Archive for the ‘അഷ്ടാവക്രഗീത’ Category

അഷ്ടാവക്ര ഉവാച

ഭാവാഭാവവികാരാശ്ച
സ്വഭാവാദിതി നിശ്ചയീ
നിര്‍വികാരോ ഗതക്ലേശഃ
സുഖേനൈവോപശാമ്യതി (1)

അഷ്ടാവക്രന്‍ പറഞ്ഞു

ഭാവാഭാവം വികാരങ്ങ-
ളറിഞ്ഞീടൂ സ്വഭാവമായ്
ക്ലേശമറ്റു വികാരങ്ങള്‍
വിട്ടു ശാന്തിയണഞ്ഞിടൂ (1)

ഈശ്വരഃ സര്‍വനിര്‍മ്മാതാ
നേഹാന്യ ഇതി നിശ്ചയീ
അന്തര്‍ഗളിതസര്‍വാശഃ
ശാന്തഃ ക്വാപി ന സജ്ജതേ (2)

എല്ലാം നിര്‍ മ്മിച്ചതീശന്‍ താ-
നില്ല മറ്റാരും നിശ്ചയം
ഇതറിഞ്ഞോരനാസക്ത-
നാശ വിട്ടിട്ടു ശാന്തനാം (2)

ആപദഃ സം പദഃ കാലേ
ദൈവദേവേതി നിശ്ചയീ
തൃപ്തഃ സ്വസ്ഥേന്ദ്രിയോ നിത്യം
ന വാഞ്ഛതി ന ശോചതി (3)

സമ്പത്താപത്തുകാലങ്ങള്‍
ഭാഗ്യമെന്നതുറച്ചവന്‍
ശാന്തനാം തൃപ്തനാണെന്നു-
മാശയില്ലൊരുദുഃഖവും (3)

സുഖദുഃഖേ ജന്മമൃതു
ദൈവാദൈവേതി നിശ്ചയീ
സാധ്യാദര്‍ ശീ നിരായാസഃ
കുര്‍ വ്വന്നപി ന ലിപ്യതേ (4)

ജന്മമൃതു സുഖം ദുഃഖം
ദൈവനിശ്ചയമെന്നപോല്‍
അറിഞ്ഞു ചെയ്ക കര്‍ മ്മങ്ങള്‍
തൊടുകില്ലവ ചെയ്കിലും (4)

ചിന്തയാ ജായതേ ദുഃഖം
നാന്യഥേഹേതി നിശ്ചയീ
തയാ ഹീനഃ സുഖീ ശാന്തഃ
സര്‍ വ്വത്ര ഗളിതസ്പൃഹഃ (5)

ചിന്തയാല്‍ വന്നിടും ദുഃഖം
മറ്റൊന്നാലല്ല നിശ്ചയം
ചിന്തയറ്റാശ വിട്ടുള്ളോന്‍
സുഖിച്ചീടുന്നു ശാന്തനായ് (5)

നാഹം ദേഹോ ന മേ ദേഹോ
ബോധോƒഹമിതി നിശ്ചയീ
കൈവല്യം ഇവ സം പ്രാപ്തോ
ന സ്മരത്യകൃതം കൃതം (6)

ദേഹമല്ലയെനിക്കില്ല
ദേഹമെന്നുമുറച്ചവന്‍
ചെയ്ത കര്‍ മ്മങ്ങള്‍ ചെയ്യാതെ
യുള്ളതൊക്കെ സ്മരിച്ചീടാ (6)

ആബ്രഹ്മസ്തം ബപര്യന്തം
അഹമേവേതി നിശ്ചയീ
നിര്‍ വികല്പഃ ശുചിഃ ശാന്തഃ
പ്രാപ്താപ്രാപ്തവിനിര്‍ വൃതഃ (7)

ആബ്രഹ്മതൃണപര്യന്തം
താനെന്നുള്ളിലുറച്ചവന്‍
വികല്പമറ്റുനഷ്ടങ്ങള്‍
ചിന്തിക്കാ ശാന്തനെപ്പൊഴും (7)

നാനാശ്ചര്യമിദം വിശ്വം
ന കിം ചിദിതി നിശ്ചയീ
നിര്‍വാസനഃ സ്പൂര്‍ത്തിമാത്രോ
ന കിം ചിദിവ ശാമ്യതി (8)

ആശ്ചര്യകരമാം വിശ്വ-
മൊന്നുമല്ലെന്നുറച്ചവന്‍
വാസന വിട്ടു ചിദ്രൂപന്‍
ശാന്തനായിട്ടമര്‍ന്നിടും (8)

നേരത്തെയുള്ള അദ്ധ്യായങ്ങളില്‍ ഒന്നും തന്നെ ത്യജിക്കാന്‍ ഇല്ല എന്ന് പറഞ്ഞ അഷ്ടാവക്രമഹര്‍ഷി തന്നെ ഈ അദ്ധ്യായത്തില്‍ ത്യജിക്കാന്‍ തന്നെയാണ്,സൂചിപ്പിക്കുന്നത്…പക്ഷെ അത് എല്ലാം വിട്ടു പോകുന്ന സന്യാസം എന്ന നിലയില്‍ അല്ല, എല്ലാ വ്യാപൃതനായ് തന്നെ ചെയ്യേണ്ട ആന്തരികമായ ത്യാഗം എന്ന നിലയില്‍ ആണ്. ചൈനീസ് സിദ്ധാന്തങ്ങളില്‍ പറയുന്ന wu-wei യും സെന്‍ മാസ്റ്ററുടെ പരമോന്നതമായ അവസ്ഥയും ആയാണ്  ഞാന്‍ മനസ്സിലാക്കുന്നത്

അഷ്ടാവക്ര ഉവാച

വിഹായ വൈരിണം കാമ-
മര്‍ത്ഥം  ചാനര്‍ത്ഥസംകുലം
ധര്‍മ്മമപ്യേതയോര്‍ ഹേതും
സര്‍വത്രാനാദരം കുരു (1)

അഷ്ടാവക്രന്‍ പറഞ്ഞു

വിട്ടീടൂ കാമമനര്‍ത്ഥം
നല്കീടുമര്‍ത്ഥവുമൊപ്പം
രണ്ടിന്നും ഹേതുവായീടും
ധര്‍മ്മത്തെയും വിട്ടുകൊള്‍ക (1)

