ഗുഹ! ദുഃഖം
മാറുവതിനേക തുണ, കാത്തരുൾക നിത്യം


പണ്ടാവടക്കുങ്കൂർ രാജവംശത്തിലാ-
യുണ്ടായിരുന്നൊരുഭക്തവര്യൻ

ആ മന്നവേന്ദ്രനും കൈപ്പുഴത്തമ്പാനും
സാമോദമിണ്ടംതുരുത്തിയില്ലം
തന്നിലെ വിപ്രനും ഭക്തിപുരസ്സരം
ചെന്നുപോലംബാവനത്തിലേയ്ക്കായ്

കൊല്ലൂരിൽ മൂകാംബികാസന്നിധാനത്തിൽ
നല്ലോണമമ്മയെ ദർശിക്കുവാൻ
എന്നല്ല ധ്യാനിച്ചു, കാലംകഴിക്കുവാൻ
ധന്യരാം ഭക്തർക്കു സാധിച്ചുപോൽ

മൂന്നു പേർ മൂന്നു ഭാവങ്ങളിൽ ധ്യാനിച്ചു
മന്നൻ വാഗ്ദേവിയാം വാണിയായി
കൈപ്പുഴത്തമ്പാനോ കാളിയായ് കണ്ടുപോൽ
കാർത്യായനിയെന്നായ് നമ്പ്യാതിരി

പ്രായമാകുന്നു മേ വന്നുദർശിക്കുവാ-
നായില്ല നാളെയെന്നായ് ഭവിക്കാം
ആകയാലെന്നടുത്തുണ്ടാകണം നിത്യം
മൂകാംബികേ! ദേവി! നിൻ സന്നിധി

എന്നതുകേൾക്കവേ ദേവിയും ചൊല്ലിപോൽ
വന്നിടാം നിന്നൊപ്പമെന്നായ് ദ്രുതം

നിൻ ജന്മനാടായ വൈക്കത്തവിടെയെൻ
സാന്നിദ്ധ്യമെന്നാളുമുണ്ടായ് വരും

ഭക്ത! നിൻ ഭക്തിയിൽ സംപ്രീതയായി ഞാ –
നെത്രയും നീ വാണിടുന്ന ദിക്കിൽ
എത്തിടാം തെല്ലുമേ ശങ്കിച്ചിടേണ്ട നിൻ
ഹൃത്തടം തന്നിലും ദർശിച്ചിടാം

തൻ്റെ വാൽക്കണ്ണാടി തന്നിലാവാഹിച്ചു
മുന്നിൽ തെളിഞ്ഞതാം ചൈതന്യത്തെ

പിന്നെ പ്രതിഷ്ഠിച്ചു ക്ഷേത്രമുണ്ടാക്കി തൻ
ജന്മനാട്ടിൽ തന്നെയാഭൂപനും

ദേവിയും ദേവിതൻ ഭക്തനാം നിത്യമാ-
ഭൂവിൽ ജനക്ഷേമമേകി വാഴ്‌വൂ

വൈക്കമെന്നിപ്പാരിലേറെപ്രസിദ്ധമാം
ദിക്കിലുണ്ടാദേവീക്ഷേത്രമിന്നും

ഭക്തൻ്റെ മേൽ മാരി വെയിലുമേറ്റീടാതെ
നിത്യവും കാക്കുവാൻ പാലമരം
ആ ഭക്തസന്നിധി തന്നിലായ് കണ്ടിടാം
എത്രയും വിസ്മയം തന്നെയോർത്താൽ

രക്ഷസ്സമ്മാമനായ് വാഴ്ത്തുന്നു മന്നനെ-
യക്ഷേത്രം തന്നിലായിക്കാലത്തും

ആ ക്ഷേത്രഭൂമിയിൽ ദേവിയും ദേവിയെ
നോക്കിവന്ദിക്കുന്ന ഭൂപതിയും
വന്നുകൂപ്പുവർക്കിഷ്ടങ്ങളേകി വാ –
ഴുന്നു, പോക്കുന്നു സന്താപങ്ങളും

രക്ഷസ്സമ്മാമനായ് വാഴ്ത്തുന്നു മന്നനെ-
യക്ഷേത്രം തന്നിലായിക്കാലത്തും

രക്ഷസ്സമ്മാമനെ ദേവിയെ കൂപ്പുക
രക്ഷിക്കുമാപത്തകന്നുപോകും

വിഘ്നേശ്വരൻ, ശിവൻ, ശ്രീമണികണ്ഠനും
സ്കന്ദനും, ബാലശാസ്താ, വിഷ്ണുവും
ദുർഗ്ഗാഭഗവതീപാതിരാപഞ്ചമീ
യുക്തയായ് വാഴുന്ന രക്തേശ്വരീ
ഭക്തേഷ്ടദായിനീ! ഭുക്തിമുക്തിപ്രദേ!
ശക്തിസ്വരൂപിണീ! ഭക്തിഗമ്യേ!
മംഗളേ! ഭാഗ്യദേ! സർവ്വാർത്ഥസാധികേ!
കൌളമാർഗ്ഗപ്രിയേ! ഭദ്രകാളീ !
കൈവല്യദായിനി! കാരുണ്യശാലിനീ !
കൌളിനീയസ്മത്കുലദേവതേ
പൊങ്ങും ചിദഗ്നിയിൽ ജാതയാമീശ്വരീ
തിങ്കളാസ്യേ! പദ്മപത്രനേത്രേ
ഞങ്ങൾക്കു വന്നിടും സങ്കടം പോക്കി ഹൃത് –
പങ്കജം തന്നിലായ് വാണീടണേ
കാലദോഷം നീക്കി കാത്തരുളീടണേ
കാലിണ കൂപ്പിതൊഴുന്നു ഭക്ത്യാ

കണ്ണു കൈവിട്ടിടും നേരത്തുവീഴുന്ന
കണ്ണീരിൻ നോവാരറിഞ്ഞു പാരിൽ!

ആകാശവീഥിയിൽ കാർമേഘജാലമ-
ങ്ങാദിത്യദേവനേ മൂടിയെന്നായ്
ആരുമേ മാഴ്കേണ്ട മേഘത്തിൻ മേലെയാ –
യായിരം സൂര്യന്മാരുണ്ടു നൂനം

മാരിമേഘങ്ങളില്ലെന്നാകിൽ കാണ്മതോ
മാരിവില്ലിന്നഴകേതുനാളും

കണ്ണൻ്റെ പീതാംബരംപോലെ മിന്നലും
കാണ്മതോ കാർമുകിലില്ലാത്തതാം നഭസ്സിൽ