Archive for the ‘അശ്വഗതി’ Category

ബ്രഹ്മവിവര്‍ദ്ധന! കാണ്മതുമായ, മറഞ്ഞമരും
ബ്രഹ്മ, മതിങ്ങിരുളൊക്കെയകറ്റി വളര്‍ന്നിടുവാന്‍
നന്മ നിലാവൊളിപോല്‍ പകരും ശശിപോല്‍ തെളിയാ-
നെന്മനമിന്നു നമിപ്പു മഹാബലിയായ് ഭഗവന്‍

(അശ്വഗതി)

ബ്രഹ്മം = ഏകമായ സത്യം .. പലതായി കാണുന്നതെല്ലാം മായ… അതു ഒരു മറ/ഇരുള്‍ .. വെളിച്ചം വരുമ്പോള്‍ ഇരുള്‍ മറയുന്നു… വെളിച്ചം വളരുന്നില്ല പക്ഷെ എല്ലായിടത്തും നിറയുന്ന, ആ നിലയില്‍ വളരുന്ന പ്രതീതി ജനിപ്പിക്കുന്നു.. യഥാര്‍ത്ഥത്തില്‍ വളരുന്നില്ല, വളരേണ്ടതില്ല കാരണം അതു മാത്രമേ ഉള്ളൂ.. മനസ്സില്‍ വന്നത് മഹാബലിയുടെ മുന്നില്‍ വാമനമൂര്‍ത്തി വരുന്ന രംഗം ..ഭക്തമനസ്സിന്റെ ആദ്യനാമശ്രവണം പോലെ.. പിന്നീട് അതു തന്നെയാകുന്നു, അതിന്റെ അധീനത്തിലാകുന്നു മൂന്ന് ലോകങ്ങളും … ഭക്തനെ എല്ലാ വിധത്തിലും രക്ഷിച്ചുകൊണ്ട് ഭഗവാന്‍ ഇരിക്കുന്നു..അത് ഭക്തന്‍ കാണുകയും ചെയ്യുന്നു.. ബലി മഹാബലിയാകുമ്പോള്‍ ശിരസാ നമിക്കാന്‍ മാത്രമേ ആകൂ… എല്ലാം ഈശ്വരേച്ഛ.. മര്‍ക്കടകിശോരന്യായത്തില്‍ നിന്നും മാര്‍ജ്ജാരകിശോരന്യായത്തിലേയ്ക്കുള്ള മാറ്റം

അമ്മക്കുരങ്ങിന്റെ പുറത്തു നിത്യം
ചെമ്മേയിരിക്കുന്നകുരങ്ങു താന്‍ ഞാന്‍ *
ഇമ്മട്ടിലായീടണമത്രെയേറെ
ജന്മങ്ങളായ് ഭക്തിയുറച്ചിടാനായ്

പിന്നീടു കാണാമൊരുപൂച്ച നിത്യം
തന്നുണ്ണിയെത്തേടി വരുന്ന പോലെ
വന്നെത്തുമത്രേ+ പദഭക്തി ചിത്തേ
നന്നായുറച്ചാലതുജന്മപുണ്യം

* മര്‍ക്കടകിശോരന്യായം

+ മാര്‍ജ്ജാരകിശോരന്യായം

ഭൂതമഹേശ്വര!കാണുവതാം പൊരുളൊക്കെയുമേ
ഭൂതമതില്‍ മരുവുന്നു ഭവാനതിനീശ്വരനായ്
നീ തുണയേകണമേ മമജീവനുപോകുവതാം
പാതയിലെന്‍ ഗുരുവായമരൂ സതതം ഭഗവന്‍

(അശ്വഗതി)

സ്കന്ദധരാ!+ വഴി തെറ്റിയലഞ്ഞിടുമെന്‍ ഹൃദി നീ
വന്നു നയിക്കുക, ജീവനു നല്ലതു വന്നിടുവാന്‍
നിന്‍ കരുണാബലമേകുക, ശാന്തിയണഞ്ഞിടുവാ-
നൊന്നു തുണയ്ക്കുക, ഭക്തി മനസ്സിനു നല്കിടണേ

(അശ്വഗതി)

+ ആരാണോ സ്കന്ദനെ ധരിക്കുന്നത് അവന്‍ (മനസ്സും അഞ്ചിന്ദ്രിയങ്ങളുമായി ലോകവ്യവഹാരം നടത്തുന്ന സത്യം) എന്ന സങ്കല്പത്തില്‍  

അവ്യയമാം നിധിയാണു ഭവാന്‍ മിഴികാട്ടുവതാം
സര്‍വ്വവുമൊന്നിലടങ്ങിയൊടുങ്ങുവതാണതു താന്‍
അവ്യയമായിടുമൊന്നതുതേടുവതാം നിധിയി-
ന്നേവമറിഞ്ഞു നമിപ്പു സദാ ഭഗവന്‍ ചരണം

ലക്ഷണം അഞ്ചുഭകാരമിഹാശ്വഗതിക്കൊടുവില് ഗുരുവും

– υ υ/– υ υ/– υ υ/– υ υ/– υ υ/-

സൂര്യനുമെത്തി മനസ്സിനു ശാന്തി പകര്‍ന്നിടുവാന്‍
നേരമണഞ്ഞുണരാന്‍, പുതുനാളി,തു കാണുക നീ
പാരിതിലന്യനു നന്മ നിനച്ചു കഴിച്ചിടുകില്‍
ചേരുവതായ് വരുമൂഴിയിലായ് സുഖമെപ്പൊഴുമേ

* സുന്ദരമായൊരുലോകവുമേവമൊരുക്കിയ നീ
സന്തത,മെന്നുടെ മാനസരൂപമെടുത്തതിലായ്
ചിന്തകളായതിനുള്ളിലമര്‍ന്നതറിഞ്ഞിടവേ
വന്ദനമോടു ശിരസ്സു കുനിച്ചു നമിപ്പിതു ഞാ൯

* സമസ്യാപൂരണം

പാരിതിലുണ്മതിരഞ്ഞു വലഞ്ഞു മടുത്തകമേ
കൂരിരുളുള്ളതകറ്റിടുവാന്‍ വഴി തേടുകയാം
കാരണകാര്യവിവേചനമൊക്കെയകറ്റി ശിവേ
നേര്‍ വഴി കാട്ടുക, മാമകഹൃത്തിലണഞ്ഞിടു നീ

ശാശ്വതമായ സുഖം ഭുവി മര്‍ത്ത്യനണഞ്ഞിടുവാന്‍
നശ്വരമാമുലകത്തിലനശ്വരനായിടുവാന്‍
ഈശ്വരചിന്തമനസ്സിലുണര്‍ന്നിടുവാനിഹ ഞാ-
നീശ! തൊഴാം തവ പാദയുഗം കനിയൂ സദയം