സ്വപ്നേന്ദ്രജാലവത് പശ്യ
ദിനാനി ത്രീണി പഞ്ച വാ
മിത്രക്ഷേത്രധനാഗാര-
ദാരാദയാദി സമ്പദഃ (2)

മിത്രം ഭൂമി ധനം ദാരാ-
യെന്നീ സമ്പാദ്യമൊക്കെയും
ചില നാളില്‍ മറഞ്ഞീടും
കാണ്‌ക സ്വപ്നമായ് മായയായ് (2)

യത്ര യത്ര ഭവേത്തൃഷ്ണാ
സം സാരം വിദ്ധി തത്ര വൈ
പ്രൌഢവൈരാഗ്യാമാശ്രിത്യ
വിതതൃഷ്ണഃ സുഖീ ഭവ (3)

തൃഷ്ണ കാണുന്നിടം തന്നെ
സം സാരം നീ ധരിച്ചിടൂ
വൈര്യാഗ്യമൊന്നിനാല്‍ തൃഷ്ണ
വിട്ടു നീ നേടു സൌഖ്യവും (3)

തൃഷ്ണാമാത്രാത്മകോ ബന്ധ-
സ്തന്നാശോ മോക്ഷ ഉച്യതേ
ഭവാസംസക്തിമാത്രേണ
പ്രാപ്തി തുഷ്ടിര്‍മുഹുര്‍മുഹുഃ (4)

തൃഷ്ണ ബന്ധമതിന്‍ നാശം
മോക്ഷവെന്നത്രെ ചൊല്വതും
ആസക്തിയറ്റുവെന്നാലോ
നിത്യാനന്ദം ലഭിച്ചിടും (4)

ത്വമേകശ്ചേതനഃ ശുദ്ധോ
ജഡം വിശ്വമസത്തഥാ
അവിദ്യാപി ന കിഞ്ചിത്സാ
കാ ബുഭുത്സാ തഥാപി തേ (5)

ശുദ്ധചേതനയാകും നീ
ജഡം ലോകമസത്തു താന്‍
ഉണ്മയല്ലതവിദ്യാ താ-
നെന്നാല്‍ ജിജ്ഞാസയെന്തിനായ് (5)

രാജ്യം സുതാഃ കളത്രാണി
ശരീരാണി സുഖാനി ച
സം സക്തസ്യാപി നഷ്ടാനി
തവ ജന്മനി ജന്മനി (6)

രാജ്യം സുതര്‍ കളത്രങ്ങള്‍
ശരീരം സുഖമെന്നിവ
ആസക്തിയോടെ വാണിട്ടും
എത്ര ജന്മത്തില്‍ നഷ്ടമായ് (6)

അലമര്‍ത്ഥേന കാമേന
സുകൃതേനാപി കര്‍മ്മണാ
ഏഭ്യഃ സംസാരകാന്താരേ
ന വിശ്രാമഭൂന്മനഃ (7)

അര്‍ത്ഥകാമങ്ങളും കര്‍മ്മം
വേണ്ടാ സുകൃതമാകിലും
സംസാരകാനനം തന്നില്‍
മനശ്ശാന്തി തരില്ലിവ (7)

കൃതം ന കതി ജന്മാനി
കായേന മനസാ ഗിരാ
ദുഃഖമായാസദം കര്‍മ്മ
തദദ്യാപ്യുപരമ്യതാം (8)

ദേഹത്താല്‍ മനസാ വാക്കാല്‍
ചെയ്തു ജന്മാന്തരേ കര്‍മ്മം
ദുഃഖമേകുന്നതെല്ലാമി-
ന്നിപ്പോള്‍ നീയതു വിട്ടിടൂ (8)

പലജന്മത്തിലും ചെയ്തു
കര്‍മ്മങ്ങള്‍ പല മട്ടിലും
ദുഃഖമേകുമറിഞ്ഞിട്ടി-
ന്നിപ്പോള്‍ നീയതു വിട്ടിടൂ (8)

അഷ്ടാവക്ര ഉവാച
കൃതാകൃതേ ച ദ്വന്ദ്വാനി
കദാ കാന്താനി കസ്യ വാ
ഏവം ജ്ഞാത്വേഹ നിര്‍ വേദാദ്-
ഭവ ത്യാഗപരോƒവ്രതീ (1)
അഷ്ടാവക്രന്‍ പറഞ്ഞു
ചെയ്തതും ചെയ്യുവാനായി-
ട്ടുള്ളതും ശാന്തമായിടാ
ആര്‍ക്കുമെന്നതറിഞ്ഞിട്ടു
വൈരാഗ്യാത് വ്രതവും വിടൂ (1)

കസ്യാപി താത ധന്യസ്യ
ലോകചേഷ്ടാവലോകനാത്
ജീവിതേച്ഛാ ബുഭുക്ഷാ ച
ബുഭുത്സോപശമഃ ഗതാഃ (2)

ലോകചേഷ്ടകളും കണ്ട
ധന്യനാമാര്‍ക്കു താന്‍ വത്സ
ജീവിതേച്ഛയും ഭോഗത്തി-
ന്നാശയും കെട്ടുപോവത്? (2)

അനിത്യം സര്‍ വ്വമേവേദം
താപത്രിതയദൂഷിതം

അസാരം നിന്ദിതം ഹേയ-
മിതി നിശ്ചിത്യശാമ്യതി (3)

കാണ്മതെല്ലാമനിത്യം താന്‍
(താപത്രയത്താല്‍ ദൂഷിതം)
താപം മൂന്നാലെ ദൂഷിതം
നിന്ദ്യം ത്യാജ്യമസാരം താ-
നെന്നുറയ്ക്കുകില്‍ ശാന്തമാം  (3)

കോƒസൌ കാലോ വയഃ കിം വാ
യത്ര ദ്വന്ദ്വാനി നോ നൃണാം
താനുപേക്ഷ്യ യഥാപ്രാപ്ത-
വര്‍ത്തീ സിദ്ധിമവാപ്നുയാത് (4)

ഏതു പ്രായത്തേതു കാലം
ദ്വന്ദ്വമില്ലാതെയാം നൃണാം
അതു വിട്ടു വരുന്നോനോ
സിദ്ധിയും വന്നു ചേര്‍ന്നിടും (4)

നാനാമതം മഹര്‍ഷീണാം
സാധൂനാം യോഗിനാം തഥാ
ദൃഷ്ട്വാ നിര്‍ വേദമാപന്നഃ
കോ ന ശാമ്യതി മാനവഃ (5)

സാധുവും യോഗിയും ഋഷി-
വര്യനും ചൊല്ലും മതങ്ങള്‍
പലതായ് കണ്ടു വൈരാഗ്യം
വന്നാലാതാര്‍ക്കേയടങ്ങാ (5)

കൃത്വാ മൂര്‍ത്തിപരിജ്ഞാനം
ചൈതന്യസ്യ ന കിം ഗുരുഃ
നിര്‍ വേദസമതായുക്ത്യാ
യസ്താരയതി സംസൃതേഃ (6)

ചൈതന്യത്തെയറിഞ്ഞിട്ടു
വൈരാഗ്യം സമതായുക്തി
യെന്നീമൂന്നാലെ ലോകവും
കടക്കുന്നാരവന്‍ ഗുരു (6)

പശ്യ ഭൂതവികാരാം സ്ത്വം
ഭൂതമാത്രാന്‍ യഥാര്‍ഥത
തത്ക്ഷണാദ്ബന്ധനിര്‍മുക്തഃ
സ്വരൂപസ്ഥോ ഭവിഷ്യസി (7)

കാണ്മതായുള്ളതെല്ലാമേ
പഞ്ചഭൂതങ്ങള്‍ മാത്രമായ്
ഉറച്ചാലക്ഷണം തന്നെ
മുക്തനാം സ്വരൂപസ്ഥനാം (7)

വാസനാ ഏവ സംസാര

ഇതി സര്‍വ്വാ വിമുഞ്ച താഃ
തത്ത്യാഗോ വാസനാത്യാഗാത്-
സ്ഥിതിരദ്യ യഥാ തഥാ (8)

വാസന തന്നെയീലോക-
മതു വിട്ടീടു പൂര്‍ ണ്ണമായ്
വാസനാത്യാഗം ലോകത്തിന്‍
ത്യാഗമായേവം വാഴ്ക നീ (8)

അഷ്ടാവക്ര ഉവാച

തദാ ബന്ധോ യദാ ചിത്തം
കിം ചിദ് വാഞ്ഛതി ശോചതി
കിം ചിന്മുഞ്ചതി ഗൃഹ്‌ണാതി
കിം ചിദ്ധൃഷ്യതി കുപ്യതി (1)

അഷ്ടാവക്രന്‍ പറഞ്ഞു

മനസ്സിന്നാശ താന്‍ ബന്ധം
ദുഃഖിച്ചീടുന്നതും തഥാ
നേട്ടവും ത്യാഗവും പിന്നെ
സന്തോഷം കോപമാവതും (1)

തദാ മുക്തിര്‍ യദാ ചിത്തം
ന വാഞ്ഛതി ന ശോചതി
ന മുഞ്ചതി ന ഗൃഹ്‌ണാതി
ന ഹൃഷ്യതി ന കുപ്യതി (2)

ആശിക്കാ, ശോകമായീടാ
ത്യജിക്കാ, തന്നിലേറ്റിടാ
സന്തോഷിക്കാതെ, കോപിക്കാ
മനമെന്നതു മോക്ഷമാം (2)

തദാ ബന്ധോ യദാ ചിത്തം
സക്തം കാസ്വപി ദൃഷ്ടിഷു
തദാ മോക്ഷോ യദാ ചിത്ത-
മസക്തം സര്‍വ്വദൃഷ്ടിഷു (3)

ആസക്തി കാണ്മതില്‍ ചിത്തേ
വന്നെന്നാലതു ബന്ധമാം
ആസക്തി വന്നിടാ ചിത്തേ
യെന്നാകിലതു മോക്ഷമാം (3)

യദാ നാഹം തദാ മോക്ഷോ
യദാഹം ബന്ധനം തദാ
മത്വേതി ഹേലയാ കിഞ്ചി-
ന്മാ ഗൃഹാണ വിമുഞ്ച മാ (4)

ഞാനില്ലയെന്നതാം മോക്ഷം
ഞാനുണ്ടാവുകില്‍ ബന്ധനം
ഇതറിഞ്ഞൊന്നിനേയും നീ
ഗ്രഹിക്കൊല്ല ത്യജിക്കൊലാ (4)

ആറും ഏഴും അദ്ധ്യായം ഒരേ പോലെ തോന്നാം …ഞാന്‍ മനസ്സിലാക്കുന്ന വ്യത്യാസം ഇത്: അഷ്ടാവക്രമഹര്‍ഷിയുടെ ത്യജിക്കാന്‍ ഒന്നും ഇല്ല എന്ന ഉപദേശം ജനകമഹാരാജാവ് സ്വാംശീകരിക്കുന്നതാണ് ആറാമദ്ധ്യായത്തില്‍ കണ്ടത്.. ഈ അദ്ധ്യായത്തില്‍ ആ ഭാവസ്ഥിതി അവതരിപ്പിക്കുകയാണ്… ആറാമദ്ധ്യായം ആ അവസ്ഥയിലേക്കുള്ള പ്രവേശനമാണെങ്കില്‍ ഏഴാമദ്ധ്യായം ആ ആവസ്ഥയില്‍ നില്ക്കുന്നതാണ്)

കഥയുടെ പശ്ചാത്തലം അനുസരിച്ച് തികഞ്ഞ കര്‍മ്മയോഗിയും സത്യം സ്വയം അറിഞ്ഞ രാജര്‍ഷിയുമാണ് ജനകമഹാരാജാവ്. ആ മഹാരാജാവിനു ഗുരുവിന്റെ ഉപദേശം ഒരു നിമിത്തം മാത്രമാണ്. സ്വയം അറിഞ്ഞ നിജസ്ഥിതിയില്‍ സത്യപ്രകാശം തെളിച്ചു കാട്ടുക; ആ സ്ഥിതിയില്‍ ശിഷ്യനെ ഉറപ്പിച്ചു നിര്‍ത്തുക മാത്രമാണ് ഗുരു ചെയ്യേണ്ടതും ചെയ്യുന്നതും

ജനക ഉവാച
മയ്യനന്തമഹാം ഭോധൌ
വിശ്വപോത ഇതസ്തതഃ
ഭ്രമതി സ്വാന്തവാതേന
ന മമാസ്ത്യസഹിഷ്ണുതാ (1)

ജനകന്‍ പറഞ്ഞു
അന്തമറ്റാഴിയാമെന്നില്‍
വിശ്വമാം തോണിയെങ്ങുമേ
ചുറ്റുന്നു കാലമാം കാറ്റി-
ലസഹിഷ്ണുതയില്ല മേ (1)

മയ്യനന്തമഹാംഭോധൌ
ജഗദ്വീചീ സ്വഭാവതഃ
ഉദേതുവാസ്തമായാതു
ന മേ വൃദ്ധിര്‍ ന ച ക്ഷതിഃ (2)

അന്തമറ്റാഴിയാമെന്നില്‍
വിശ്വമാം തിര പൊങ്ങിടും
വീണുപോം തനിയേ തന്നേ
രണ്ടുമുണ്ടാവതില്ല മേ (2)

അന്തമറ്റാഴിയാമെന്നില്‍
വിശ്വമാം തിര പൊങ്ങിടും
വീണുപോം തനിയേ തന്നേ

വൃദ്ധി, നാശവുമില്ലമേ (2)

മയ്യനന്തമഹാംഭോധൌ
വിശ്വം നാമ വികല്പനാ
അതിശാന്തോ നിരാകാര
ഏതദേവാഹമാസ്ഥിതഃ (3)

അന്തമറ്റാഴിയാമെന്നില്‍
വിശ്വം കല്പനമാത്രമാം
അതിശാന്തന്‍ നിരാകര-
നേവമുള്ളതു തന്നെ ഞാന്‍  (3)

നാത്മാ ഭാവേഷു നോ ഭാവ-
സ്തത്രാനന്തേ നിരജ്ഞനേ
ഇത്യസക്തോƒസ്പൃഹഃ ശാന്ത
ഏതദേവാഹമാസ്ഥിതഃ (4)

ഭാവമല്ലാത്മാ നിരഞ്ജന്‍
ഭാവമില്ലാ ശാന്തനായി
ബന്ധവും സംഗവും വിട്ടി-
ട്ടേവമുള്ളതു തന്നെ ഞാന്‍ (4)

അഹോ ചിന്മാത്രമേവാഹം
ഇന്ദ്രജാലോപമം ജഗത്
ഇതി മമ കുതം കുത്ര
ഹേയോപാദേയകല്പനാ (5)

ചിത്തൊന്നു തന്നെ ഞാന്‍ ലോക-
മിന്ദ്രജാലം കണക്കിനേ
ഇതറിഞ്ഞോരെനിക്കുണ്ടോ
ചിന്ത നേടാന്‍ ത്യജിക്കുവാന്‍ (5)

ജനക ഉവാച

ആകാശവദനന്തോƒഹം
ഘടവത് പ്രാകൃതം ജഗത്
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (1)

ജനകന്‍ പറഞ്ഞു

ആകാശം പോലനന്തം ഞാന്‍
ലോകമോ കുടമെന്നപോല്‍
അറിഞ്ഞാലില്ലെടുക്കാനായ്
ത്യജിച്ചീടാന്‍ ലയിക്കുവാന്‍ (1)

മഹോദധിരിവാഹം സ
പ്രപഞ്ചോ വീചിസന്നിഭഃ
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (2)

സാഗരം പോലെയാം ഞാനീ
ലോകമോ തിരയെന്നപോല്‍
അറിഞ്ഞാലില്ലെടുക്കാനായ്
ത്യജിച്ചീടാന്‍ ലയിക്കുവാന്‍ (2)

അഹം സ ശുക്തി സങ്കാശോ
രൂപ്യവദ് വിശ്വകല്പനാ
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (3)

ചിപ്പിപോലെയഹം ലോകം
വെള്ളി പോല്‍ തോന്നിടുന്നതും
അറിഞ്ഞാലില്ലെടുക്കാനായ്
ത്യജിക്കാനായ് ലയിക്കുവാന്‍ (3)

അഹം വാ സര്‍വഭൂതേഷു
സര്‍വഭൂതാന്യഥോ മയി
ഇതി ജ്ഞാനം തഥൈതസ്യ
ന ത്യാഗോ ന ഗ്രഹോ ലയഃ (4)

ഞാനുണ്ടെല്ലാത്തിലും സര്‍ വ-
മെന്നിലെന്നുമറിഞ്ഞിടില്‍
illayonnumeടുക്കാനായ്
ത്യജിച്ചീടാന്‍ ലയിക്കുവാന്‍ (4)

അഷ്ടാവക്ര ഉവാച

ന തേ സംഗോƒസ്തി കേനാപി

കിം ശുദ്ധസ്ത്യക്തുമിച്ഛസി

സംഘാതവിലയം കുര്‍വ്വ-

ന്നേവമേവ ലയം വ്രജ (1)

അഷ്ടാവക്രന്‍ പറഞ്ഞു

സംഗമില്ലാത്ത ശുദ്ധന്‍ നീ

ത്യജിക്കാനിച്ഛയെന്തിനായ്

സംഘാതവിലയം ചെയ്തി-

ട്ടേവം തന്നെ ലയിച്ചിടൂ (1)

* സംഘാതവിലയം = സംഘാതമായതിനെ (പഞ്ചഭൂതങ്ങള്‍ ചേര്‍ന്നുണ്ടായ ദേഹം അതിലുള്ള അഭിമാനം ) വിലയിപ്പിക്കുക (അലിച്ചു കളയുക)

ത്യജിക്കാന്‍ ഇവിടെ ഒന്നും തന്നെ ഇല്ല… തനെന്നൊന്ന് വേറെ ആയിട്ടുണ്ടെന്നും ചിലത് തന്റെയും ചിലത് അന്യവും ആകുമ്പോള്‍ ആണല്ലോ ത്യജിക്കേണ്ടി വരുന്നത്… ത്യജിക്കേണ്ടാ, ആ സങ്കല്പം അലിഞ്ഞില്ലാണ്ടായാല്‍ ലയം സ്വാഭാവികം

ഉദേതി ഭവതോ വിശ്വം

വാരിധേരിവ ബുദ്ബുദഃ

ഇതി ജ്ഞാത്വൈകമാത്മാന-

മേവമേവ ലയം വ്രജ (2)

കടലില്‍ ബുദ്ബുദം പോലെ

ഉദിപ്പൂ നിന്നില്‍ ലോകവും

അതറിഞ്ഞേകമാം തന്നില്‍

ലയിച്ചീടുകിതേവിധം  (2)

പ്രത്യക്ഷമപ്യവസ്തുത്വാദ്

വിശ്വം നാസ്ത്യമലേ ത്വയി

രജ്ജുസര്‍ പ്പ ഇവ വ്യക്തം

ഏവമേവ ലയം വ്രജ (3)

പ്രത്യക്ഷമാകിലും വിശ്വം

നിന്നിലില്ലതുമിഥ്യതാന്‍

രജ്ജുസര്‍പ്പം കണക്കെന്നാ-

യറിഞ്ഞേവം ലയിച്ചിടൂ (3)

സമദുഃഖസുഖപൂര്‍ണ്ണ

ആശാനൈരാശ്യയോ സമഃ

സമജീവിതമൃത്യു: സ-

ന്നേവമേവ ലയം വ്രജ (4)

സുഖം ദുഖമതേപോലെ-

യാശാ നൈരാശ്യവും സമം

ജീവിതം മൃത്യുവും തുല്യ-

മേവം തന്നെ ലയിച്ചിടൂ (4)

ജനക ഉവാച

ഹന്താത്മജ്ഞാനധീരസ്യ
ഖേലതോ ഭോഗലീലയാ
നഹി സംസാരവാഹീകൈര്‍
മൂഢൈഃ സഹ സമാനതാ (1)

ജനകന്‍ പറഞ്ഞു
സംസാരത്തെ ചുമന്നീടും
മൂഢനെപ്പോലെയായിടാ
ഭോഗലീലയിലായാലു-
മാത്മജ്ഞാനമുണര്‍ന്നവന്‍ (1)

യത് പദം പ്രേപ്സവോ ദീനാഃ
ശക്രാദ്യാഃ സര്‍വ്വദേവതാഃ
അഹോ തത്ര സ്ഥിതോ യോഗി
ന ഹര്‍ഷമുപഗച്ഛതി (2)

ഇന്ദ്രാദി ദേവരും കഷ്ട-
പ്പെട്ടെത്താനായ് കൊതിച്ചിടും
ആ പദം തന്നിലായിട്ടും
സന്തോഷിക്കില്ല യോഗികള്‍  (2)

തജ്ജ്ഞസ്യ പുണ്യപാപാഭ്യാം
സ്പര്‍ ശോ ഹ്യന്തര്‍ ന ജായതേ
ന ഹ്യാകാശസ്യ ധൂമേന
ദൃശ്യമാനാപി സംഗതി (3)

പുണ്യപാപാദി തൊട്ടീടു-
ന്നില്ല പോല്‍ ജ്ഞാനി തന്‍ മനം
മാനത്തു കാണ്മതാം ധൂമം
തൊടുന്നില്ലതിലെന്ന പോല്‍ (3)

ആത്മൈവേദം ജഗത്സര്‍വം
ജ്ഞാതം യേന മഹാത്മനാ
യദൃച്ഛയാ വര്‍ത്തമാനം
തം നിഷേദ്ധും ക്ഷമേത കഃ (4)
ആത്മാവായി ജഗത്തെല്ലാ-
മറിഞ്ഞീടും മഹാത്മാവോ
താനായ് തന്നെയമര്‍ന്നീടും
തടുക്കാനാര്‍ക്കുമായിടാ (4)

ആബ്രഹ്മസ്തംബപര്യന്തേ
ഭൂതഗ്രാമേ ചതുര്‍വിധേ
വിജ്ഞസൈവ ഹി സാമര്‍ത്ഥ്യ-
മിച്ഛാനിച്ഛാവിവര്‍ജ്ജനേ (5)

ബ്രഹ്മാദിതൃണപര്യന്തം
നാലായ് കാണുന്ന ജീവനില്‍
ഇഷ്ടാനിഷ്ടം ത്യജിക്കാനായ്
ജ്ഞാനിക്കേ സാദ്ധ്യമായിടൂ (5)

ആത്മാനമദ്വയം കശ്ചി-
ജ്ജാനാതി ജഗദീശ്വരം
യദ് വേത്തി തത്സകുരുതേ
ന ഭയം തസ്യ കുത്രചിത് (6)

ആരൊരാളറിയുന്നാത്മാ
രണ്ടല്ലീശനതെന്നുമായ്
അറിവൊത്തേ പ്രവര്‍ത്തിക്കൂ
ഭയം കാണില്ലയെങ്ങുമേ (6)

അഷ്ടാവക്ര ഉവാച

അവിനാശിനമാത്മാനം
ഏകം വിജ്ഞായ തത്ത്വതഃ
തവാത്മജ്ഞാനധീരസ്യ
കഥമര്‍ത്ഥാര്‍ത്ഥനേ രതിഃ (1)

അഷ്ടാവക്രന്‍ പറഞ്ഞു
നാശമില്ലാത്തതാമാത്മാ-
വേകമെന്നറിയും ഭവാന്‍
ധീരനെന്നാല്‍ ധനത്തിനാ-
യാശയെങ്ങിനെ വന്നുപോയ് (1)

ആത്മാജ്ഞാനാദഹോ പ്രീതിര്‍
വിഷയഭ്രമഗോചരേ
ശുക്തേരജ്ഞാനതോ ലോഭോ
യഥാ രജതവിഭ്രമേ (2)

ചിപ്പി കാണാത്തതിന്നാലേ
വെള്ളിയില്‍ ഭ്രമമേറിടാം

ആത്മജ്ഞാനം മറഞ്ഞെന്നാല്‍

വിഷയത്തില്‍ ഭ്രമിച്ചിടാം (2)

വിശ്വം സ്ഫുരതി യത്രേദം
തരംഗാ ഇവ സാഗരേ
സോƒഹമസ്മീദി വിജ്ഞായ
കിം ദീന ഇവ ധാവസി (3)

ആഴിയിലല പോലത്രെ
വിശ്വമുള്ളിലറിഞ്ഞു നീ
ദീനനെ പോലെയോടാനായ്
ഹേതുവെന്തെന്നു ചൊല്കെടോ (3)

ആഴിയിലല പോല്‍ വിശ്വം
നിന്നിലാണെന്നറിഞ്ഞ നീ
ദീനനെന്നു ധരിച്ചേവം
പായുന്നെന്തിനു നിത്യവും (3)

ശ്രുത്വാപി ശുദ്ധചൈതന്യ-
മാത്മാനമതിസുന്ദരം
ഉപസ്ഥേƒത്യന്തസംസക്തോ
മാലിന്യമധിഗച്ഛതി (4)

ശുദ്ധചൈതന്യമത്യന്തം
സുന്ദരം തന്നെ താന്‍ സ്വയം
കാമാസക്തിയതിന്നാലേ
മാലിന്യം കാണ്മതേവമായ് (4)

സര്‍വ്വഭൂതേഷു ചാത്മാനം
സര്‍വ്വഭൂതാനി ചാത്മനി
മുനേര്‍ ജാനത ആശ്ചര്യം
മമത്വമനുവര്‍ത്തതേ (5)

സ്വര്‍വ്വജീവനിലും തന്നെ
തന്നിലാണവരെന്നുമായ്
കാണ്മതാകും മുനിയ്ക്കും ഹാ
കാണ്മൂ മമതയുള്ളതായ് (5)

ആസ്ഥിതഃ പരമാദ്വൈതം
മോക്ഷാര്‍ത്ഥേƒപി വ്യവസ്ഥിതഃ
ആശ്ചര്യം കാമവശഗോ
വികലഃ കേളിശിക്ഷയാ (6)

പരമാദ്വൈതിയായാലും
മോക്ഷാര്‍ ത്ഥിയാകിലും നരന്‍
കാമത്തിനടിമപ്പെട്ടെ-
ന്നാലേ ദുര്‍ബലനായിടും  (6)

ഉദ്ഭൂതം ജ്ഞാനദുര്‍മിത്ര-
മവധാര്യാദി ദുര്‍ബലഃ
ആശ്ചര്യം കാമമാകാംക്ഷേത്
കാലമന്തമനുശ്രിതഃ (7)

പൊങ്ങി വന്നിടുമാകാമം
ശത്രുവെന്നു ധരിക്കിലും
ദുര്‍ബലന്നന്ത്യകാലത്തും
കാമത്തിന്നുകൊതിപ്പു ഹാ (7)

ഇഹാമുത്ര വിരക്തസ്യ
നിത്യാനിത്യവിവേകിനഃ
ആശ്ചര്യം മോക്ഷകാമസ്യ
മോക്ഷാദേവ വിഭീഷികാ (8)

നിത്യാനിത്യമറിഞ്ഞോനും
വിരക്തനായിരിപ്പോനും
മോക്ഷമാശിച്ചിടാമെന്നാല്‍
മോക്ഷം ഭീതിയുമേകിടും (8)

ധീരസ്തു ഭോജ്യമാനോƒപി
പീഡ്യമാനോƒപി സര്‍വദാ
ആത്മാനം കേവലം പശ്യന്‍
ന തുഷ്യതി ന കുപ്യതി (9)

ധീരന്‍ സുഖം ഭുജിച്ചാലും
നോവിക്കപ്പെട്ടുവെങ്കിലും
ആത്മാ താനെന്നറിഞ്ഞൊട്ടും
കോപം കാട്ടില്ല മോദവും (9)

ചേഷ്ടമാനം ശരീരം സ്വം
പശ്യത്യന്യശരീരവത്
സംസ്തവേ ചാപി നിന്ദായാം
കഥം ക്ഷുഭ്യേത് മഹാശയഃ (10)

ചേഷ്ട കാട്ടുന്നതാം ദേഷം
തന്റെയല്ലെന്നു കാണ്മവന്‍
സ്തുതിയും നിന്ദയും കേട്ടാല്‍
ക്ഷോഭിച്ചീടുന്നതെങ്ങിനെ? (10)

മായാമാത്രമിദം വിശ്വം
പശ്യന്‍ വിഗതകൌതുകഃ
അഹി സന്നിഹിതേ മൃത്യൌ
കഥം ത്രസ്യതി ധീരധീഃ (11)

വിശ്വത്തെ മായയായ് കണ്ടു
കൌതുകം പോയ ധീരനു
മൃത്യുവന്നെത്തിയെന്നാലും
ഭീതിയെങ്ങിനെ വന്നിടും  (11)

നിസ്പൃഹം മാനസം യസ്യ
നൈരാശ്യേƒപി മഹാത്മനഃ
തസ്യാത്മജ്ഞാനതൃപ്തസ്യ
തുല്യതാ കേന ജായതേ (12)

ആശയൊന്നിലുമില്ലാതെ
സ്പൃഹയറ്റിട്ടു തൃപ്തനായ്
ആത്മജ്ഞാനം രസിപ്പോനു
തുല്യമായുള്ളതെന്തെടോ (12)

സ്വഭാവാദ് ഇവ ജാനാനോ
ദൃശ്യമേതന്ന കിം ചന
ഇദം ഗ്രാഹ്യമിദം ത്യാജ്യം
സ കിം പശ്യതി ധീരധീഃ (13)

ദൃശ്യമായൊക്കെയും മിഥ്യ-
യെന്നറിഞ്ഞൊരു ധീരനോ
നേടാന്‍ കാണുകയില്ലൊന്നും
ത്യജിക്കാനില്ലയൊന്നുമേ (13)

അംതസ്ത്യക്തകഷായസ്യ
നിര്‍ദ്വന്ദസ്യ നിരാശിഷഃ
യദൃച്ഛയാ ഗതോ ഭോഗോ
ന ദുഃഖായ ന തുഷ്ടയേ (14)

ഉള്ളിലെ ചേറു മാറ്റീട്ടു
ദ്വൈതബോധമകന്നവന്‍
യദൃച്ഛയാ രമിച്ചാലും
ദുഃഖം കാണില്ല മോദവും (14)

ജനകഃ ഉവാച

അഹോ നിരഞ്ജനഃ ശാന്തോ
ബോധോഹം പ്രകൃതേഃ പരഃ
ഏതാവന്തമഹം കാലം
മോഹേനൈവ വിഡംബിതഃ (1)

ജനകന്‍ പറഞ്ഞു

നിര്‍മ്മലബോധമഹോ ഞാന്‍
ശാന്തന്‍ പ്രകൃതിയ്ക്കതീതന്‍
ഇത്രകാലവും മോഹത്താല്‍
വഞ്ചിക്കപ്പെട്ടതാണു പോല്‍ (1)

യഥാ പ്രകാശയാമ്യേകോ
ദേഹമേനം തഥാ ജഗത്
അതോ മമ ജഗത്സര്‍ വ്വ-
മഥവാ ന ച കിംചന (2)

എപ്രകാരം പ്രകാശിപ്പൂ
ദേഹം ലോകമതേവിധം
അതിനാല്‍ ലോകമെന്റേതാ-
ണല്ലായ്കിലില്ലയൊന്നുമേ (2)

സശരീരമഹോ വിശ്വം
പരിത്യജ്യ മയാധുനാ
കുതശ്ചിത് കൌശലാദേവ
പരമാത്മാ വിലോക്യതേ (3)

ശരീരമതു പോല്‍ വിശ്വം
ത്യജിച്ചിട്ടിന്നു ഞാനഹോ
ഏതോ കൌശലത്താലിന്നു
പരമാത്മാവിനെ കാണ്മൂ (3)

യഥാ ന തോയതോ ഭിന്നാ-
സ്തരംഗാ ഫേനബുദ്ബുദാഃ
ആത്മനോ ന തഥാ ദിന്നം
വിശ്വമാത്മവിനിര്‍ഗ്ഗതം  (4)

പതയും തിരയും വെള്ളം
ബുദ്ബുദം വേറെയായിടാ
ആത്മാവില്‍ നിന്നു വന്നോരീ
വിശ്വവും വേറെയല്ല പോല്‍  (4)

തന്തുമാത്രോ ഭവേദേവ
പടോ യദ്വത് വിചാരിതഃ
ആത്മതന്മാത്രമേവേദം
തദ്വത് വിശ്വം വിചാരിതം (5)

വസ്ത്രമായ് കാണ്മതോര്‍ ത്താലോ
നൂലുതാനെന്നപോലവേ
വിശ്വമായ് കാണ്മതെല്ലാമേ
ആത്മാവുതന്നെയാണു പോല്‍ (5)

യഥൈവേക്ഷുരസേ കൃപ്താ
തേന വ്യാപ്തൈവ ശര്‍ ക്കരാ
തഥാ വിശ്വം മയി കൃപ്തം
മയാ വ്യാപ്തം നിരന്തരം (6)

ശര്‍ ക്കരയ്ക്കുള്ളില്‍ വ്യാപിച്ചു-
ണ്ടിക്ഷുവിന്‍ രസമെന്നപോല്‍
എന്നില്‍ കാണുന്നതാം ലോകേ
നിറഞ്ഞീടുന്നു ഞാന്‍ സദാ (6)

അത്മാƒജ്ഞാനാജ്ജഗദ് ഭാതി
ആത്മജ്ഞാനാന്ന ഭാസതേ
രജ്ജ്വജ്ഞാനാദഹിര്‍ ഭാതി
തജ്ജ്ഞാനാത് ഭാസതേ ന ഹി (7)

ആത്മജ്ഞാനം വിനാ കാണ്മൂ
ലോകമല്ലായ്കിലില്ല പോല്‍

പാശം കാണും വരേ കാണ്മൂ

പാമ്പ,റിഞ്ഞാലതില്ല പോല്‍  (7)

പ്രകാശം മേ നിജം രൂപം
നാതിരിക്തോƒസ്മ്യഹം തതഃ
യദാ പ്രകാശതേ വിശ്വം
തദാഹം ഭാസ ഏവ ഹി (8)

പ്രകാശം താന്‍ നിജം രൂപം
മറ്റേതും തന്നെയല്ല ഞാന്‍
ലോകം കാണുപ്പെടും പോല്‍ താന്‍
ഞാനും കാണായ് വരുന്നതും (8)

അഹോ വികല്പിതം വിശ്വ-
മജ്ഞാനാന്മയി ഭാസതേ
രൂപ്യം ശുക്തൌ ഫണീ രജ്ജൌ
വാരീ സൂര്യകരേ യഥാ (9)

അഹോ കല്പന താന്‍ വിശ്വം
അജ്ഞാനത്താലെ കാണ്മു ഞാന്‍
ചിപ്പിയില്‍ വെള്ളിയും പാശേ
പാമ്പും കാണായ് വരുന്നപോല്‍ (9) <<<

മത്തോ വിനിര്‍ ഗതം വിശ്വം
മയ്യേവ ലയമേഷ്യതി
മൃദി കും ഭോ ജലേ വീചീഃ
കനകേ കടകം യഥാ (10) <<<

അലയാഴിയ്ക്കകം പാത്രം
മണ്ണില്‍ സ്വര്‍ ണ്ണത്തിലോ വള
ചേരുമെന്നില്‍ പിറന്നോരീ
വിശ്വമെന്നിലുമവ്വിധം  (10) <<<

വള പൊന്നില്‍ കുടം മണ്ണില്‍
ലയിക്കുന്നലയാഴിയില്‍
ചേരുമെന്നില്‍ പിറന്നോരീ
വിശ്വമെന്നിലുമവ്വിധം  (10) <<<

അഹോ അഹം നമോ മഹ്യം
വിനാശോ യസ്യ നാസ്തി മേ
ബ്രഹ്മാദിസ്തം ബപര്യന്തം
ജഗന്നാശോƒപി തിഷ്ഠതഃ (11)

ബ്രഹ്മാദിതൃണപര്യന്തം
നശിച്ചീടുന്നനേരവും
നാശമില്ലാതെ കാണുന്നോ-
രെനിയ്ക്കായെന്റെ വന്ദനം (11)

അഹോ അഹം നമോ മഹ്യം
ഏകോഹം ദേഹവാനപി
ക്വചിന്ന ഗന്താ നാഗന്താ
വ്യാപ്യ വിശ്വമവസ്ഥിതഃ (12)

അനേകദേഹമായേകന്‍
പോകുന്നില്ലയൊരേടവും
വിശ്വേ വ്യാപിച്ചു കാണുന്നോ-
രെനിയ്ക്കായെന്റെ വന്ദനം (12)

അഹോ അഹം നമോ മഹ്യം
ദക്ഷോ നാസ്തീഹ മത്സമഃ
അസംസ്പൃശ്യ ശരീരേണ
യേന വിശ്വം ചിരം ധൃതം (13)

സ്പര്‍ശിച്ചീടാതെ ലോകത്തെ
ധരിച്ചീടുന്നെനിക്കഹോ
തുല്യനായില്ല ദക്ഷന്‍ ഞാ-
നെനിയ്ക്കായെന്റെ വന്ദനം (13)

അഹോ അഹം നമോ മഹ്യം
യസ്യ മേ നാസ്തി കിംചന
അഥവാ യസ്യ മേ സര്‍ വ്വം
യദ് വാങ്മനസഗോചരം (14)

വാക്കാല്‍ മനസ്സാലെയും ഞാ-
നറിഞ്ഞീടുവതെന്റെ താന്‍
അല്ലയെന്നാകിലില്ലൊന്നു-
മെനിയ്ക്കായെന്റെ വന്ദനം (14)

ജ്ഞാനം ജ്ഞേയം തഥാ ജ്ഞാതാ
ത്രിതയം നാസ്തി വാസ്തവം
അജ്ഞാനാദ് ഭാതി യത്രേദം
സോƒഹമസ്മി നിരഞ്ജനഃ (15)

അറിയേണ്ടതറിഞ്ഞോനു-
മറിവും വേറെയല്ലപോല്‍
അജ്ഞാനത്താലെ തോന്നുന്നു
ഞാനോ മാലിന്യമറ്റവന്‍ (15)

ദ്വൈതമൂലമഹോ ദുഃഖം
നാന്യത്തസ്യാƒസ്തി ഭേഷജം
ദൃശ്യമേതത്മൃഷാ സര്‍ വ്വം
ഏകോƒഹം ചിദ്രസോമലഃ (16))

ദുഃഖത്തില്‍ കാരണം ദ്വൈതം
മിഥ്യയിക്കാണ്മതൊക്കെയും
ആനന്ദരൂപമാം ബോധ-
മല്ലാതില്ലത്രെയൌഷധം   (16)

ബോധമാത്രോƒഹമജ്ഞാനാദ്
ഉപാധിഃ കല്പിതോ മയാ
ഏവം വിമൃശതോ നിത്യം
നിര്‍വികല്പേ സ്ഥിതിര്‍ മമ (17)

ബന്ധനം ഭ്രമ,മജ്ഞാനം
മൂലം ഞാന്‍ ബോധമൊന്നു താന്‍
ഏവമെന്നുമുറച്ചോരു
നിര്‍വികല്പത്തിലാണു ഞാന്‍ (17)

ന മേ ബന്ധോƒസ്തി മോക്ഷോ വാ
ഭ്രാന്തിഃ ശാന്തോ നിരാശ്രയാ
അഹോ മയി സ്ഥിതം വിശ്വം
വസ്തുതോ ന മയി സ്ഥിതം (18)

എന്നിലാണത്രെയീലോക-
മെന്നാലെന്നിലുമല്ല ഞാന്‍
ഭ്രമമില്ലാത്തവന്‍ ശാന്തന്‍
ബന്ധമോക്ഷാദിയില്ല മേ (18)

സശരീരമിദം വിശ്വം
ന കിം ചിദിതി നിശ്ചിതം
ശുദ്ധചിന്മാത്ര ആത്മാ ച
തത്‌കസ്മിന്‍ കല്പനാധുനാ (19)

ദേഹം ലോകവുമെന്നെല്ലാം
കാണ്മതില്ലാത്തതാണു പോല്‍
ശുദ്ധചിത്താകുമാത്മാവി-
ലെങ്ങിതെല്ലാം നിനയ്ക്കണം (19)

ശരീരം സ്വര്‍ഗ്ഗനരകൌ
ബന്ധമോക്ഷൌ ഭയം തഥാ
കല്പനാമാത്രമേവൈതത്
കിം മേ കാര്യം ചിദാത്മനഃ (20)

ശരീരം സ്വര്‍ ഗ്ഗനരകം
ബന്ധമോക്ഷാദികള്‍ ഭയം
ചിത്തായീടുമെനിക്കില്ലാ
ഭ്രമം മാത്രമിതൊക്കെയും (20)

അഹോ ജനസമൂഹേƒപി
ന ദ്വൈതം പശ്യതോ മമ
അരണ്യമിഹ സംവൃത്തം
ക്വ രതിം കരവാണ്യഹം (21)

ജനക്കൂട്ടത്തിലായാലും
ദ്വൈതം കാണുന്നതില്ല ഞാന്‍
കാടു പോല്‍  കാണ്മു ഞാനെല്ലാം
എന്തിനോടു രമിക്കണം (21)

നാഹം ദേഹോ ന മേ ദേഹോ
ജീവോ നാഹമഹം ഹി ചിത്
അയമേവ ഹി മേ ബന്ധ
ആസീദ്യാ ജീവിതേ സ്പൃഹാ (22)

ദേഹമല്ല,തെനിക്കില്ല
ജീവനല്ലിതു ബോധമാം
ജീവിച്ചീടണമെന്നുള്ള
മോഹമാം ബന്ധകാരണം (22)

അഹോ ഭുവനകല്ലോലൈര്‍
വിചിത്രൈര്‍ ദ്രാക് സമുത്ഥിതം
മയ്യനന്തമഹാംഭോധൌ
ചിത്തവാതേ സമുദ്യതേ (23)

മഹാസാഗരമാമെന്നില്‍
ചിത്തം കാറ്റായി വീശവേ
തിരയായ് വന്നിടുന്നുണ്ടീ
ലോകമെന്നുള്ളതത്ഭുതം (23)

മയ്യനന്തമഹാം ഭോധൌ
ചിത്തവാതേ പ്രശാമ്യതി
അഭാഗ്യാജ്ജീവവണിജോ
ജഗത്‌പോതോ വിനശ്വരഃ (24)

മഹാസാഗരമാമെന്നില്‍
ചിത്താം കാറ്റു ശമിക്കവേ
ജീവനാകും വണിക്കിന്റെ
വിശ്വനൌക നശിച്ചു പോം (24)

മയ്യനന്തമഹാം ഭോധാ
വാശ്ചര്യം ജീവവീചയഃ
ഉദ്യന്തി ഘ്നന്തി ഖേലന്തി
പ്രവിശന്തി സ്വഭാവതഃ (25)

മഹാസാഗരമാമെന്നില്‍
ജീവനാം തിരമാലകള്‍
പൊങ്ങിപ്പോരാടിവീഴുന്നു
തന്‍ സ്വഭാവം കണക്കിനേ (25)